മുംബൈ: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ശിവസേന പ്രഖ്യാപിച്ചു. പകരം, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് പൂർണപിന്തുണ നൽകും. പാർട്ടിനേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്താണ് ശിവസേനയുടെ നിലപാട് വ്യക്തമാക്കിയത്.

പശ്ചിമബംഗാൾ നിയമസഭാതിരഞ്ഞെടുപ്പിൽ ശിവസേന മത്സരിക്കുമെന്ന് റാവുത്ത് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, അവിടെ മമതയ്‌ക്കെതിരേ ബാക്കിയുള്ളവരെല്ലാം ഒന്നിച്ചിരിക്കയാണെന്നും ഈ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകുകയാണ് വേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നെന്നും റാവുത്ത് പറഞ്ഞു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറേയുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത് എന്ന് അദ്ദേഹം പറഞ്ഞു.

മമതാ ബാനർജിയാണ് യഥാർഥ ബംഗാൾ കടുവ എന്നാണ് ശിവസേന വിശ്വസിക്കുന്നതെന്ന് റാവുത്ത് പറഞ്ഞു. പണവും സ്വാധീനശക്തിയും മാധ്യമങ്ങളും എല്ലാം അവർക്കെതിരേ ഒന്നിച്ചിരിക്കയാണ്. ദീദിക്ക് ഉജ്ജ്വലവിജയം ആശംസിക്കുകയാണ് -റാവുത്ത് പറഞ്ഞു. ശിവസേനയ്ക്കുപുറമേ രാഷ്ട്രീയ ജനതാദളും സമാജ്‌വാദി പാർട്ടിയും മമതാ ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Shiv Sena will not contest in Bengal