sreeprasad
ശ്രീപ്രസാദ് എം. കുട്ടന്‍

ശ്ചിമ ബംഗാളിലെ ശാസ്ത്ര സാങ്കേതിക ബൗദ്ധിക മേഖലകളിലെ സംഘ പരിവാര്‍ സാന്നിധ്യത്തിന് ചുക്കാന്‍ പിടിക്കുന്ന മലയാളിയാണ് തൃശൂര്‍ സ്വദേശിയായ ശ്രീപ്രസാദ് എം. കുട്ടന്‍. ശാസ്ത്ര സാങ്കേതിക രംഗത്തെ സംഘപരിവാര്‍ സംഘടനയായ വിജ്ഞാന ഭാരതിയുടെ പശ്ചിമ ബംഗാള്‍, സിക്കിം, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍വ മേഖലയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. ഏഴ് വര്‍ഷമായി കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീപ്രസാദ് ബംഗാളിലെ മുഴുവന്‍ ഗ്രാമങ്ങളിലും യാത്രചെയ്ത് സംഘടനാ പ്രവര്‍ത്തനം നടത്തിവരുന്നു. നിലവിലെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം, തിരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ സാദ്ധ്യതകള്‍ എന്നിവ പങ്കുവെക്കുന്നു. 

എന്താണ് വിജ്ഞാന ഭാരതി ബംഗാളില്‍ ചെയ്യുന്നത്? 

വിജ്ഞാന ഭാരതി ഭാരതത്തിന് അകത്തും പുറത്തും പ്രവര്‍ത്തനമുള്ള ഒരു സ്വതന്ത്ര ശാസ്ത്ര സംഘടനയാണ്. ബംഗാളില്‍ വിവേകാനന്ദ വിജ്ഞാന്‍ മിഷന്‍ എന്ന പേരില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ബംഗാളിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിനായി ശാസ്ത്ര സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുക, നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വദേശി ഭാവത്തിലൂന്നിയ ശാസ്ത്രചിന്ത വളര്‍ത്തുക എന്നിവയാണ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍. ബംഗാളിന് അതിന്റേതായ ഒരു സ്വദേശി ചിന്താധാരയുണ്ട്. ആധുനിക ശാസ്ത്ര ചിന്തയുടെ വികസനം ബംഗാളില്‍ നിന്നാണ് തുടങ്ങിയത് എന്ന് പറയാം. 

അശുതോഷ് മുഖര്‍ജി, ജഗദീശ് ചന്ദ്രബസു, പി.സി റായ് എന്നിവര്‍ തുടങ്ങിവെച്ച ആ ശാസ്ത്ര നവോത്ഥാനം ബ്രിട്ടീഷ് ഭരണകൂടത്തിനോടുള്ള നിരന്തരമായ പോരാട്ടത്തിലൂടെ സാധ്യമാക്കിയെടുത്തതാണ്. ഒരു ഘട്ടത്തില്‍ നഷ്ടപ്പെട്ടു പോയ ആ സ്വദേശി ചിന്താധാരയെ വീണ്ടും ബംഗാളിലേക്ക് തിരികെ എത്തിക്കുക എന്ന ഉത്തരവാദിത്വവും വിജ്ഞാന ഭാരതി നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി നിരന്തരമായി ബംഗാളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും യാത്ര ചെയ്യുന്നുണ്ട്. എല്ലാ ജില്ലകളിലും വിജ്ഞാന ഭാരതിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒ കളുമുണ്ട്.

ബംഗാളില്‍ ബി.ജെ.പിയുടെ സാധ്യതകളെങ്ങനെ?

പശ്ചിമ ബംഗാളില്‍ ഇതൊരു കനത്ത രാഷ്ട്രീയ പോരാണ്. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഇത് ഭരണം നിലനിര്‍ത്താനുള്ള പോരാട്ടമെങ്കില്‍ ബി.ജെ.പിക്കിത് ഇനിയില്ലെങ്കില്‍ ഒരിക്കലുമില്ല എന്ന തരത്തിലുള്ള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ ബി.ജെ.പി വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പോടെയാണ് ബി.ജെ.പി രാഷ്ട്രീയ പോരാട്ടത്തില്‍ മാനസിക ആധിപത്യം ഉറപ്പിച്ചത്. മാധ്യമങ്ങളും തൃണമൂലും പ്രതീക്ഷിച്ചതില്‍ നിന്നു വ്യത്യസ്തമായി വലിയ വിജയമാണ് ബി.ജെ.പിക്കുണ്ടായത്. ആ കണക്കുകള്‍ തന്നെയാണ് ഈ വിശകലത്തിന്റെ പ്രൈമറി ഡാറ്റ.  120 നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാമതെത്തിയത്. അയ്യായിരത്തിന് താഴെ മാത്രം വോട്ട് വ്യത്യാസം വരുന്നത് 30 മണ്ഡലങ്ങളില്‍. പതിനായിരത്തിനടുത്ത് വ്യത്യാസം വരുന്ന മണ്ഡലങ്ങള്‍ പത്തിലേറെയുണ്ട്. ഈ വ്യത്യാസം ബി.ജെ.പിക്ക് അനുകൂലമായി മാറുന്നത് എങ്ങിനെയെന്നാണ് കണക്കാക്കുന്നത്.

ലോക്‌സഭാ ഇലക്ഷന് ശേഷം ബി.ജെ.പിയിലേക്ക് ചേര്‍ന്ന തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ വെച്ച് നമുക്കിതിനെ കാണാന്‍ കഴിയില്ല. ഇവിടെ വലിയ രീതിയില്‍ ഉള്ള അനുയായിവൃന്ദം ആണ് നേതാക്കളോടൊപ്പം പാര്‍ട്ടി മാറുന്നത്. അവര്‍ നിയന്ത്രിക്കുന്ന പ്രദേശം മൊത്തത്തില്‍ പാര്‍ട്ടി മാറും. പാര്‍ട്ടി ഓഫീസുകള്‍ നേരം വെളുക്കുന്ന നേരത്ത് നിറവും കൊടിയും  മാറി നില്‍ക്കുന്ന കഥകള്‍ ഇവിടെ നിന്നും കേള്‍ക്കുന്നത് അത് കൊണ്ടാണ്. 

തൃണമൂലിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രധാന വിള്ളല്‍ ഉണ്ടാക്കിയുള്ള കൊഴിഞ്ഞു പോക്കായിരുന്നു സുവേന്ദു അധികാരിയുടേതും രാജീവ് ബാനര്‍ജിയുടേതും. മിഡ്‌നാപൂര്‍ ഏരിയയിലും ഹാവ്‌റ, ഹൂഗ്ലി ഏരിയകളിലുമായി അമ്പതിലേറെ സീറ്റുകളില്‍ വലിയ രീതിയില്‍ മാറ്റം വരുത്താന്‍ ഈ നേതാക്കള്‍ക്കാകും. നേരത്തെ പറഞ്ഞ 120 സീറ്റുകളില്‍ ഉള്‍പ്പെടാത്തവയാണ് ഈ സീറ്റുകള്‍ എന്നുള്ളതാണ് ബി.ജെ.പിയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്

മമത ബാനര്‍ജി തളരും എന്ന് തന്നെയാണോ കരുതുന്നത്?

മമത ബാനര്‍ജി അങ്ങനെ എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു നേതാവല്ല. ഒരു യഥാര്‍ത്ഥ സ്ട്രീറ്റ് ഫൈറ്റര്‍ ആണവര്‍. പക്ഷെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ പാര്‍ട്ടിയിലെ കരുത്തരായ നേതാക്കള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതോടെയാണ് മമതയുടെ കാലിടറിയത്. നന്ദിഗ്രാമിലെ പോരാട്ടത്തില്‍ മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു അധികാരിയും തൃണമൂല്‍ എന്ന പാര്‍ട്ടിയെ ബംഗാളിലെ ഗ്രാമങ്ങളില്‍ അടക്കം ബൂത്ത് ലെവലില്‍ കൃത്യമായി വളര്‍ത്തിയെടുത്ത മുകുള്‍ റോയും മമതയെ വിട്ടു പോകാന്‍ കാരണം പിഷി - ബായ്‌പോ എന്ന് ബംഗാളികള്‍ പറയുന്ന ഈ  സ്‌നേഹവായ്പാണ്. 

മമതയുടെ നിലവിലെ മണ്ഡലമായ ഭവാനിപൂര്‍ വിട്ട് പോകാന്‍ ഒരു പ്രധാന കാരണം കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ ആ മണ്ഡലത്തില്‍ ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം വെറും 3000 ആണെന്നതാണ്. ഭവാനിപൂരില്‍ കൂടുതല്‍ ഉള്ള ഗുജറാത്തി - മാര്‍വാഡി സമൂഹവും മമതയുടെ ബംഗാളികള്‍ അല്ലാത്തവരെ ആക്ഷേപിക്കുന്ന സ്ഥിരം സ്വഭാവത്തില്‍ അസ്വസഥരുമാണ്. നന്ദിഗ്രാമില്‍ സുവേന്ദു വരുത്തിവെക്കാന്‍ സാധ്യതയുള്ള നഷ്ടം കുറക്കുക മാത്രമല്ല, ഭവാനിപുരിലെ പരാജയഭീതി കൂടെ മമതയെ കൊല്‍ക്കത്തയില്‍ നിന്നു മിഡ്‌നാപുര്‍ ഏരിയയിലേക്ക് പോകാന്‍ നിര്‍ബന്ധിതമാക്കി.

ബംഗാളിലെ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്താണ്?

ബംഗാള്‍ ജനത അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. വികസനവും തൊഴിലില്ലായ്മയും തൊഴിലിന് ന്യായമായ കൂലിയും എല്ലാം തന്നെ പ്രധാന  വിഷയങ്ങള്‍ ആണ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യുക  നാമാവശേഷമായ ക്രമസമാധാന പാലനത്തിന് തന്നെ ആയിരിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ഗുണ്ടാരാജാണ് ബംഗാളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്നത്. ബി.ജെ.പിയുടെ ഒരു എം.എല്‍.എ അടക്കം നൂറിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പക്ഷെ രേഖകളില്‍ വന്നത് എല്ലാം ആത്മഹത്യയായും. എങ്ങിനെയാണ് ഒരു പാര്‍ട്ടിയുടെ മാത്രം 100 ലേറെ പ്രവര്‍ത്തകര്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം കാണാതാവുകയും അതിനുശേഷം എവിടെയെങ്കിലും തൂങ്ങി മരിച്ചതായി കാണപ്പെടുകയും ചെയ്യുന്നത്? 

പോലീസ് ആത്മഹത്യ എന്ന് രേഖപ്പെടുത്തി എല്ലാ കേസുകളും അവസാനിപ്പിക്കുന്നു. നീതിപൂര്‍ണമായ ഒരു ഭരണം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം തദ്ദേശവാസികളായ ജനങ്ങള്‍ക്ക് പരിഭ്രാന്തി പരത്തുന്ന ഒന്നാണ്. കൊല്‍ക്കത്തയിലും ബംഗാളിലെ  ഹൈവേകളുടെ ഇരു വശങ്ങളും നിരവധി കുടിയേറ്റക്കാരായ സമൂഹങ്ങള്‍ തിങ്ങി പാര്‍ക്കുന്നത് ഇന്ന് ഒരു സാധാരണ കാഴചയാണ്. സി.എ.എയും എന്‍.ആര്‍.സിയും അതിനാല്‍ തന്നെ ഇത്തവണ ഇലക്ഷനില്‍ കാര്യമായ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ആണ്.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ടോ? 

ഒരു മലയാളി എന്ന നിലക്ക് ബംഗാളില്‍ വന്ന കാലം മുതല്‍ക്കേ ഇടതുപക്ഷത്തെ നോക്കി കാണുന്നുണ്ട്. ദയനീയമായ ഒരു അവസ്ഥയില്‍കൂടെ കടന്നുപോകുന്ന ഇടതുപക്ഷം ഈയൊരു തിരഞ്ഞെടുപ്പിനെ അതിജീവനത്തിനുള്ള അവസാന പിടിവള്ളി എന്ന നിലയില്‍ ആണ് കാണുന്നത്. പക്ഷെ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഐ.സ്.എഫും ചേര്‍ന്ന ഒരു കൂട്ടുകക്ഷിയായി അത് പരിണമിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ കണ്ട ആവേശം ഒന്നും പക്ഷെ ആ കൂട്ടുകക്ഷിയില്‍ ഇപ്പോള്‍ കാണാനില്ല. സ്വന്തം ജയത്തിനു പകരം ബി.ജെ.പിയുടെ വരവ് തടയാന്‍ വേണ്ടി ഈ കൂട്ടുകക്ഷി മുന്നണി  മമതയുമായി ഒരു അടവുനയം സ്വീകരിച്ചോ എന്നുള്ളതാണ് ബി.ജെ.പി ഉയര്‍ത്തുന്ന ചോദ്യം. എന്തുതന്നെ ആയാലും ഇടതു പക്ഷത്തിന്  ഇരുപതില്‍ താഴെ സീറ്റുകള്‍ മാത്രമേ ഇത്തവണ ലഭിക്കാന്‍ സാധ്യത കാണുന്നുള്ളൂ.  

മമത-സുവേന്ദു പോരില്‍ ആര് ജയിക്കും എന്നാണ് കരുതുന്നത്?

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ഒരു പോരാട്ടമാണ് നന്ദിഗ്രാമിലേത്. മമതയുടെ നന്ദിഗ്രാമിലെ സമരവും ഇടതുപക്ഷത്തിന്റെ നീണ്ടകാലത്തെ ഭരണത്തിന് അന്ത്യംകുറിച്ച മമതയുടെ നന്ദിഗ്രാം സമരവിജയവും പശ്ചിമ ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ആ നന്ദിഗ്രാമില്‍ മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു ഇന്ന് എതിര്‍ പക്ഷത്തുനിന്ന് മമതയെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിലേക്ക് ചെല്ലുന്ന മമതയും ബംഗാള്‍ തിരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയാണ്. 

രണ്ടാം ഘട്ട ഇലക്ഷനില്‍ നേര്‍ക്ക് നേര്‍ പോരാടിയ മമതയും സുവേന്ദു അധികാരിയും ഒരു അനായാസ ജയം പ്രതീക്ഷിക്കുന്നില്ല. രണ്ടാം ഘട്ട ഇലക്ഷനില്‍ വളരെ ഉയര്‍ന്ന തോതിലുള്ള പോളിംഗ് ശതമാനമാണ് കാണാന്‍ കഴിഞ്ഞത്. അത് തീര്‍ച്ചയായും മമത ബാനര്‍ജിക്ക് അനുകൂലമായ ഒന്നല്ല  എന്നാണ് വിലയിരുത്തുന്നത്. കാരണം അതിശക്തമായ ഒരു ഭരണ വിരുദ്ധ വികാരത്തിന്റെ പുറത്താണ് ഉയര്‍ന്ന പോളിങ് മിക്കവാറും സംഭവിക്കാറുള്ളത്. 

ഇനിയുള്ള ഘട്ടങ്ങള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ഇനി ഇലക്ഷന്‍ നടക്കാന്‍ പോകുന്ന സ്ഥലങ്ങള്‍ പ്രസിഡന്‍ഷ്യല്‍ ഏരിയ എന്ന് വിളിക്കപ്പെടുന്ന കൊല്‍ക്കത്ത മഹാനഗരവും അതിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, റാര്‍ ബംഗാള്‍ എന്നറിയപ്പെടുന്ന മധ്യ ബംഗാള്‍ ഏരിയകള്‍, കൂടെ ഉത്തര ബംഗാള്‍, ഹില്‍ ഏരിയകള്‍ എന്നിവയാണ്. ബി.ജെ.പി പൂര്‍ണ ആധിപത്യം പുലര്‍ത്തുന്ന സ്ഥലങ്ങളാണ് ഉത്തര ബംഗാളിലേത്. റാര്‍ ബംഗാള്‍ ഏരിയയിലെ ദുര്‍ഗാപൂര്‍, അസന്‍സോള്‍ എല്ലാം തന്നെ ബി.ജെ.പി അനുകൂല പ്രദേശങ്ങളാണ്. 

തൃണമൂല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് പ്രസിഡന്‍ഷ്യല്‍ ഏരിയയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മേഖലകളിലും ആണ്. കഴിഞ്ഞ മൂന്നു ഘട്ടങ്ങളിലെ വോട്ടിങ് രീതി കണ്ട പൊതുവെ ഞങ്ങള്‍ ഒരു ഭരണ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. അത് തുടര്‍ന്ന് വരുന്ന ഘട്ടങ്ങളില്‍ നിര്‍ണായകമാവും. കൂടാതെ പൊതുവെ അക്രമ സംഭവങ്ങള്‍ കുറഞ്ഞ ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എല്ലാവരും ആ സ്വാതത്ര്യം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. ബി.ജെ.പി ഒരു 180 ന് മുകളില്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് വിലയിരുത്തുന്നത്.