കോൺഗ്രസ് സ്ഥാനാർഥിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജിത്ത് സിങ് ഛന്നി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ | Photo: ANI
പഞ്ചാബ് എന്നാല്‍ അഞ്ച് നദികളുടെ നാട്. അതുകൊണ്ടുതന്നെയാവണം, നദികളാല്‍ വേര്‍തിരിക്കപ്പെട്ട മൂന്ന് മേഖലകളിലാണ് പഞ്ചാബിന്റെ രാഷ്ട്രീയം കലങ്ങിമറിയുന്നത്. മാല്‍വ, മാഝാ, ദോആബ എന്നീ മൂന്ന് മേഖലകള്‍ ചേര്‍ന്നതാണ് പഞ്ചാബ്. അതില്‍ ഏറ്റവും വലിയ മേഖലയായ മാല്‍വ പിടിച്ചാല്‍ പഞ്ചാബ് കിട്ടിയെന്ന് രാഷ്ട്രീയക്കാര്‍ പറയും.

കാര്‍ഷികമേഖലയിലെ വലിയ ഭൂവുടമകളുടെ മേഖലകൂടിയായ മാല്‍വയാണ് കര്‍ഷക സമരത്തിന് ഏറ്റവും ഊര്‍ജം നല്‍കിയത്. അതിന് ശേഷം വരുന്ന തിരഞ്ഞെടുപ്പുകൂടിയാണ് ഈമാസം 20-ന് പഞ്ചാബില്‍ നടക്കുന്നത്. സിഖ് സാമുദായിക രാഷ്ട്രീയത്തിന്റെ കേന്ദ്രമായ മാഝായില്‍ 25 സീറ്റുകളുണ്ട്.ആബയെന്നാല്‍ പുഴ. രണ്ട് നദികള്‍ക്കിടയിലെ സ്ഥലമെന്ന് അര്‍ഥമുള്ള ദോആബയില്‍ 23 സീറ്റുകളാണുള്ളത്. അങ്ങനെ അഞ്ച് പുഴകളടങ്ങിയ പഞ്ചാബിനെ തരംതിരിക്കുന്ന രാഷ്ട്രീയമേഖലകളായി മാല്‍വയും മാഝായും ദോആബയും മാറി.