കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ ഒരുകാലില്‍നിന്ന് ഞാന്‍ വിജയിക്കും. ഭാവിയില്‍ രണ്ടുകാലില്‍നിന്ന് ഡല്‍ഹിയിലും വിജയം നേടും- മമത പറഞ്ഞു. 

കഴിഞ്ഞ മാസം നന്ദിഗ്രാമില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ മമതയുടെ ഒരുകാലിന് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ വീല്‍ചെയറില്‍ ഇരുന്നായിരുന്നു മമതയുടെ പ്രചാരണം. ഇതിനെ സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമര്‍ശം. മൂന്നാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ഹൂഗ്ലിയിലെ ദേവാനന്ദപുറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കുറച്ചു സമയത്തിനുള്ളില്‍ നടത്തേണ്ടിയിരുന്നുവെന്ന് തിരഞ്ഞെടുപ്പു കമ്മിഷനെ വിമര്‍ശിച്ചു കൊണ്ട് മമത പറഞ്ഞു. എട്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്നും അവര്‍ ആരാഞ്ഞു. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ടുഘട്ടമായാണ് നടത്തുന്നത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടികളില്‍ ബി.ജെ.പി. അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതായും മമത ആരോപിച്ചു. 

മത്സരിക്കാന്‍ പ്രദേശിക സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്നും മമത വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നോ സി.പി.എമ്മില്‍നിന്നോ ആണ് ബി.ജെ.പി. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതെന്നും മമത പരിഹസിച്ചു. ഓസില്‍നിന്ന് വെള്ളം ചീറ്റിക്കുന്നതുപോലെ ബി.ജെ.പി. പണം ചിലവഴിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സോനാര്‍ ബംഗ്ല എന്ന് ശരിയായി പറയാന്‍ കഴിയാത്തവര്‍ക്ക് ബംഗാള്‍ ഭരിക്കാന്‍ കഴിയില്ലെന്നും മമത പറഞ്ഞു.

content highlights: will win bengal in one leg and delhi in two- mamata banerjee