കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്നും തൃണമൂല്‍ ആരോപിച്ചു. 

294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറിക് ഒബ്രിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതായും ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പാര്‍ട്ടി പ്രതിനിധി സംഘം തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്താണ് സംഭവിക്കുന്നത് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ വോട്ടിങ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കാമോ എന്നും ഞെട്ടിപ്പിക്കുന്നതാണ് ഇതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ പറയുന്നു. അടിയന്തരമായി ഇടപെടാന്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റില്‍ ആവശ്യപ്പെടുന്നുമുണ്ട്. 

വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ വി.വി.പാറ്റില്‍ കാണുന്നത് ബി.ജെ.പിയുടെ ചിഹ്നമണെന്നും കാന്തി ദക്ഷിണ്‍ നിയോജക മണ്ഡലത്തിലെ ധാരാളം വോട്ടര്‍മാര്‍ ആരോപിക്കുന്നു. ഇത് ഗൗരവതരമാണ്. ക്ഷമിക്കാനാവാത്തതാണ്- മറ്റൊരു ട്വീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

content highlights: trinamool alleges voter turnout discrepancy and evm malfunction