കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കൂച്ച് ബെഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് - ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ മരിച്ചു. അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാര്‍ അടക്കമുള്ള അഞ്ചു ജില്ലകളിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ്. 294 മണ്ഡലങ്ങളില്‍ എട്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

കൂച്ച് ബിഹാറിലെ സിതാല്‍കുച്ചി മണ്ഡലത്തിലാണ് കാര്യമായ സംഘര്‍ഷമുണ്ടായത്. സിതാല്‍കുച്ചിയിലെ ജോര്‍പത്കിയിലുള്ള ബൂത്ത് നമ്പര്‍ 126-ല്‍ സുരക്ഷയിലുണ്ടായിരുന്ന കേന്ദ്രസേന വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.

Content Highlights: West Bengal elections- Four killed in firing in Cooch Behar, EC seeks report