ഉത്തർ പ്രദേശ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മഥുരയിൽനിന്ന്| Photo: PTI
ഉത്തര്‍പ്രദേശില്‍ ഒന്നാമങ്കം കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ 58 മണ്ഡലങ്ങളിലായി വ്യാഴാഴ്ചനടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് 60.17 ശതമാനം. യോഗി ആദിത്യനാഥ് ജയിച്ച 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്നുശതമാനം കുറവ്. അന്ന് രേഖപ്പെടുത്തിയത് 64.56 ശതമാനം. സമാജ്വാദി പാര്‍ട്ടി ജയിച്ച 2012-ല്‍ 60.17 ശതമാനമായിരുന്നു പോളിങ്. മായാവതിയുടെ ബി.എസ്.പി. ജയിച്ച 2007-ല്‍ 48.26 ശതമാനവും.
ബുലന്ദ് ശഹര്‍, ബാഗ്പത്, ഹാപുര്‍, മഥുര, മീററ്റ്, മുസാഫര്‍നഗര്‍, ശാംലി എന്നിവിടങ്ങളില്‍ പോളിങ് കൂടിയപ്പോള്‍ നോയിഡ, ഗാസിയാബാദ്, ആഗ്ര, അലിഗഢ് എന്നിവിടങ്ങളില്‍ കുറഞ്ഞു. 2017-ല്‍ ഈ 58 സീറ്റുകളില്‍ 53-ഉം നേടിയത് ബി.ജെ.പി.യാണ്. എസ്.പി.ക്കും ബി.എസ്.പി.ക്കും രണ്ടുവീതവും ആര്‍.എല്‍.ഡി.ക്ക് ബാക്കി ഒന്നും ലഭിച്ചു. 2012-ലാകട്ടെ ബി.ജെ.പി.-10, എസ്.പി.-14, ബി.എസ്.പി.-20, ആര്‍.എല്‍.ഡി.-8, കോണ്‍ഗ്രസ്-4 എന്നിങ്ങനെയായിരുന്നു നില. മുസാഫര്‍ നഗര്‍ കലാപത്തിനുപിന്നാലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മേഖലയിലെങ്ങും മുന്നേറ്റമുണ്ടാക്കി. കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രമായിമാറിയ പടിഞ്ഞാറന്‍ യു.പി.യില്‍ പക്ഷേ, ഇത്തവണ അത്ര ആധിപത്യമില്ല ബി.ജെ.പി.ക്ക്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും സോഷ്യലിസ്റ്റ് നേതാവ് അജിത്ത് സിങ്ങിന്റെ മകന്‍ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളും തമ്മിലുള്ള സഖ്യം വന്‍ മത്സരമാണ് ബി.ജെ.പി.ക്കെതിരേ ഇവിടെങ്ങും കാഴ്ചവെക്കുന്നത്.
ബി.ജെ.പി.യുടെ വിധി
ബി.ജെ.പി. ഭരണം നിലനിര്‍ത്തിയാല്‍ മൂന്നുദശാബ്ദത്തിനുള്ളില്‍ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുന്ന വ്യക്തിയായി യോഗി ആദിത്യനാഥ് മാറും. നരേന്ദ്രമോദിക്കുപിന്നാലെ ബി.ജെ.പി.യില്‍ ആധിപത്യംസ്ഥാപിക്കുന്ന ശക്തിയുമാവും അദ്ദേഹം. 312 സീറ്റുമായി ബി.ജെ.പി. യു.പി.യില്‍ അധികാരത്തിലേറുമ്പോഴാണ് യോഗി ആദിത്യനാഥ് ചിത്രത്തിലേക്ക് വന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി യോഗി എത്തി. ഇത്തവണ നിയമസഭാ മത്സരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനൊപ്പം ചേര്‍ത്തുനിര്‍ത്തിയാണ് യോഗി ആദിത്യനാഥിന്റെ പേരും പ്രചാരണരംഗത്തുള്ളത്. ഹിന്ദുവിന്റെ ആത്മാഭിമാനം, ക്രമസമാധാനം, സുരക്ഷ എന്നിവ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. എങ്ങും പ്രചാരണം നടത്തുന്നത്. എസ്.പി.യുടെ കാലത്തെ ഗുണ്ടാരാജ് ചൂണ്ടിക്കാട്ടിയാണിത്. യാദവ് ഇതര ഒ.ബി.സി., ജാടവ് ഇതര ദളിത്, മുന്നാക്കവിഭാഗം എന്നിവരെ കൂട്ടിച്ചേര്‍ത്താണ് ബി.ജെ.പി. വോട്ടിന്റെ അടിസ്ഥാനം രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, യോഗി ആദിത്യനാഥിന്റെ താക്കൂര്‍ പ്രേമം ചൂണ്ടിക്കാട്ടിയാണ് എതിരാളികള്‍ ഹിന്ദുക്കളിലെ പിന്നാക്കക്കാരെ മുഴുവന്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വിഭാഗീയത വളര്‍ത്തിയാണ് വോട്ടുനേടിയതെന്ന എസ്.പി. സഖ്യത്തിന്റെ പ്രചാരണം ഫലംകണ്ടു എന്നതും വാസ്തവമാണ്. കര്‍ഷകസമരത്തിനു പിന്നാലെ മുസ്ലിങ്ങളും ജാട്ടുകളും തമ്മിലുള്ള അകലം കുറഞ്ഞു. അതിനാല്‍ത്തന്നെ മഥുര, കാശി വിഷയങ്ങള്‍ ഇത്തവണ ബി.ജെ.പി. വലുതായി പുറത്തെടുത്തിട്ടില്ല. ബി.ജെ.പി.ക്കെതിരേ ഭരണത്തിനെതിരായ വികാരമൊന്നും വലിയതോതില്‍ ഇല്ലെങ്കിലും താഴെത്തട്ടില്‍ തൊഴിലില്ലായ്മ, കാര്‍ഷികപ്രതിസന്ധി, ജീവല്‍പ്രശ്‌നങ്ങള്‍ എന്നിവ പ്രകടമാണ്. കോവിഡും സാമ്പത്തികപ്രതിസന്ധിയും തീര്‍ത്ത ഈ വിഷയങ്ങളില്‍ ആരെയും കുറ്റപ്പെടുത്താനാവില്ലെങ്കിലും ഈ പ്രശ്‌നം ഭരണത്തിനെതിരേ എങ്ങനെ ബാധിക്കുമെന്നതാവും വിധിനിര്‍ണയിക്കുക. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ചില സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം സമ്മതിക്കുന്നത് ഇതിനാലാണ്. എങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാനാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
സമാജ് വാദി പാര്‍ട്ടിയുടെ വിധി
മായാവതിയുടെ ബി.എസ്.പി.യുടെ മൗനത്തിന്റെ സഹായത്താല്‍ ബി.ജെ.പി.യുടെ പ്രധാന എതിരാളിയായിരിക്കയാണ് അഖിലേഷ് യാദവിന്റെ എസ്.പി. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാന്‍ കഴിയാതിരുന്ന അഖിലേഷല്ല ഇപ്പോള്‍. ശ്രീകൃഷ്ണന്റെ സമുദായമാണ് തന്റേതെന്നു പറഞ്ഞു വോട്ടുതേടുന്ന അഖിലേഷ് ഉടക്കിനിന്നിരുന്ന അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടിയുമായി യോജിപ്പിലെത്തി. ഒപ്പം അച്ഛന്‍ മുലായം സിങ് യാദവിനെ തിരശ്ശീലയ്ക്കുപിന്നിലേക്ക് തള്ളി നേതൃസ്ഥാനം കൈപ്പിടിയിലാക്കി.
പിന്നാക്കക്കാരെയും മുന്നാക്കക്കാരെയും ഉള്‍പ്പെടുത്തി ബി.ജെ.പി. വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് അഖിലേഷിന്റെ ശ്രമം. ഇത് പരമ്പരാഗതമായ മുസ്ലിം-യാദവ വോട്ടുബാങ്കിന് ശക്തിപകരുമെന്ന് അഖിലേഷ് കരുതുന്നു. ഓം പ്രകാശ് രാജ്ഭറിന്റെ എസ്.ബി.എസ്.പി., ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി. എന്നിവയുമായി സഖ്യമുണ്ടാക്കിയും മുതിര്‍ന്ന ഒ.ബി.സി. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിങ് സൈനിയും ബി.ജെ.പി.വിട്ട് എസ്.പി.യിലെത്തിച്ചും അഖിലേഷ് മിടുക്കുകാട്ടി.
വികസനം, പ്രാദേശിക സമ്പദ്വ്യവസ്ഥ, കൃഷി, ഉപജീവനം തുടങ്ങിയ വിഷയത്തിലൂന്നിയാണ് എസ്.പി.യുടെ പ്രചാരണം. എങ്കിലും യാദവ് വിഭാഗത്തെ വികസനത്തിന്റെ പ്രതീകമാക്കി ചെറുകക്ഷികളുമായി കൂട്ടുകൂടിയുള്ള അഖിലേഷിന്റെ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള പ്രചാരണത്തിലെ പോരായ്മയും അതുതന്നെ.
മറ്റു ഘടകങ്ങള്‍
എത്ര വോട്ടുകള്‍ മൗനത്തിലാണ്ട് മായാവതിയുടെ ബി.എസ്.പി.ക്ക് പോകും എന്നതായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. ജാടവ്-ദളിത് വോട്ടുകളെല്ലാം ബി.എസ്.പി.തന്നെ സമാഹരിക്കും. ബി.എസ്.പി.യുടെ വോട്ടുവിഹിതം എത്ര തകര്‍ച്ചയിലും 20 ശതമാനത്തില്‍ താഴ്ന്നിട്ടില്ല. ജാടവ് ഇതര ദളിതര്‍ക്ക് ബി.ജെ.പി.യോടിപ്പോള്‍ മമതയില്ല. അതുപോലെ എസ്.പി.യോടും ഇല്ല. ഇത് ബി.ജെ.പി.യുടെ വോട്ടുവിഹിതം കുറയ്ക്കുമെന്നാണ് എസ്.പി.യുടെ പ്രതീക്ഷയെങ്കിലും എസ്.പി.ക്ക് ആ വോട്ട് കിട്ടില്ലെന്നും മായാവതി അതു നേടിയാല്‍ പ്രശ്‌നമില്ലെന്നുമാണ് ബി.ജെ.ണ്ടപി.യുടെ മനോഗതി. കോണ്‍ഗ്രസും രംഗത്തുണ്ടെങ്കിലും പ്രിയങ്കയുടെ പ്രചാരണം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
അപ്നാദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി, ജാതി, കാര്‍ഷിക പ്രശ്‌നങ്ങള്‍, കോവിഡ് കാലത്തെ കാര്‍ഷിക പ്രതിസന്ധി, കരിമ്പുകര്‍ഷകരുടെ സംഭരണവില നല്‍കാഞ്ഞത്, അലഞ്ഞുതിരിയുന്ന പശുക്കള്‍ തുടങ്ങിയ ഘടകങ്ങളും ഓരോ മണ്ഡലത്തിലെയും വിധി നിര്‍ണയിക്കും.
content highlights: uttar pradesh assembly election first phase analysis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..