ന്യൂഡല്‍ഹി: നന്ദിഗ്രാമിനു പിന്നാലെ ബംഗാളിലെ സിംഗൂരിലും കനത്ത പോരാട്ടം. മമതാ ബാനര്‍ജിയുടെ മുന്‍ വിശ്വസ്തനും നിലവിലെ വിശ്വസ്തനും തമ്മിലാണ് ഏറ്റുമുട്ടല്‍. 2006-ല്‍ സിംഗൂരില്‍ കാര്‍ നിര്‍മാണ ഫാക്ടറിക്കായി കൃഷിസ്ഥലമേറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചുയര്‍ന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളികളായിരുന്ന രബീന്ദ്രനാഥ് ഭട്ടാചാര്യയും ബെചാരാം മന്നയുമാണ് ചേരിതിരിഞ്ഞ് മത്സരിക്കുന്നത്. രണ്ടുപേരും മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു. രബീന്ദ്ര നാഥ് ഭട്ടാചാര്യ ബി.ജെ.പി. സ്ഥാനാര്‍ഥിയും ബെചാരാം മന്ന ടി.എം.സി. സ്ഥാനാര്‍ഥിയും.

മമതയുടെ താവളങ്ങള്‍ അവരുടെ മുന്‍ വിശ്വസ്തരെ ഉപയോഗിച്ച് പിടിച്ചടക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. ബംഗാളില്‍ പ്രയോഗിക്കുന്നത്. നന്ദിഗ്രാമില്‍ മമതയുടെ ദീര്‍ഘകാല വിശ്വസ്തനും ടി.എം.സി. യിലെ മുതിര്‍ന്ന നേതാവുമായിരുന്ന സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. സിംഗൂരിലും സമാന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്.

89 വയസ്സുകാരനായ ഭട്ടാചാര്യയെ പ്രായാധിക്യം ചൂണ്ടിക്കാട്ടി മമത ഇക്കുറി ഒഴിവാക്കിയതാണ്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ബി.ജെ.പി.യില്‍ ചേര്‍ന്ന ഭട്ടാചാര്യ സിംഗൂരില്‍ മമതക്കെതിരേ അന്നുതന്നെ പോരാട്ടം പ്രഖ്യാപിച്ചിരുന്നു. സിംഗൂര്‍ പ്രക്ഷോഭത്തില്‍ ഭട്ടാചാര്യയുടെ സഹപ്രവര്‍ത്തകനായിരുന്നു ബെചാരാം മന്ന. റിട്ട. സ്‌കൂള്‍ അധ്യാപകനായ ഭട്ടാചാര്യ നാലുവട്ടം ടി.എം.സി.യുടെ എം.എല്‍.എ.യായിരുന്നു. മമതാമന്ത്രിസഭയില്‍ കൃഷി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.

content highlights: Singur Constituency, Becharam Manna VS Rabindranath Bhattacharjee