കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് മാതൃഭൂമി സിവോട്ടര്‍ സര്‍വേ ഫലം. മമത ബാനര്‍ജി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നും ബി.ജെ.പി 120 സീറ്റ് വരെ നേടി വന്‍ പ്രകടനം കാഴ്ചവെയ്ക്കുമെന്നും സര്‍വേയില്‍ പറയുന്നു.

തൃണമുല്‍ കോണ്‍ഗ്രസ് 162 മുതല്‍ 168 സീറ്റുകള്‍ നേടി അധികാരത്തിലെത്തും. ബി.ജെ.പി 104 മുതല്‍ 120 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് ഇടത് സഖ്യം 18 മുതല്‍ 26 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.

17890 പേരാണ് സര്‍വേയുടെ ഭാഗമായത്. മമത സര്‍ക്കാരിന്റെ ഭരണം മികച്ചതാണ് എന്ന് 48.4 ശതമാനവും ശരാശരി എന്ന് 20.8 ശതമാനവും  മോശം എന്ന് 30.8 ശതമാനവും ആളുകള്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയില്‍ മമതയുടെ പ്രകടനം മികച്ചത് എന്ന് 58.7 ശതമാനവും ശരാശരി എന്ന് 15.1 ശതമാനവും മോശം 26.2 ശതമാനവും അഭിപ്രായപ്പെട്ടു. 

പുതിയ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് 54.9 ശതമാനം പേരുടെ പിന്തുണയുമായി മമത ബാനര്‍ജി മുന്‍പിലെത്തി. ബി.ജെ.പി അധ്യക്ഷന്‍ ദിലിപ് ഘോഷ് 32.3 ശതമാനവും മുകുള്‍ റോയി 6.5 ശതമാനവും ആധിര്‍ രഞ്ജന്‍ ചൗദരി (കോണ്‍ഗ്രസ്) 1.2 ശതമാനവും സുചോന്‍ ചക്രവര്‍ത്തി (സി.പി.എം) 1.3 ശതമാനവും പിന്തുണ നേടി.

Content Highlights: West Bengal pre-poll survey 2021: Mamata Banerjee likely to retain power