കൊൽക്കത്ത: മുപ്പത്തിനാലുവർഷം അധികാരത്തിലിരുന്ന പശ്ചിമബംഗാളിൽ ‘സംപൂജ്യ’രായി ഇടതുമുന്നണിയും കോൺഗ്രസും. കഴിഞ്ഞതവണ 44 സീറ്റ് നേടി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായിരുന്നു കോൺഗ്രസ്.

ശക്തികേന്ദ്രമായ മുർഷിദാബാദിൽ ഒരു സീറ്റുപോലും കോൺഗ്രസിനില്ല. പി.സി.സി. അധ്യക്ഷനും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചയാളുമായ അധീർ രഞ്ജൻ ചൗധരിയുടെ തട്ടകമാണിത്.

അസൻസോളിലെ ജമുരിയ മണ്ഡലം ഉണ്ടായ കാലംമുതൽ കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ ഇവിടെ ജയിച്ചിരുന്ന ഇടതുപക്ഷം ഇക്കുറി നേടിയത് മൂന്നാം സ്ഥാനം. വിദ്യാർഥിസംഘടനാരംഗത്ത് ശ്രദ്ധേയയായ സി.പി.എമ്മിന്റെ ഐഷിഘോഷായിരുന്നു ഇവിടെ സ്ഥാനാർഥി. സിലിഗുഡിയിലെ മുതിർന്ന നേതാവും പ്രതികൂല സാഹചര്യത്തിലും ജയിക്കുന്നയാളുമായ അശോക് ഭട്ടാചാര്യക്കും ഇത്തവണ അടിതെറ്റി.

ചണ്ഡിത്തലയിൽ സി.പി.എം. പി.ബി. അംഗമായ മുഹമ്മദ് സലീമും തോറ്റു. കഴിഞ്ഞ നിയമസഭയിലെ സി.പി.എം. പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൾ മന്നാന്റെ തോൽവിയും അവിശ്വസനീയമായി.