പ്രമോദ് സാവന്ത്
പനജി: കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പറുദീസയായ ഗോവയില്‍ ഇക്കുറിയും ബിജെപി അധികാരത്തിലേക്ക്. നിലവില്‍ 20 സീറ്റുകളില്‍ മുന്നേറുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റുകൂടി മതി. ഇതിനായി സ്വതന്ത്രരേയും ചെറുകക്ഷികളേയും കൂട്ടുപിടിച്ച് അധികാരം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാമ്പ്. വ്യാഴാഴ്ച തന്നെ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതാക്കള്‍ അവകാശവാദമുന്നയിക്കും.
ഏറ്റവും വലിയ ഒറ്റക്കക്ഷി അല്ലാതിരുന്നിട്ടും കഴിഞ്ഞതവണ കോണ്‍ഗ്രസിനെ കാഴ്ചക്കാരാക്കി ഭരണം പിടിച്ചെടുത്ത അതേ മാര്‍ഗമാണ് ബിജെപി ഇത്തവണയും സ്വീകരിക്കുന്നത്. 2017-ല്‍ വെറും 13 സീറ്റുകള്‍ മാത്രം നേടിയാണ് ബിജെപി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷം തികച്ച് അധികാരത്തിലെത്തിയത്. ഗോവയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം കൃത്യമായി വീക്ഷിച്ച് തന്ത്രങ്ങള്‍ പയറ്റാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചെറുകക്ഷികളുമായും വിജയിച്ച സ്വതന്ത്രരുമായും ബിജെപി ചര്‍ച്ചകള്‍ സജീവമാക്കിയതായാണ് വിവരം.
കഴിഞ്ഞ തവണ 17 സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് നിലവില്‍ മുന്നേറുന്നത് 12 സീറ്റുകളില്‍ മാത്രമാണ്. മൂന്ന് സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യവും മുന്നിലാണ്. ആറിടങ്ങളില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
മുമ്പ് ഗോവയില്‍ ബിജെപി എന്നാല്‍ മനോഹര്‍ പരീക്കറായിരുന്നു. എന്നാല്‍ ഇത്തവണ പരീക്കറില്ലാതെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി, 2017ലേതിനെക്കാള്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാംതവണയാണ് ബിജെപി ഗോവയില്‍ അധികാരത്തിലേക്കെത്തുന്നത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തന്നെയായിരിക്കും പുതിയ സര്‍ക്കാരിനേയും നയിക്കുക.
ഗോവയിലെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ സാധിക്കാതിരുന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ബിജെപി വിരുദ്ധ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തിലേക്കും ആം ആദ്മിയും പാര്‍ട്ടിയിലേക്കും വിഭജിച്ചുപോയതും കോണ്‍ഗ്രസിന് വിനയായി. തൃണമൂലും ആം ആദ്മി പാര്‍ട്ടിയും ശക്തമായി കളത്തിലിറങ്ങിയപ്പോഴും മനോഹര്‍ പരീക്കറിന്റെ കീഴില്‍ ഏകീകരിക്കപ്പെട്ട ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് അധികം വിള്ളലുണ്ടാക്കാനായില്ല. 60 ശതമാനം വരുന്ന ഹിന്ദു വോട്ടുകളില്‍ കണ്ണുനട്ട് ഗോദയിലിറങ്ങിയ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുമില്ല.
പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും കഴിഞ്ഞ തവണ കോണ്‍ഗ്രസില്‍നിന്ന് വിജയിച്ച 17 സ്ഥാനാര്‍ഥികളില്‍ 15 പേരും പാര്‍ട്ടിവിട്ട രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസിന് തിരിച്ചടിയായി. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടതിന് ശേഷം ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ലെന്നാണ് ജനവിധി വ്യക്തമാക്കുന്നത്. നേരത്തെ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യത്തിലായതും പരീക്കറുടെ മരണത്തോടെ ബിജെപിയില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ തുണയ്ക്കുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയും അസ്ഥാനത്തായി.
കഴിഞ്ഞ തവണത്തെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും കോണ്‍ഗ്രസിന് എല്ലാം പിഴയ്ക്കുകയായിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ ചാക്കിട്ടുപിടുത്തം ഭയന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളേയും റിസോട്ടിലേക്ക് മാറ്റിയും ഗവര്‍ണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചും കോണ്‍ഗ്രസ് നേതൃത്വം അമിത ആത്മവിശ്വാസം കാണിച്ചു. എന്നാല്‍ ഇതിനെല്ലാം അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. കോണ്‍ഗ്രസിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ഗോവയിലെ ജനം വിധിയെഴുതി.
കൂടുവിട്ട് കൂടുമാറ്റം തകൃതിയായി നടക്കുന്ന ഗോവയില്‍ കഴിഞ്ഞതവണ ജയിച്ച 40 എംഎല്‍എമാരില്‍ 24 പേരും അഞ്ച് വര്‍ഷത്തിനിടെ കൂറുമാറിയിരുന്നു. 17 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രില്‍ നിന്നുള്ള ഒഴുക്ക് അവസാനിച്ചപ്പോള്‍ അവശേഷിച്ചത് രണ്ട് എംഎല്‍എമാര്‍ മാത്രം. 13 പേര് ജയിച്ച ബിജെപി അഞ്ച് വര്‍ഷത്തിനിടെ അംഗബലം 26 ആക്കി ഉയര്‍ത്തി. മൂന്ന് എംഎല്‍എമാരുണ്ടായിരുന്ന എംജിപിയാണ് കഴിഞ്ഞ തവണ പരീക്കര്‍ സര്‍ക്കാരിന്റെ വാഴ്ചയ്ക്ക് തുണയായത്. ആ എംജിപിയേയും ബിജെപി പിളര്‍ത്തി രണ്ട് പേരെ അടര്‍ത്തിയെടുത്തിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷവും ഗോവയിലെ സ്ഥിതിഗതികള്‍ പ്രവചനാതീതമാകുമെന്നാണ് ഗോവയുടെ രാഷ്ട്രീയ ചരിത്രം നല്കുന്ന സൂചന.
Content Highlights: BJP Set To Score Hattrick, Party Leaders Will Meet Governor Today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..