Pushkar Singh Dhami, Charanjit Singh Channi, Harish Rawat, Navjot Singh Sidhu | Photo: ANI
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും പാര്‍ട്ടി അധ്യക്ഷന്മാരും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ക്ക് തോല്‍വി. പഞ്ചാബില്‍ രണ്ടു സീറ്റില്‍ മത്സരിച്ച നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ചരണ്‍ജിത് സിങ് ഛന്നി രണ്ടിടത്തും തോറ്റു. ഉത്തരാഖണ്ഡില്‍ നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും തോല്‍വി രുചിച്ചു. സിറ്റിങ് സീറ്റായ ഖാത്തിമയില്‍ മത്സരിച്ച ധാമി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
പഞ്ചാബില്‍ ചംകോര്‍ സാഹിബ് മണ്ഡലത്തിലും ബര്‍ണാല ജില്ലയിലെ ബദൗര്‍ മണ്ഡലത്തിലുമാണ് ചരണ്‍ജിത് സിങ് ഛന്നി മത്സരിക്കാനിറങ്ങിയത്. എന്നാല്‍ രണ്ടിടത്തും ദയനീയ തോല്‍വി ഏറ്റുവാങ്ങി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിക്ക് ഒപ്പം ചേര്‍ന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ അമരീന്ദർ സിങ്ങിനും വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പട്യാലയില്‍ 19873 വോട്ടുകള്‍ക്കാണ് ക്യാപ്റ്റന്‍ തോറ്റത്.
അമൃത്സര്‍ ഈസ്റ്റില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു 6750 വോട്ടുകള്‍ക്ക് തോറ്റു. ശിരോമണി അകാലിദളിന്റെ ബിക്രം സിങ് മജീദിയ മൂന്നാം സ്ഥാനത്തായി. എഎപി സ്ഥാനാര്‍ഥി ജീവന്‍ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. മുന്‍മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദലും ജലാലാബാദില്‍ മത്സരിച്ച പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദലും തോറ്റു.
ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോഴും സിറ്റിങ് സീറ്റായ ഖാത്തിമയില്‍ മത്സരിച്ച പുഷ്‌കര്‍ സിങ് ധാമിയുടെ തോല്‍വി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായി. കോണ്‍ഗ്രസിലെ ഭുവന്‍ചന്ദ്ര കപാരിയോടാണ് ധാമി തോറ്റത്. ലാല്‍ഖുവ മണ്ഡലത്തില്‍ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തും തോറ്റു. ഗംഗോത്രിയില്‍ മത്സരിച്ച എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് കോത്തിയാലും തോല്‍വി രുചിച്ചു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു സ്വന്തം തട്ടകമായ തംകുഹി രാജില്‍ തോറ്റു. ഈ സീറ്റില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയായ ലല്ലു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളായിരുന്നു. ഗോവയില്‍, മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ പനജിയില്‍ തോറ്റു.
Content Highlights: five state election: pushkar singh dhami, Harish Rawat, Charanjit Singh Channi, navjot singh sidhu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..