ര്‍വ്വസന്നാഹങ്ങളുമായി യുദ്ധകാഹളം മുഴക്കിയാണ് ബി.ജെ.പി. ഇത്തവണ ബംഗാളിലേക്ക് ഇരച്ചെത്തിയത്. അവിടെ മമതയ്ക്ക് പകരം വെക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടെ അരങ്ങേറിയ യുദ്ധത്തില്‍ മമത നായികയും തേരാളിയും പടയാളിയുമായി. അതുകൊണ്ടുതന്നെ തൃണമൂല്‍ നേടിയ വിജയം മമത ഒറ്റയ്ക്കു നേടിയ വിജയമാണെന്ന് പറഞ്ഞേ തീരൂ. അതവര്‍ക്ക് അനിവാര്യവുമായിരുന്നു. നന്ദിഗ്രാമില്‍ മമതയുടെ ജനവിധി വരാനിരിക്കുകയാണെങ്കിലും തൃണമൂലിന്റെ കുതിപ്പിന് ശോഭ കുറയുന്നില്ല.

ജയത്തില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കാത്ത യുദ്ധമായിരുന്നു ബംഗാളില്‍ ഇക്കുറി അരങ്ങേറിയത്. മമത ബാനര്‍ജിക്കത് അധികാരത്തിലേക്കുള്ള മൂന്നാം വരവിനായുള്ള പോരാട്ടമായിരുന്നെങ്കില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തിനായി 2014 മുതല്‍ ആരംഭിച്ച തയ്യാറെടുപ്പുകളുടെ പരിസമാപ്തിയായിരുന്നു ബി.ജെ.പിക്ക് അത്. ബംഗാളിന്റെ മണ്ണില്‍ ശേഷിക്കുന്ന സ്വന്തം ഇടം വീണ്ടെടുക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടമായിരുന്നു കോണ്‍ഗ്രസിന്റെ കൈകള്‍ പിടിച്ച് ഇടതുപാര്‍ട്ടികള്‍ നടത്തിയത്. എന്നാല്‍ ചരിത്രം ഇക്കുറിയും മമതയ്‌ക്കൊപ്പം നിന്നു.

അക്ഷരാര്‍ഥത്തില്‍ 2016-ലെ വിജയം ആവര്‍ത്തിക്കുകയാണ് മമത. ആകെയുള്ള 292 സീറ്റുകളില്‍ 216 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക് നീങ്ങുകയാണ്. വിഫലമായ പടയൊരുക്കങ്ങള്‍ ബി.ജെ.പിക്ക് നേടിക്കൊടുത്തത് 75 സീറ്റ് മാത്രം. കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യം ചിത്രത്തിലേയില്ല. കഴിഞ്ഞ തവണ 211 സീറ്റുകളാണ് ടി.എം.സിക്ക് ലഭിച്ചത്. അന്ന് ബി.ജെ.പി. 44 സീറ്റുകളും നേടിയിരുന്നു. 

രാഷ്ട്രീയമായ കീഴ്മേല്‍ മറിയലുകളുടേതാണ് സ്വാതന്ത്ര്യാനന്തര ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം. ആദ്യം കോണ്‍ഗ്രസും പിന്നീട് ഇടതുപക്ഷവും കൈയ്യാളിയ പതിറ്റാണ്ടുകളുടെ അധികാര ചരിത്രത്തെ തകര്‍ത്തുകൊണ്ടാണ് 2011-ല്‍ നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ പിന്‍ബലത്തില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുന്നത്. പിന്നീടിങ്ങോട്ട് മെലിഞ്ഞുവരുന്ന കോണ്‍ഗ്രസ്, സിപിഎം കക്ഷികളുടെ രാഷ്ട്രീയ ഇടം സമര്‍ഥമായി പ്രയോജനപ്പെടുത്തിയാണ് ബിജെപി-ആര്‍എസ്എസ് ബംഗാളില്‍ അവരുടെ ചുവടുറപ്പിക്കുന്നത്. അതിന്റെ ഫലപ്രാപ്തിയായിരുന്നു ഇക്കുറി ബിജെപി പ്രതീക്ഷ.

കേന്ദ്രസര്‍ക്കാരിനോടും മോദിയോടും നിരന്തരം കലഹിച്ചുകൊണ്ട്, ബിജെപിയുടെ കണ്ണിലെ കരടായാണ് മമതയുടെ ഒറ്റയാള്‍ പോരാട്ടം. അതുകൊണ്ടുതന്നെ ബംഗാള്‍ പിടിക്കുക എന്നതിനൊപ്പം മമതയെ വീഴ്ത്തേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. അതിനായി വളരെ ആസൂത്രിതമായ നീക്കമാണ് ബംഗാളില്‍ ബിജെപി നടത്തിയത്. അതിനായി തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്താണ് അവര്‍ അടര്‍ക്കളത്തിലിറങ്ങിയത്.

മമത, ഏകാകിയായ യോദ്ധാവ്

കേന്ദ്ര ഭരണവും സമ്പത്തും സര്‍വോപരി, അധികാരത്തിനായി ഏതറ്റംവരെയും പോകുന്ന കുടില രാഷ്ട്രതന്ത്രജ്ഞതയും കൈമുതലായുള്ള ബിജെപിയുടെ സന്നാഹങ്ങളെയായിരുന്നു മമതയ്ക്ക് ഒറ്റയ്ക്ക് നേരിടേണ്ടിയിരുന്നത്. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെയുള്ള മമതയുടെ യുദ്ധം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ പോരാട്ടം കൂടിയായാണ് വിലയിരുത്തപ്പെട്ടത്. ബി.ജെ.പിയും മോദിയും അമിത് ഷായും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിച്ച് പ്രത്യാക്രമണത്തിന്റെ പോര്‍മുഖം തുറക്കുകയായിരുന്നു മമത. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നെ തന്നെ ബി.ജെ.പി. ആരംഭിച്ച കരുനീക്കങ്ങള്‍ക്ക് സമയാസമയം തടയിടാന്‍ മമതയുടെ പ്രായോഗികരാഷ്ട്രീയപരിചയം വിശാലമായ പരിചയായി.

ടി.എം.സിയിലെ ജനപ്രിയരായ നേതാക്കളെയും മമതയുടെ വിശ്വസ്തരെയും അടര്‍ത്തിയെടുക്കുക എന്നതായിരുന്നു ബംഗാളിലും ബി.ജെ.പി. അടവ്. എന്നാല്‍ ഇതിനെതിരെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള തന്ത്രങ്ങളാണ് മമത ആവിഷ്‌കരിച്ചത്. ഇതിനായി തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിനെ നിയോഗിച്ചുകൊണ്ടുള്ള നീക്കമായിരുന്നു അവര്‍ നടത്തിയത്. ബംഗാളില്‍ 'ബംഗാളിന്റെ മകള്‍ ' എന്നതാണ് ടി.എം.സിക്കായി പ്രശാന്ത് രൂപപ്പെടുത്തിയ പ്രചരണവാക്യം. ബംഗാളില്‍ ബി.ജെ.പി. വരത്തരാണെന്ന് ആരോപിച്ചു കൊണ്ടുള്ളതായിരുന്നു ഈ നീക്കം. മമത അധികാരത്തിലെത്തുമെന്ന് പ്രശാന്ത് കിഷോര്‍ ഉറപ്പിച്ച് പറഞ്ഞു, ബി.ജെ.പി. 100 സീറ്റ് തികച്ചാല്‍ താന്‍ ഈ പണിനിര്‍ത്തുമെന്നും.

മറ്റ് രാഷ്ട്രീയവിഷയങ്ങള്‍ക്കൊപ്പം പത്ത് വര്‍ഷത്തെ മമതയുടെ ഭരണമായിരുന്നു ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. എന്നാല്‍ മമത സര്‍ക്കാരിനെക്കുറിച്ച് അത്ര മികച്ച അഭിപ്രായം ബംഗാളികള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. അതിനെ മറികടക്കാന്‍ മമത എന്ന വ്യക്തിയുടെ പ്രതിച്ഛായതന്നെയാണ് തിരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗിച്ചത്. ബിജെപിയുടെ വളഞ്ഞിട്ട് ആക്രമണങ്ങളെ ഒറ്റയ്ക്ക് എതിര്‍ക്കുന്ന പോരാളിയുടെ ചിത്രമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ മമത മുന്നോട്ടുവെച്ചത്. നന്ദിഗ്രാമില്‍ തനിക്കുനേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം വീല്‍ചെയറിലായിരുന്നു മമത എത്തിയത്.

ബി.ജെ.പിയുടെ പടനീക്കങ്ങള്‍ക്കൊപ്പം മറ്റു പ്രതിസന്ധികളും ഇത്തവണ മമതയ്ക്ക് നേരിടേണ്ടതുണ്ടായിരുന്നു. ഭരണവീഴ്ചകള്‍, പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍, വിശ്വസ്തരുടെ കൊഴിഞ്ഞുപോക്ക്, അഴിമതി ആരോപണങ്ങള്‍, അനന്തിരവന്‍ അഭിഷേക് ബാനര്‍ജിയുടെ വഴിവിട്ട നടപടികള്‍ തുടങ്ങിയവയൊക്കെ ഭീഷണിയായിരുന്നു. ഒപ്പം, കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സഖ്യമുണ്ടാക്കി വേറിട്ട് മത്സരിക്കുന്നതിലൂടെ മുസ്ലീം, മതേതര വോട്ടുകള്‍ വിഘടിക്കപ്പെടുമെന്നതും മമത നേരിട്ട വലിയ ഭീഷണിയായിരുന്നു.

ബിജെപിയുടെ പാഴായ പടയൊരുക്കം

ബംഗാള്‍ പിടിക്കാനുള്ള ബി.ജെ.പി.-ആര്‍.എസ്എസ്. ശ്രമം 2014 മുതല്‍ തുടങ്ങിയതാണ്. ഒരു പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച മമത സര്‍ക്കാരിനോട് സ്വാഭാവികമായി ഉയരാവുന്ന ഭരണവിരുദ്ധ വികാരവും ഹൈന്ദവ വോട്ടുകളുടെ ഏകീകരണവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അനുകൂലമാക്കാനുള്ള നീക്കമാണ് ബി.ജെ.പി. നടത്തിയത്. ഒപ്പം 30 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം വിഘടിപ്പിക്കുമെന്ന് അവർ കണക്കൂകൂട്ടി. 70 ശതമാനം വരുന്ന ഹൈന്ദവ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ പതിവുപോലെ വികസന വാഗ്ദാനങ്ങളും അതിതീവ്ര ഹിന്ദുത്വ മുദ്രാവാക്യങ്ങളും അവര്‍ മുന്നോട്ടുവെച്ചു. ഇതിന്റെ ഭാഗമായി പൗരത്വ നിയമഭേദഗതി, പൗരത്വ പട്ടിക, അയോധ്യ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയവയാണ് അതിനായി ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ആവര്‍ത്തിച്ചതും ഇതിന്റെ ഭാഗമായായിരുന്നു.

മറ്റു പല സംസ്ഥാനങ്ങളിലും പയറ്റി വിജയിച്ച, നേതാക്കളെ അടര്‍ത്തി മാറ്റുക എന്ന തന്ത്രവും ബംഗാളില്‍ ബി.ജെ.പി. വ്യാപകമായി ഉപയോഗിച്ചു. പ്രലോഭനം, പദവി വാഗ്ദാനം, സമ്മര്‍ദ്ദം തുടങ്ങിയ പതിവ് മുറകള്‍തന്നെയാണ് പ്രയോഗിക്കപ്പെട്ടത്. മുകുള്‍ റോയി  മുതല്‍ സുവേന്ദു അധികാരി വരെയുള്ള ടി.എം.സി നേതാക്കളെ ബി.ജെ.പിയുടെ പാളയത്തിലെത്തിച്ചത് ഈ മാര്‍ഗ്ഗങ്ങളിലൂടെയാണ്. മുന്‍ റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി രാജ്യസഭയില്‍ നാടകീയമായി രാജിപ്രഖ്യാപിച്ചതും മമതക്കെതിരെ ആരോപണമുയര്‍ത്തിയതും ഇതിന്റെ ഭാഗമായി ആയിരുന്നു. 

നന്ദിഗ്രാം അടക്കമുള്ള ഗ്രാമീണ മേഖലകളില്‍ ആഴത്തില്‍ സ്വാധീനമുള്ള, നന്ദിഗ്രാം സമരത്തിലും പിന്നീടും മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരികാരിയെ മടയില്‍ച്ചെന്ന് നേരിടുകയായിരുന്ന മമത. തന്റെ സുരക്ഷിത തട്ടകമായ ഭവാനിപുര്‍ വിട്ട് സുവേന്ദു അധികാരി മത്സരം പ്രഖ്യാപിച്ച നന്ദിഗ്രാമില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുകയായിരുന്നു മമത. അധികാരി കുടുംബത്തിന്റെ തട്ടകമായ നന്ദ്രിഗ്രാമില്‍ മമതയുടെ വിധി എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്നാല്‍, നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള ആ ധീരമായ തീരുമാനമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ഈ ഉജ്ജ്വല വിജയം നേടാനുള്ള കരുത്തു നല്‍കിയത് എന്നത് നിസ്തർക്കമാണ്.

അധികാരവും പണവും വ്യക്തിഗതമായ ബിംബനിര്‍മിതിയും കൊണ്ടുമാത്രം എല്ലായ്‌പോഴും ജനാധിപത്യത്തില്‍ വിജയം സാധ്യമല്ലെന്ന തിരിച്ചറിവാണ് ഈ തിരിച്ചടി ബി.ജെ.പിക്കുണ്ടാക്കുന്നത്. കോവിഡ് മഹാമാരിയെപ്പോലും പരിഗണിക്കാതെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്തിട്ടും ബിജെപിക്ക് മൂന്നിലൊന്ന് സീറ്റു മാത്രമേ നേടാനായുള്ളൂ. കുതിരക്കച്ചവടത്തിന് ഒരു സാധ്യതപോലും ഒഴിച്ചിടാതെ സമഗ്രമേധാവിത്വം നേടാന്‍ മമതയ്ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ മോദി സര്‍ക്കാരിനെതിരെ ചീറ്റപ്പുലിയെപ്പോലെ പോരാടുന്ന മമതയുടെ വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനിയും മായ്ക്കാനാകാത്ത പ്രതിപക്ഷ ഇടത്തെയാണ് പൂരിപ്പിക്കുന്നത്.

Content Highlights: West Bengal Assembly Election 2021, Mamata Banarjee