കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേക്കുള്ള അനധികൃത കുടിയേറ്റ വിഷയത്തില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ബി.ജെ.പിക്ക് സംസ്ഥാനം ഭരിക്കാനുളള അവസരം നല്‍കിയാല്‍, ഒരു പക്ഷിയെ പോലും പശ്ചിമ ബംഗാളില്‍ 'നിയമവിരുദ്ധമായി' പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റത്തെ പരാമര്‍ശിക്കുകയായിരുന്നു അമിത് ഷാ. 

" അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതല്ലേ?, ഇത് നമ്മുടെ യുവാക്കളുടെ ജോലി ഇല്ലാതാക്കുന്നില്ലേ?. ദീദിയെ മാറ്റൂ. മനുഷ്യരെ പോയിട്ട് പക്ഷികളെപ്പോലും ബംഗാളിലേക്ക് അനധികൃതമായി കടക്കാന്‍ അനുവദിക്കില്ല. എല്ലാ അഭയാര്‍ഥികള്‍ക്കും മാന്യമായി ഇന്ത്യന്‍ പൗരത്വം നല്‍കും'- കേന്ദ്ര ആഭ്യന്തരമന്ത്രി അലിപൂര്‍ദുവറില്‍ പറഞ്ഞു.

നന്ദിഗ്രാമില്‍ മമത പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. " നന്ദിഗ്രാം അവര്‍ക്ക് നഷ്ടപ്പെടുമെന്ന് ഇന്നലെ നമ്മള്‍ സാക്ഷികളായ രംഗങ്ങള്‍ പറയുന്നു. മെയ് 2ന് 11 മണിക്ക് ബംഗാളിനെ ബിജെപി നയിക്കും, രണ്ട് മണിക്ക് ദിദി അധികാരത്തില്‍ നിന്ന് പുറത്താകും. മോദിയുടെ നേതൃത്വത്തിന് കീഴില്‍ വടക്കന്‍ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും." - ഷാ പറഞ്ഞു. 

ബംഗാളില്‍ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന 60ല്‍ 50 സീറ്റുകള്‍ വിജയിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.വടക്കന്‍ ബംഗാല്‍ മേഖലയില്‍ 50 സീറ്റുകള്‍ വിജയക്കുമെന്ന് ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Replace Didi, even birds won’t be allowed to enter WB, let alone humans, says Amit Shah