കൊല്‍ക്കത്ത: ജനങ്ങളുടെ വേദന തന്റെ വേദനയേക്കാള്‍ വലുതാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഏതാനും ദിവസം മുന്‍പ് നന്ദിഗ്രാമില്‍ വെച്ച് പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട മമത വീല്‍ചെയറില്‍ എത്തി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍നിന്ന് താന്‍ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.

ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് നുണകള്‍ മൂലമാണ്. അവര്‍ എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഞങ്ങള്‍ വികസനം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി ഇന്ധനത്തിനും പാചകവാതകത്തിനും വിലവര്‍ധിപ്പിക്കുകയാണ്. മണ്ണെണ്ണപോലും കിട്ടാനില്ല, അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതിനാല്‍ നടക്കാനാവുന്നില്ല. എനിക്ക് ഇനി ഈ ഒടിഞ്ഞ കാലുമായി പുറത്തിറങ്ങാനാവില്ലെന്നാണ് ചിലര്‍ വിചാരിച്ചത്, മമത പറഞ്ഞു. പുരുലിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Content Highlights: People's Pain Greater..- Mamata Banerjee, In Wheelchair