ചന്നിയോ മാനോ ? പഞ്ചാബിൽ നേർക്കുനേർ പോരാട്ടം


ഷൈന്‍ മോഹന്‍

ഇപ്പോഴത്തെ ഭരണകക്ഷിയും പ്രതിപക്ഷവും അതേപോലെ തുടരുമോ അതോ അധികാരം മാറിമറിയുമോ എന്നാണ് ഇനിയറിയാനുള്ളത്.

പ്രതീകാത്മക ചിത്രം

ആം ആദ്മി പാര്‍ട്ടിക്കുപിന്നാലെ കോണ്‍ഗ്രസും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പഞ്ചാബില്‍ തിരഞ്ഞെടുപ്പുചിത്രം തെളിഞ്ഞു. ഇപ്പോഴത്തെ മുഖ്യമന്ത്രികൂടിയായ കോണ്‍ഗ്രസിന്റെ ചരണ്‍ജീത് സിങ് ചന്നിയും ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് സിങ് മാനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് പഞ്ചാബിലെന്ന് ഏറക്കുറെ ഉറപ്പായി. ഇപ്പോഴത്തെ ഭരണകക്ഷിയും പ്രതിപക്ഷവും അതേപോലെ തുടരുമോ അതോ അധികാരം മാറിമറിയുമോ എന്നാണ് ഇനിയറിയാനുള്ളത്. ഒപ്പം, ദീര്‍ഘകാലം പഞ്ചാബ് ഭരിച്ച ശിരോമണി അകാലിദളും കോണ്‍ഗ്രസുവിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ഒപ്പംകൂട്ടിയ ബി.ജെ.പി.യും ചില പ്രതീക്ഷകളിലാണ്.

ShineMohan
കോണ്‍ഗ്രസിന് ചന്നിയില്‍ പ്രതീക്ഷ; വെല്ലുവിളി സിദ്ദു

മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ചരണ്‍ജീത് സിങ്ങിനെ പ്രഖ്യാപിക്കാന്‍ രാഹുല്‍ഗാന്ധിതന്നെ കഴിഞ്ഞദിവസം ലുധിയാനയിലെത്തിയത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ചന്നിയോട് ഇടഞ്ഞുനിന്ന സംസ്ഥാനാധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെയും പാര്‍ട്ടിയുമായി മുഷിച്ചിലില്‍നിന്നിരുന്ന മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖഡിനെയും ഒപ്പമിരുത്തി മഞ്ഞുരുക്കാന്‍ രാഹുലിന് കഴിഞ്ഞു. രാഹുല്‍ ഗാന്ധിയും സുനില്‍ ജാഖഡും ചന്നിയും സിദ്ദുവും ഒരു കാറിലെത്തിയതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റിയും കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിച്ച ചന്നിയുടെ ജനപ്രീതിയും ദളിത് മുഖവുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ടെലിഫോണ്‍ നമ്പറിലേക്ക് സന്ദേശം സ്വീകരിച്ച് ജനാഭിപ്രായംതേടിയാണ് എ.എ.പി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതെങ്കില്‍ കോണ്‍ഗ്രസും ഇതിനായി സര്‍വേ നടത്തിയിരുന്നു. ചന്നിയുടെ പേര് സര്‍വേയില്‍ തെളിഞ്ഞതോടെ സിദ്ദു വീണ്ടും അദ്ദേഹത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്തുകൊണ്ടിരുന്നു. രാഹുല്‍ഗാന്ധി ആരെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കിയാലും ഒപ്പംനില്‍ക്കുമെന്ന് കഴിഞ്ഞദിവസം സിദ്ദു പ്രഖ്യാപിച്ചെങ്കിലും ഇതുവരേയുള്ള ചരിത്രംവെച്ച് അതിനെ മുഴുവനായി വിശ്വസിക്കാനാവില്ല.

ദളിത് വോട്ടുകള്‍ ഉന്നംവെച്ച് കോണ്‍ഗ്രസ്

സംസ്ഥാനത്തെ 33 ശതമാനംവരുന്ന പട്ടികജാതിക്കാരെ കൂടെനിര്‍ത്താന്‍ ചന്നിക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. സംസ്ഥാന ജനസംഖ്യയുടെ 20 ശതമാനം വരുന്ന ജാട്ട് സിഖ് വിഭാഗക്കാരനായ ക്യാപ്റ്റന്‍ അമരീന്ദറെ മാറ്റിക്കൊണ്ട് ദളിത് സിഖായ ചന്നിയെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉന്നംവെച്ചതും ഈ നിയമസഭാ തിരഞ്ഞെടുപ്പുതന്നെയാകും. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദളിത് സമുദായമായ രവിദാസ്വിഭാഗക്കാരനാണ് ചന്നി. ഫെബ്രുവരി 16-ന് രവിദാസ് ജയന്തി ആഘോഷമായതിനാല്‍ 14-ന് നടത്താനിരുന്ന പഞ്ചാബിലെ വോട്ടിങ് മാറ്റിവെക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മിഷനോട് ആദ്യം ആവശ്യപ്പെട്ടതും ചന്നിയായിരുന്നു. രവിദാസ് വിഭാഗത്തിന്റെ മുഖ്യ ആത്മീയകേന്ദ്രമായ ദേരാ സച്ഖന്ദിലും ചന്നി സന്ദര്‍ശനംനടത്താറുണ്ട്.

2017-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകളുടെ 41 ശതമാനത്തോളം കോണ്‍ഗ്രസിന് ലഭിച്ചെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദളിതുകളുടെ ദേരകളില്‍ ചന്നി തുടര്‍ച്ചയായി കറങ്ങുന്നുമുണ്ട്. സംസ്ഥാനത്തെ 19 നിയമസഭാമണ്ഡലങ്ങളില്‍ സ്വാധീനമുള്ള രാധാസ്വാമി സത്സങ് ബിയേഴ്സ്, 27 മണ്ഡലങ്ങളില്‍ സാന്നിധ്യമുള്ള ദേരാ സച്ചാ സൗദ, എട്ടിടത്ത് സാന്നിധ്യമുള്ള ദേരാ നൂര്‍മഹല്‍ എന്നിവിടങ്ങളിലെല്ലാം ചന്നി സന്ദര്‍ശനം നടത്തിവരുന്നുണ്ട്. മറ്റ് പരമ്പരാഗത പാര്‍ട്ടിവോട്ടുകള്‍ക്കുപുറമേ ദളിത് വോട്ടുബാങ്കുകൂടിയാകുമ്പോള്‍ ഭരണം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ആത്മവിശ്വാസത്തോടെ ആപ്

ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ വിജയംമുതല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ നേരത്തേ പ്രഖ്യാപിക്കല്‍വരെ നേട്ടമാക്കാനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാളിന്റെ ഡല്‍ഹി പാര്‍ട്ടി എന്ന പേരിനപ്പുറത്തേക്ക് വളരാനുള്ള മികച്ച അവസരമായി എ.എ.പി. പഞ്ചാബിനെ കാണുന്നു. നടന്‍, കൊമേഡിയന്‍ തുടങ്ങിയ നിലകളില്‍ പഞ്ചാബികള്‍ക്ക് സുപരിചിതനായ ഭഗവന്ത്‌സിങ് മാന്‍ ആണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. പാര്‍ട്ടി നടത്തിയ ടെലിവോട്ടിങ്ങിലൂടെ ജനങ്ങളാണ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തത്.

ചന്നിയെ മുന്നില്‍ നിര്‍ത്തുന്നതോടെ ദളിത് വോട്ടുകളാണ് കോണ്‍ഗ്രസ് ലക്ഷ്യംവെക്കുന്നതെങ്കില്‍ സര്‍വവിഭാഗങ്ങള്‍ക്കും സുപരിചിതനാണ് മാന്‍. രണ്ടുതവണ സംഗ്രൂരില്‍നിന്ന് ലോക്സഭയിലേക്ക് ജയിച്ചു. 2019-ലെ മോദിതരംഗത്തിലും എ.എ.പി.ക്ക് പഞ്ചാബില്‍നിന്ന് ലോക്സഭാസീറ്റ് നല്‍കിയത് മാന്‍ ആയിരുന്നു. പഞ്ചാബിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എ.എ.പി.യുടെ പ്രചാരണങ്ങള്‍. തൊഴിലില്ലായ്മ, മയക്കുമരുന്ന്, കാര്‍ഷികപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരനിര്‍ദേശങ്ങളാണ് ആപ്പിന്റെ വാഗ്ദാനം. പതിനെട്ടുതികഞ്ഞ സ്ത്രീകള്‍ക്കെല്ലാം പ്രതിമാസം ആയിരം രൂപയും എ.എ.പി.യുടെ വാഗ്ദാനമാണ്.

2017-ല്‍ ആകെയുള്ള 117 സീറ്റുകളില്‍ 77 സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ 20 സീറ്റുകളോടെ രണ്ടാംസ്ഥാനത്തെത്തി പ്രതിപക്ഷത്തിരിക്കയാണ് ആപ്. ഡല്‍ഹിയില്‍ പയറ്റിജയിച്ച സൗജന്യവാഗ്ദാനങ്ങള്‍ (ഫ്രീബീസ്) മറ്റൊരു രീതിയില്‍ പഞ്ചാബിലും അവതരിപ്പിക്കുന്നുണ്ട്. മാനിന്റെ അമിതമദ്യപാനശീലത്തെ എതിരാളികള്‍ ലക്ഷ്യംവെച്ചിരുന്നു. എന്നാല്‍, ഒരു പാര്‍ട്ടിപരിപാടിക്കിടെ 2019-ല്‍ അമ്മയുടെ സാന്നിധ്യത്തില്‍ പ്രതിജ്ഞയെടുത്തതുമുതല്‍ മദ്യപാനമില്ലെന്നാണ് മാനിന്റെ വാദം.

ചന്നിയെ ലക്ഷ്യംവെച്ച് ബി.ജെ.പി.

തുടക്കംമുതല്‍ മുഖ്യമന്ത്രി ചന്നിയെ ലക്ഷ്യംവെച്ചാണ് ബി.ജെ.പി. നീങ്ങുന്നത്. പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങിയ സംഭവത്തിലെ സുരക്ഷാവീഴ്ചയ്ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനെ പഴിചാരിയാണ് ബി.ജെ.പി. ഇക്കുറി പ്രചാരണം തുടങ്ങിയത്. പ്രധാനമന്ത്രിയെ അപകടപ്പെടുത്താന്‍, അല്ലെങ്കില്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി. ശ്രമിച്ചുവന്നു.

ചന്നിയുടെ മരുമകനും സുഹൃത്തുക്കളുമുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡും രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മണല്‍ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ചാണ് റെയ്ഡ് നടത്തിയത്. ചന്നിയുടെ മരുമകനെ കഴിഞ്ഞദിവസം ഇ.ഡി. അറസ്റ്റുചെയ്തതും എതിരാളികള്‍ ആയുധമാക്കുന്നുണ്ട്.

ശിരോമണി അകാലിദളിനെ താഴെയിറക്കി 2017-ല്‍ ഭരണംപിടിച്ച കോണ്‍ഗ്രസിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് ഇപ്പോള്‍ ബി.ജെ.പി.ക്കൊപ്പമാണ്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസുമായാണ് ബി.ജെ.പി.യുടെ സഖ്യം.

വേരുറപ്പിക്കാന്‍ അകാലിദള്‍

ആറുതവണ പഞ്ചാബ് ഭരിച്ചവരാണ് സംസ്ഥാനത്തിന്റെ സ്വന്തം പാര്‍ട്ടിയായ ശിരോമണി അകാലിദള്‍. എന്നാല്‍, 2017-ല്‍ അധികാരത്തില്‍നിന്ന് ഇറങ്ങേണ്ടിവന്ന അകാലിദള്‍ ഇപ്പോള്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒരുപരിധിവരെ കേഡര്‍ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന അകാലിദളിനെ എഴുതിത്തള്ളാനാവില്ല. 2017-ല്‍ 15 സീറ്റോടെ മൂന്നാംസ്ഥാനത്തായിരുന്നു ബാദല്‍ കുടുംബം നയിക്കുന്ന പാര്‍ട്ടി.പഞ്ചാബില്‍ അധികാരത്തിലിരുന്ന അവസാനത്തെ മൂന്നുതവണയും ബി.ജെ.പി.യുമായി സഖ്യത്തിലായിരുന്നു അകാലിദള്‍. എന്നാല്‍, ബി.ജെ.പി. സഖ്യം ഉപേക്ഷിച്ച അകാലിദള്‍ ബി.എസ്.പി.യെ കൂട്ടുപിടിച്ചാണ് അങ്കത്തിനിറങ്ങുന്നത്. കര്‍ഷകസമരം നല്‍കിയ ഊര്‍ജം പാര്‍ട്ടിക്ക് എത്രത്തോളം സ്വാധീനം വര്‍ധിപ്പിച്ചെന്നാണ് ഇനി അറിയാനുള്ളത്.

ചണ്ഡീഗഢ് ട്രെയിലറാകുമോ? ക്ലൈമാക്‌സ് കാത്ത് പഞ്ചാബ്

അടുത്തിടെനടന്ന ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയതോടെ ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് സ്വപ്നത്തിന് ചിറകുമുളച്ചിരിക്കയാണ്. ചണ്ഡീഗഢ് 'ട്രെയിലറാ'ണെങ്കില്‍ മുഴുവന്‍ സിനിമ പഞ്ചാബാകുമെന്ന പ്രതീക്ഷയിലാണവര്‍. പക്ഷേ, ട്രെയിലര്‍മാത്രം നോക്കി ക്ലൈമാക്‌സ് ഊഹിക്കാനാവില്ല. അതിന് സിനിമതീരുംവരെ കാത്തിരിക്കണം.

ഇപ്പോഴത്തെ പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണെങ്കില്‍ അവര്‍ പിടിക്കുന്ന ഓരോ അധികസീറ്റും ആരുടെ അക്കൗണ്ടില്‍നിന്ന് പോകുമെന്നതിനെ ആശ്രയിച്ചാകും പഞ്ചാബിന്റെ ഭാവി. ഡല്‍ഹിയിലേതുപോലെ കോണ്‍ഗ്രസിന്റെ സീറ്റുകളാണ് എ.എ.പി. കൂടുതല്‍ വിഴുങ്ങുന്നതെങ്കില്‍ ചിത്രം മറ്റൊന്നാകും. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയുകയും എ.എ.പി.ക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്താല്‍ തൂക്കുസഭയിലേക്ക് നീങ്ങും. ഫെബ്രുവരി 20-ന് സംസ്ഥാനം പോളിങ് ബൂത്തിലേക്ക് പോകും.

കര്‍ഷകസമരം ആരെ തുണയ്ക്കും?

ഡല്‍ഹിയെ പിടിച്ചുകുലുക്കിയ കര്‍ഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബില്‍ അതിനുശേഷം നടക്കുന്ന മുഖ്യ തിരഞ്ഞെടുപ്പാണിത്. ബി.ജെ.പി. നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികനിയമങ്ങള്‍ക്കെതിരേയായിരുന്നു ഒരുവര്‍ഷത്തിലേറെ നീണ്ട സമരം. ഒടുവില്‍ വിവാദനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായി. നിയമം പിന്‍വലിച്ചതുകൊണ്ട് പഞ്ചാബിലെ കര്‍ഷകര്‍ ബി.ജെ.പി.യോട് അനുകൂലമനോഭാവം കാണിക്കുമോ, അതോ നിയമം കൊണ്ടുവന്നതിന്റെ രോഷം ഇപ്പോഴും അവരില്‍ പുകയുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ബി.ജെ.പി.ക്കെതിരാണ് കര്‍ഷകവികാരമെങ്കില്‍ ആര്‍ക്കാവും അത് ഗുണംചെയ്യുക? സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനോ എ.എ.പി.ക്കോ ഈ വിഷയംപറഞ്ഞ് എത്രമാത്രം കര്‍ഷകവോട്ടുകളെ സ്വാധീനിക്കാന്‍ കഴിയുമെന്നതിനെ ആശ്രയിച്ചാകും കാര്യങ്ങള്‍. പഞ്ചാബ് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകരെ സ്ഥിരമായി കുറ്റംപറയുന്നവരാണ് ഡല്‍ഹിയിലെ എ.എ.പി. നേതാക്കള്‍. പഞ്ചാബിലും ഹരിയാണയിലും കര്‍ഷകര്‍ വയലുകളില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ക്ക് തീയിടുന്നതാണ് ഡല്‍ഹിയിലെ പുകമഞ്ഞിനും വായുമലിനീകരണത്തിനും കാരണമെന്നാണ് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ ആരോപിക്കാറുള്ളത്. അങ്ങനെയുള്ള ആപ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ തീയിടല്‍ അവസാനിപ്പിക്കുമോയെന്ന ആശങ്കയും അവര്‍ക്ക് സ്വാഭാവികമായി ഉയരാം.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented