കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. കാല് എല്ലാവരെയും കാണിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് വിവാദത്തിലായത്.

തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തിയത്. 'ഇപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി ബാന്‍ഡേജ് കെട്ടിയിരിക്കയാണ്. ഇപ്പോള്‍ കാലുകളാണ് അവര്‍ ആളുകളെ കാണിക്കുന്നത്. ഒരു കാല് കാണിച്ചും ഒരെണ്ണം കാണിക്കാതെയുമാണ് അവര്‍ സാരിയുടുക്കുന്നത്. ഇങ്ങനെ ഒരാള്‍ സാരി ധരിക്കുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കാല് കാണിക്കാനാണെങ്കില്‍ എന്തിനാണ് സാരി ഉടുക്കുന്നത്. ബര്‍മുഡ ധരിച്ചാല്‍ പോരെ. എന്നാല്‍ എല്ലാവര്‍ക്കും വ്യക്തമായി കാണാമല്ലോ', ദിലീപ് ഘോഷ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ പരാമര്‍ശം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ബര്‍മുഡ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ദിലീപ് ഘോഷ് ആഭാസനാണെന്ന് ട്വീറ്റ് ചെയ്തു.

Content Highlights: Wear Bermudas Row Over Dilip Ghosh's Latest Attack On Mamata Banerjee