മണ്ഡല്‍-കമണ്ഡല്‍, അയോധ്യ: യുപി രാഷ്ട്രീയം ഗതിമാറിയൊഴുകിയ വഴികള്‍, പിരിവുകള്‍| indepth


മനോജ് മേനോന്‍

വി.പി. സിങ്, മുലായം സിങ് യാദവ്, മായാവതി| Photo: PTI

വിടെ നട്ടാലും രാഷ്ട്രീയം കിളിര്‍ക്കുന്ന മണ്ണാണ് ഉത്തര്‍പ്രദേശ്. മുഖ്യധാരാ രാഷ്ട്രീയമെന്നോ പ്രാദേശികരാഷ്ട്രീയമെന്നോ ജാതിരാഷ്ട്രീയമെന്നോ വിളവ്യത്യാസമില്ല യു.പിയുടെ രാഷ്ട്രീയ ഭൂമിയില്‍. എഴുപതുകള്‍ വരെ കോണ്‍ഗ്രസിനായിരുന്നു മണ്ണൊരുക്കം. അതിന് ശേഷം കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വിളയിറക്കലായി. സോഷ്യലിസ്റ്റ് -ജനതാപാര്‍ട്ടികളുടെ സാന്നിധ്യം.1990 കളിലെ മണ്ഡല്‍-കമണ്ഡല്‍ രാഷ്ട്രീയത്തിന്റെ വരവോടെ മത-ജാതി രാഷ്ട്രീയത്തിന്റെ വിളവെടുപ്പായി. ഭാരതീയ ജനസംഘിന്റെ മേല്‍വിലാസത്തില്‍നിന്ന് ബി.ജെ.പിയും ജനതാപരിവാറില്‍നിന്ന് സമാജ് വാദി പാര്‍ട്ടിയും ദളിത് രാഷ്ട്രീയ ധാരയില്‍നിന്ന് ബി.എസ്.പിയും രൂപമെടുത്തു. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ഈ രാഷ്ട്രീയ ഗതിമാറ്റങ്ങളില്‍ കോണ്‍ഗ്രസ് പലപ്പോഴും കാഴ്ചക്കാരായി.

മത-ജാതി രാഷ്ട്രീയഘടനയിലും ഈ പരിണാമങ്ങള്‍ പ്രകടമാണ്. ബ്രാഹ്മണ മേധാവിത്വത്തില്‍നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ ക്രമേണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കൈകളിലേക്ക് എത്തുന്നതിന്റെ ചരിത്രം ഇതോടൊപ്പമുണ്ട്. 1990-കള്‍ പിന്നാക്ക, ന്യൂനപക്ഷ, ദളിത്, അതി ദളിത് സമുദായങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിലെ മുന്‍നിരശക്തികളാക്കി. ഇതോടൊപ്പം എതിര്‍ചേരിയില്‍ ഹൈന്ദവ മുദ്രാവാക്യങ്ങളുയര്‍ത്തി ബി.ജെ.പിയും കളം പിടിച്ചു.എങ്കിലും അന്ന് വേരോട്ടം ശക്തമായിരുന്ന സ്വത്വരാഷ്ട്രീയത്തെ കൈകാര്യം ചെയ്യാന്‍ പിന്നാക്ക കാര്‍ഡിറക്കിയാണ് ബി.ജെ.പി യും തുടങ്ങിയത്. ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിലെ ലോധ് സമുദായക്കാരനായ കല്യാണ്‍ സിങ്ങായിരുന്നു. മാറ്റം മറിച്ചിലുകള്‍ നിറഞ്ഞ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയം കടന്നു പോയ വഴികള്‍ ഇങ്ങനെയാണ് :

കോണ്‍ഗ്രസിന്റെ വേരോട്ട കാലം

1950-കളില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണായിരുന്നു. 1951-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് യു.പിയില്‍ 83 ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പടെ 346 നിയമസഭാ മണ്ഡലങ്ങളാണുണ്ടായിരുന്നത്. ഇതില്‍ കോണ്‍ഗ്രസ് 388 സീറ്റുകള്‍ നേടി. നിലവില്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന ജി.ബി. പന്ത് തിരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയായി തുടര്‍ന്നു.

congress flag
Photo: PTI

1954-ല്‍ പന്ത് ദേശീയ രാഷ്ട്രീയത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഡോ.സമ്പൂര്‍ണാനന്ദയെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കി. 1957-ല്‍ കോണ്‍ഗ്രസ് വീണ്ടും ജയിച്ചപ്പോഴും അദ്ദേഹം തന്നെ മുഖ്യമന്ത്രി. 1960-ല്‍ കമലാപതി ത്രിപാഠിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സമ്പൂര്‍ണാനന്ദ സ്ഥാനമൊഴിഞ്ഞു. ചന്ദ്ര ഭാനു ഗുപ്ത മുഖ്യമന്ത്രിയായി. 1963-ല്‍ ഗുപ്തയെ മാറ്റി സുചേതാ കൃപലാനി മുഖ്യമന്ത്രിയായി. സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു സുചേതാ കൃപലാനി.

പടലപ്പിണക്കങ്ങളുടെ വര്‍ഷങ്ങള്‍

1967-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 199 സീറ്റുകളും ഭാരതീയ ജനസംഘിന് 98 സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം ലഭിച്ചില്ല. ചരണ്‍ സിങ് കോണ്‍ഗ്രസ് പിളര്‍ത്തി ഭാരതീയ ക്രാന്തി ദളുണ്ടാക്കി. സോഷ്യലിസ്റ്റ് നേതാക്കളായ രാം മനോഹര്‍ ലോഹ്യ, രാജ് നാരായണ്‍ എന്നിവരുടെ പിന്തുണ ചരണ്‍ സിങ്ങിനുണ്ടായിരുന്നു. 1967 ഏപ്രിലില്‍ മുഖ്യമന്ത്രിയായി ചരണ്‍ സിങ് ചുമതലയേറ്റു. ഭാരതീയ ജനസംഘ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന സംയുക്ത വിധായക് ദള്‍ രൂപവത്കരിച്ചാണ് ചരണ്‍ സിങ് സര്‍ക്കാരുണ്ടാക്കിയത്.

എന്നാല്‍ ചില പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 1968 ഫെബ്രുവരിയില്‍ ചരണ്‍ സിങ് രാജിവച്ചു. തുടര്‍ന്ന് ഒരു വര്‍ഷം രാഷ്ട്രപതിഭരണം. 1969-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വന്നു. ചന്ദ്ര ഭാനു ഗുപ്ത വീണ്ടും മുഖ്യമന്ത്രിയായി. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. ഗുപ്ത രാജിവച്ചു. 1970 ഫെബ്രുവരിയില്‍ ചരണ്‍ സിങ് മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചു വന്നു. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് .ആര്‍ ആയിരുന്നു ചരണ്‍ സിങ്ങിനെ പിന്തുണച്ചത് !

സഖ്യത്തിലെ പിണക്കങ്ങള്‍ മൂലം വീണ്ടും ചരണ്‍ സിങ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി. കമലാപതി ത്രിപാഠിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് .ആറിന്റെ 14 മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന് ചരണ്‍ സിങ് ആവശ്യപ്പെട്ടു. ത്രിപാഠി നിരസിച്ചു. ചരണ്‍ സിങ് ഇവരെ നീക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഗവര്‍ണര്‍ ബി.ഗോപാല്‍ റെഡ്ഡി, അവരെ നീക്കാതെ ചരണ്‍ സിങ്ങിനോട് രാജി ആവശ്യപ്പെട്ടു.

വീണ്ടും രാഷ്ട്രപതിയുടെ ഭരണമായി. അതിന് ശേഷം തിരഞ്ഞെടുപ്പ് നടന്നു. ത്രിഭുവന്‍ നാരായണ്‍ സിങ് മുഖ്യമന്ത്രിയായി. സംയുക്ത വിധായക ദളിന്റെ നേതാവെന്ന നിലയിലായിരുന്നു ത്രിഭുവന്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, ഉപതിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹം രാജിവച്ചു. കമലാപതി ത്രിപാഠി മുഖ്യമന്ത്രിയായി. 1973 ജൂണ്‍ വരെ ത്രിപാഠി തുടര്‍ന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് കമലാപതി രാജി വച്ചു. പിന്നെയും രാഷ്ട്രപതി ഭരണം. എച്ച്.എന്‍. ബഹുഗുണ 1973 നവംബറില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 1975 നവംബറില്‍ ബഹുഗുണ രാജി വച്ചു. എന്‍.ഡി.തിവാരി മുഖ്യമന്ത്രിയായി.

കോണ്‍ഗ്രസ് വിരുദ്ധചേരികള്‍

കോണ്‍ഗ്രസിനും ഇന്ദിരാ ഭരണത്തിനുമെതിരെ ദേശീയ രാഷ്ട്രീയം തീപിടിച്ച നാളുകളായിരുന്നു പിന്നീട്. കേന്ദ്രത്തില്‍ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളെ മൊറാര്‍ജി സര്‍ക്കാര്‍ പിരിച്ചു വിട്ടു. ഉത്തര്‍പ്രദേശിലെ എന്‍.ഡി. തിവാരി സര്‍ക്കാരും പിരിച്ചു വിടപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന് 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ജനതാപാര്‍ട്ടി 352 സീറ്റുകള്‍ നേടി അധികാരമുറപ്പിച്ചു.

എന്നാല്‍ വിജയത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി പാര്‍ട്ടിക്കുള്ളില്‍ യുദ്ധം തുടങ്ങി. പതിവ് രീതികളില്‍ സമവായമുണ്ടായില്ല. എം.എല്‍.എമാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ രാം നരേഷ് യാദവ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിയായി. നാരായണ്‍പൂരിലുണ്ടായ പോലീസ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 1979 ഫെബ്രുവരിയില്‍ നരേഷ് യാദവ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബനാറസി ദാസ് തുടര്‍ന്ന് മുഖ്യമന്ത്രിയായി. എന്നാല്‍ 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതോടെ യു.പി. സര്‍ക്കാരിനെ പിരിച്ചു വിട്ടു.

വി.പി.സിങ്ങും എന്‍.ഡി. തിവാരിയും

ഉത്തര്‍പ്രദേശില്‍ വീണ്ടും കോണ്‍ഗ്രസ് ഭരണം തിരിച്ചു വന്നു. 1980-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വി.പി. സിങ് മുഖ്യമന്ത്രിയായി. എന്നാല്‍ 1981-ലെ ബെഹ്മായി കൂട്ടക്കൊല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളായി. വി.പി.സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

vp singh
വി.പി. സിങ്| Photo: PTI

ശ്രീപദ് മിശ്ര മുഖ്യമന്ത്രിയായി. 1984-ല്‍ ശ്രീപദിനെ മാറ്റി എന്‍.ഡി. തിവാരി മുഖ്യമന്ത്രിയായി. അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍.ഡി.തിവാരി കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിച്ചു. എന്നാല്‍ തിവാരിയെ മാറ്റി രാജീവ് ഗാന്ധി 1985-ല്‍ വീര്‍ ബഹാദൂര്‍ സിംഗിനെ മുഖ്യമന്ത്രിയാക്കി. 1988-ല്‍ വീണ്ടും തിവാരിയെ രാജീവ് മുഖ്യമന്ത്രി പദത്തില്‍ അവരോധിച്ചു.

മുലായം സിങ് യാദവിന്റെ ഉദയം

എണ്‍പതുകളുടെ ഒടുവില്‍ കോണ്‍ഗ്രസിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വീണ്ടും ബലക്ഷയമായി. പഴയ സോഷ്യലിസ്റ്റുകളും മുന്‍ ജനതാപാര്‍ട്ടി നേതാക്കളും ഒരു കുടക്കീഴില്‍ അണിനിരന്ന് ജനതാദളെന്ന രാഷ്ട്രീയ പരീക്ഷണത്തിന് രൂപം കൊടുത്തു. 1989-ലെ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യു.പിയില്‍ വിജയം നേടി. മുഖ്യമന്ത്രിയായി മുലായം സിങ് യാദവിനെ ജനതാദള്‍ നേതൃത്വം തിരഞ്ഞെടുത്തു.

mulayam singh yadav
മുലായം സിങ് യാദവ്| Photo: PTI

കോണ്‍ഗ്രസ് വിരുദ്ധ നീക്കമെന്ന നിലയില്‍ ജനതാദള്‍ സര്‍ക്കാരിനെ കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി പുറത്തുനിന്ന് പിന്തുണച്ചു. എന്നാല്‍ എല്‍.കെ.അദ്വാനിയുടെ രഥയാത്ര ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവ് സമസ്തിപൂരില്‍ തടഞ്ഞതോടെ രാഷ്ട്രീയം മാറി. കേന്ദ്രത്തില്‍ വി.പി. സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണയും ഉത്തര്‍പ്രദേശില്‍ മുലായം സര്‍ക്കാരിന് നല്‍കിയ പിന്തുണയും ബി.ജെ.പി പിന്‍വലിച്ചു.

എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുലായം യു.പിയില്‍ സര്‍ക്കാരിനെ നിലനിര്‍ത്തി. പിന്നീട് രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസും പിന്തുണ പിന്‍വലിച്ചതോടെ കേന്ദ്രം ഭരിച്ച ചന്ദ്രശേഖര്‍ സര്‍ക്കാരും യു.പിയിലെ മുലായം സര്‍ക്കാരും നിലംപതിച്ചു. എങ്കിലും യു.പി. രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇതര-ബി.ജെ.പി ഇതര ചേരികളുടെ നേതാവായി മുലായം സിങ് യാദവ് ഇതോടെ വളര്‍ന്നു.

അയോധ്യയും രാഷ്ട്രീയ വഴിമാറ്റവും

പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യോന്നമനം ലക്ഷ്യമിട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതുയര്‍ത്തിയ രാഷ്ട്രീയവും തൊണ്ണൂറുകളുടെ തുടക്കത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ വ്യാപക സ്വാധീനമുണ്ടാക്കിയ വിഷയങ്ങളാണ്. ഈ രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഹൈന്ദവ വികാരമുയര്‍ത്തി സവര്‍ണ രാഷ്ട്രീയ ധാരയ്ക്ക് ബി.ജെ.പി. കളമൊരുക്കിയത്. 1991-ലാണ് ബി.ജെ.പിയും ഹൈന്ദവ സംഘടനകളും അയോധ്യാ വിഷയം രാഷ്ട്രീയവിഷയമായി ഉയര്‍ത്തിയത്.

ayodhya
Photo: PTI

ഇതോടൊപ്പം പിന്നാക്ക വിഭാഗത്തില്‍പെട്ട ലോധ് വിഭാഗക്കാരനായ കല്യാണ്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്താനുള്ള രാഷ്ട്രീയ സാമര്‍ഥ്യവും ബി.ജെ.പി പ്രകടിപ്പിച്ചു. 1991-ലെ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ 221 സീറ്റുകള്‍ ബി.ജെ.പി നേടി. 1992 ലെ ബാബറി മസ്ജിദ് സംഭവത്തോടെ കല്യാണ്‍ സിങ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിട്ടു. എങ്കിലും അയോധ്യാ സംഭവം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും വഴിമാറ്റങ്ങളുണ്ടാക്കി. ബി.ജെ.പിക്ക് രാഷ്ട്രീയവ്യാപനത്തിന് വഴി വച്ച പ്രധാന കാരണങ്ങളായി ഇവ മാറി.1997-ല്‍ കല്യാണ്‍ സിങ് വീണ്ടും മുഖ്യമന്ത്രിയായി. എന്നാല്‍ വാജ്പേയിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കല്യാണ്‍ സിങ് രാജി വച്ചു.

മായാവതിയുടെ രംഗപ്രവേശം

ദളിത് സമൂഹത്തിന്റെ രാഷ്ട്രീയം ലക്ഷ്യമിട്ട് കന്‍ഷിറാം എണ്‍പതുകളില്‍ ആരംഭിച്ച പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയശേഷി കൈവരുന്നത് തൊണ്ണൂറുകളിലാണ്. ദളിത് ശോഷിത് സമാജ് സംഘര്‍ഷ് സമിതിയിലൂടെ ദളിത് രാഷ്ട്രീയത്തിന് അടിത്തറയൊരുക്കി കന്‍ഷി റാം 1984 ല്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) സ്ഥാപിച്ചെങ്കിലും ഉത്തര്‍പ്രദേശിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് തൊണ്ണൂറുകളിലാണ്.

mayawati
മായാവതി| Photo: PTI

1993-ല്‍ മുലായം സിങ് യാദവുമായി സഖ്യമുണ്ടാക്കിയതോടെയാണ് കന്‍ഷിറാമും മായാവതിയും നേതൃത്വം നല്‍കിയ രാഷ്ട്രീയധാര ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായി തുടങ്ങിയത്. ജനതാദളില്‍നിന്ന് അടര്‍ന്ന് മുലായം സിങ് യാദവ് സ്വന്തം പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടി രൂപവത്കരിക്കുന്നത് 1992 ലാണ്.

1993 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 107 സീറ്റുകളും ബി.എസ്.പിക്ക് 67 സീറ്റുകളും ലഭിച്ചതോടെ ഇരുപാര്‍ട്ടികള്‍ക്കും ഭരണം പിടിക്കാന്‍ സഖ്യം അനിവാര്യമായി. എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കി. രണ്ട് വര്‍ഷം പിന്നിട്ടതോടെ 1995-ല്‍ മുലായം സര്‍ക്കാരിനുള്ള പിന്തുണ ബി.എസ്.പി. പിന്‍വലിച്ചു. ബി.ജെ.പി മായാവതിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഇതേത്തുടര്‍ന്ന് മായാവതി മുഖ്യമന്ത്രിയായി. യു.പിയുടെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ് മായാവതി.

മായാവതിയും ബി.ജെ.പിയും

രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ആശയങ്ങളുടെ കൈകോര്‍ക്കലിനാണ് തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങള്‍ ഉത്തര്‍പ്രദേശില്‍ സാക്ഷ്യം വഹിച്ചത്. ബി.ജെ.പിയും ബി.എസ്.പിയും സഖ്യമുണ്ടാക്കുന്നതും സര്‍ക്കാരുണ്ടാക്കുന്നതും പിന്നീട് സഖ്യം പൊളിയുന്നതും ഈ കാലം കണ്ടു.1996-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 174 സീറ്റുകള്‍ നേടി. എന്നാല്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. രാഷ്ട്രപതിഭരണം നിലവില്‍ വന്നു.
പരസ്പരം സഹകരിച്ച് സര്‍ക്കാരുണ്ടാക്കാമെന്ന ധാരണ 1997 ഏപ്രിലില്‍ അണിയറയില്‍ ബി.ജെ.പിയും ബി.എസ്.പിയും തമ്മിലുണ്ടാക്കി.

മുഖ്യമന്ത്രിസ്ഥാനം ആറ് മാസം കൂടുമ്പോള്‍ മാറാമെന്നായിരുന്നു തീരുമാനം. ഇതേത്തുടര്‍ന്ന് ആദ്യത്തെ ആറുമാസം മായാവതി മുഖ്യമന്ത്രിയായി. തുടര്‍ന്ന് കല്യാണ്‍ സിങ്ങിന് വഴി മാറി. എന്നാല്‍ തൊട്ടു പിന്നാലെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ബി.എസ്.പിയുമായുള്ള ബന്ധം ബി.ജെ.പി അവസാനിപ്പിച്ചു. ചൗധരി നരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള ജനതാന്ത്രിക് ബി.എസ്.പി, നരേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് കോണ്‍ഗ്രസ് എന്നിവയുടെ പിന്തുണ ബി.ജെ.പി നേടി.

എന്നാല്‍ 1998 ഫെബ്രുവരി 21-ന് സര്‍ക്കാര്‍ പിരിച്ചു വിടപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ജഗദംബിക പാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനെ കല്യാണ്‍ സിംഗ് കോടതിയില്‍ ചോദ്യം ചെയ്തു. വിധി കല്യാണ്‍ സിങ്ങിന് അനുകൂലമായി.ഫെബ്രുവരി 23-ന് കല്യാണ്‍ സിങ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

കല്യാണ്‍ സിങ്ങിനെതിരെ പാര്‍ട്ടിയില്‍ പട

കല്യാണ്‍ സിങ്ങിനെതിരെ ബി.ജെ.പിക്കുള്ളില്‍ ആഭ്യന്തരകലഹം രൂക്ഷമാകുകയും സിങ് പാര്‍ട്ടി വിട്ട് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തതിന്റെ രാഷ്ട്രീയമാണ് പിന്നീട് യു.പി. കണ്ടത്. കല്യാണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി 1998 ല്‍ 58 ലോക്സഭാ സീറ്റുകള്‍ നേടി വന്‍ വിജയമുറപ്പിച്ചിരുന്നു.
എന്നാല്‍ 1999-ല്‍ അത് 29 ആയി ചുരുങ്ങി. കല്യാണ്‍ സിങ്ങിന്റെ ഭരണവീഴ്ചകളും ക്രമസമാധാന രംഗത്തെ പരാജയവുമാണ് ബി.ജെ.പിയുടെ ഈ തിരിച്ചടിക്ക് കാരണമെന്ന ആരോപണം ഉയര്‍ന്നു.

kalyan singh
കല്യാണ്‍ സിങ്| Photo: PTI

പാര്‍ട്ടിക്കുള്ളില്‍ സിങ്ങിന്റെ എതിരാളികള്‍ അവസരം ഉപയോഗിച്ചു. 1999 മേയില്‍ 39 ബി.ജെ.പി എം.എല്‍.എ മാര്‍ രാജിവച്ചു. ഇതോടെ കല്യാണ്‍ സിങ്ങിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കലാപം രൂക്ഷമായി. മുഖ്യമന്ത്രിസ്ഥാനം രാജ്നാഥ് സിങ്ങിന് കൈമാറാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം കല്യാണ്‍ സിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കല്യാണ്‍ സിങ് വഴങ്ങിയില്ല. കല്യാണിനെ മാറ്റി ബി.ജെ.പി രാം പ്രകാശ് ഗുപ്തയെ മുഖ്യമന്ത്രിയാക്കി.

യു.പിയിലെ ജാട്ടുകളെ ഒ.ബി.സിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത് ഗുപ്തയുടെ സര്‍ക്കാരാണ്. കല്യാണ്‍ സിങ് ബി.ജെ.പി വിട്ടു. രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിക്ക് രൂപം കൊടുത്തു.(2002 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്യാണ്‍ സിങ് മത്സരിച്ച് ജയിച്ചത് സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്. പിന്നീട് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കല്യാണ്‍ സിങ് ബി.ജെ.പിയില്‍ തിരിച്ചെത്തുന്നത്.). 2000-ത്തില്‍ രാജ്നാഥ് സിങ് മുഖ്യമന്ത്രിയായി. എന്നാല്‍ 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തായതോടെ രാജ്നാഥ് സിങ് ദേശീയ രാഷ്ട്രീയത്തിലേക്ക് മടങ്ങി.

വീണ്ടും മുലായം- മായാവതി കാലം

മായാവതിയും മുലായം സിങ് യാദവും മാറി മാറി ഭരണം കയ്യാളുകയും സര്‍ക്കാരുകള്‍ വാഴുകയും വീഴുകയും ചെയ്യുന്നതിന്റെ പരമ്പരകളാണ് 2002 മുതല്‍ 2007 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍. 2002 മേയില്‍ ബി.ജെ.പി പിന്തുണയോടെ മായാവതി വീണ്ടും യു.പിയുടെ മുഖ്യമന്ത്രിയായി. എന്നാല്‍ ബി.ജെ.പി-ബി.എസ്.പി സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. 2003 ആഗസ്റ്റില്‍ മായാവതി രാജിവച്ചു. തൊട്ടുപിന്നാലെ ബി.എസ്.പിയിലെ വിമതരുടെ പിന്തുണയോടെ മുലായം സിങ് യാദവ് സര്‍ക്കാരുണ്ടാക്കി. 2007 വരെ മുലായം ഭരിച്ചു.

mulayam singh yadav and mayawati
മുലായം സിങ് യാദവും മായാവതിയും| Photo: PTI

എന്നാല്‍ 2007-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം മായാവതിക്കൊപ്പമായിരുന്നു. അതുവരെ പരീക്ഷിക്കാത്ത ജാതി സമവാക്യങ്ങള്‍ സമര്‍ഥമായി പ്രയോഗിച്ച് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് മായാവതി അധികാരത്തിലെത്തിയത്. ഇതിനായി ദളിത്-ബ്രാഹ്മണ സഖ്യമെന്ന അപൂര്‍വ തന്ത്രമാണ് മായാവതി പ്രയോഗിച്ചത്. പരസ്പരം പോരടിച്ചു നിന്ന രണ്ടു വിഭാഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് പുതിയ രാഷ്ട്രീയം നിര്‍മിക്കുകയായിരുന്നു മായാവതി. 206 സീറ്റുകളാണ് ബി.എസ്.പി നേടിയത്. 2007 മുതല്‍ 2012 വരെ ഭരിച്ച മായാവതി അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ഉത്തര്‍പ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയായി. അതേസമയം, താജ് ഇടനാഴി കേസുള്‍പ്പടെയുള്ള കേസുകള്‍ മായാവതിയെയും കുടുംബവുമായി ബന്ധപ്പെട്ട അഴിമതിക്കേസുകള്‍ മുലായം സിങ്ങിനെയും വേട്ടയാടി തുടങ്ങിയതും ഈ കാലത്താണ്.

അഖിലേഷിന്റെ വരവ്

രാഷ്ട്രീയത്തിലെ തലമുറമാറ്റത്തിന്റെ കാലമായാണ് 2012-നെ വിലയിരുത്തുന്നത്. കോണ്‍ഗ്രസില്‍ സോണിയാഗാന്ധിയില്‍നിന്ന് രാഹുല്‍ ഗാന്ധിയിലേക്ക്, ബിഹാറിലെ ആര്‍.ജെ.ഡിയില്‍ ലാലു പ്രസാദ് യാദവില്‍ നിന്ന് തേജസ്വി യാദവിലേക്ക്. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയില്‍ മുലായം സിങ് യാദവില്‍നിന്ന് അഖിലേഷ് യാദവിലേക്ക് പാര്‍ട്ടിയുടെ കടിഞ്ഞാണുകള്‍ കൈമാറ്റം ചെയ്യപ്പെട്ട കാലം.

2012-ല്‍ എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഉത്തര്‍പ്രദേശില്‍ അരങ്ങേറിയത്. വീണ്ടും സര്‍ക്കാര്‍ രൂപവത്കരണം സുഗമമാകുമെന്ന് കരുതി തിരഞ്ഞെടുപ്പിനിറങ്ങിയ മായാവതിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. മകന്‍ മുപ്പത്തിയെട്ടുകാരനായ അഖിലേഷ് യാദവിനെ രംഗത്തിറക്കിയാണ് മുലായം സിങ് യാദവ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുലായത്തിനെതിരെ പതിവ് രീതിയില്‍ ഉയരാനിടയുള്ള അഴിമതി ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഈ നീക്കത്തിലൂടെ എസ്.പിക്ക് കഴിഞ്ഞു.

akhilesh yadav
അഖിലേഷ് യാദവ്| Photo: PTI

എന്‍ജിനീയറിംഗ് ബിരുദധാരിയായ അഖിലേഷില്‍ യുവാക്കള്‍ പ്രതീക്ഷ നട്ടു. പാര്‍ട്ടിയിലെ കുറ്റവാളികളെ പുറത്താക്കി ശുദ്ധീകരണം നടത്തിയ അഖിലേഷ് അച്ഛന്റെ അനുജന്‍ ശിവപാല്‍ യാദവിനോട് പോലും കരുണ കാട്ടിയില്ല. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സൗജന്യ ലാപ്ടോപ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നിരത്തി അഖിലേഷിന്റെ നേതൃത്വത്തില്‍ എസ്.പി മത്സരിച്ചപ്പോള്‍ 224 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടിക്ക് സ്വന്തം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അഖിലേഷ് ചുമതലയേറ്റു.

എന്നാല്‍ പതുക്കെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഉടലെടുത്തു. 2016-ല്‍ ശിവപാല്‍ യാദവ് പാര്‍ട്ടിയില്‍നിന്ന് പുറത്തു പോയി. മുസ്ലിം-യാദവ വിഭാഗങ്ങളുടെ മാത്രം മുഖ്യമന്ത്രിയെന്ന ബി.ജെ.പിയുടെ പ്രചരണം ഏശി. 2017 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തരംഗത്തില്‍ എസ്.പിയും ബി.എസ്.പിയും തകര്‍ന്നു. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അഖിലേഷ്.

ബി.ജെ.പിയും യോഗിയും

അധികാരത്തില്‍ തിരിച്ചു വരാമെന്ന് അഖിലേഷ് യാദവ് കണക്ക് കൂട്ടിയെങ്കിലും 2017-ലെ തിരഞ്ഞെടുപ്പ് ബി.ജെ.പിക്കായിരുന്നു വഴിയൊരുക്കിയത്.
ജാതി സമവാക്യങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചും മതവൈകാരികത ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചും വികസന വാഗ്ദാനങ്ങള്‍ നല്‍കിയും ബി.ജെ.പി നടത്തിയ പ്രചരണം ഉത്തര്‍പ്രദേശില്‍ വീണ്ടും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു.

yogi adityanath
യോഗി ആദിത്യനാഥ്| Photo: PTI

സമാജ് വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും വോട്ട് ബാങ്കുകളില്‍ ചോര്‍ച്ചയുണ്ടാക്കിയാണ് ബി.ജെ.പി വിജയമുറപ്പിച്ചത്. മുസഫര്‍നഗര്‍ കലാപം, അയോധ്യാ വിഷയം തുടങ്ങിയവ വോട്ട് കേന്ദ്രീകരണത്തിന് സഹായിച്ചു. 312 സീറ്റുകളോടെ ബി.ജെ.പി. യു.പിയില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ച് ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥിനെ നിയോഗിച്ചത് ആര്‍.എസ്.എസാണ്. അപ്രതീക്ഷിതമായിരുന്നു യോഗിയുടെ മുഖ്യമന്ത്രി സ്ഥാനം. യു.പിയില്‍ അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. യോഗിയുടെ നേതൃത്വത്തിലാണ് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബി.ജെ.പി നേരിടുന്നത്.

content highlights: political history of uttar pradesh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented