ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും ലംഘനം നടന്നുവെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി, വിദേശ രാജ്യത്തുനിന്ന് പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.

മാര്‍ച്ച് 26, 27 തീയതികളില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ 50-ാം വാര്‍ഷികാഘോഷത്തിലും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തെ എതിര്‍ക്കുന്നില്ല എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ മാര്‍ച്ച് 27 ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ചാണ് അവരുടെ പരാതി.

പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മാര്‍ച്ച് 27-ലെ പരിപാടികളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. വിദേശ രാജ്യത്തുനിന്ന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ മുമ്പ് ഒരു പ്രധാനമന്ത്രിമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. ശന്തനു ഠാക്കൂര്‍ എന്ന ബി.ജെ.പി. എംപിയെ പ്രധാനമന്ത്രി ഒപ്പംകൂട്ടിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തൃണമൂല്‍ ആരോപിച്ചു. മറ്റൊരു പാര്‍ട്ടികളിലെയും എംപിമാരെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിക്ക് ഒപ്പംപോകാന്‍ ക്ഷണിച്ചിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു. ഇനി ഏഴ് ഘട്ടങ്ങള്‍കൂടി പൂര്‍ത്തിയാകാനുണ്ട്. ഏപ്രില്‍ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Content Highlights: TMC files complaint with EC over Violation of Model Code of Conduct by PM during Bangladesh visit