സിംഗൂരിലിപ്പോള്‍ കാണാനൊന്നുമില്ല. കൊല്‍ക്കത്ത നഗരത്തില്‍നിന്ന് നാല്‍പത് കിലോമീറ്റര്‍ ദൂരെയുള്ള സിംഗൂരില്‍ വിവാദ കാര്‍നിര്‍മാണ ഫാക്ടറിയുടെ ബാക്കിപത്രം തിരഞ്ഞു ചെന്നപ്പോള്‍, വഴിവക്കില്‍ കണ്ട രണ്ട് ഗ്രാമീണരുടെ മുഖത്ത് അമ്പരപ്പ്. അവരുടെ ചൂണ്ടുവിരലുകള്‍ക്കപ്പുറം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുല്‍കാടുകള്‍. അതിനിടയില്‍ അവിടവിടെ അട്ടിയിട്ട കുറെ കോണ്‍ക്രീറ്റ് പൈപ്പുകള്‍.' ഇതാണ് പഴയ കാര്‍ഖാന(കാര്‍ ഫാക്ടറി)'-അവര്‍ പറഞ്ഞു.

അവിടെ തീര്‍ന്നു, ബംഗാള്‍ രാഷ്ട്രീയത്തില്‍ നന്ദിഗ്രാമിനൊപ്പം വിവാദത്തിന്റെ ഏടുകള്‍ തീര്‍ത്ത സിംഗൂര്‍ സംഭവത്തിന്റെ പുറമെയുള്ള ചിഹ്നങ്ങള്‍. 2016-ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ബംഗാള്‍ സര്‍ക്കാര്‍ നിയന്ത്രിത സ്‌ഫോടനത്തോടെ കാര്‍ ഫാക്ടറി തകര്‍ത്തപ്പോള്‍ ഒരു രാഷ്ട്രീയചരിത്രത്തിന്റെ ബാക്കിയുണ്ടായിരുന്ന അടയാളം കൂടി മണ്ണില്‍ ചേരുകയായിരുന്നു.

നന്ദിഗ്രാമിനൊപ്പം സിംഗൂരും ബംഗാള്‍ രാഷ്ട്രീയത്തില്‍ വഴിമാറ്റമുണ്ടാക്കിയ രണ്ട് ഗ്രാമങ്ങളാണ്.'കൃഷി അമദേര്‍ ഭിട്ടി, ഷില്‍പോ അമദേര്‍ ഭോബിഷോയത് '(കൃഷിയാണ് അടിസ്ഥാനം,വ്യവസായമാണ് ഭാവി)എന്നവകാശപ്പെട്ട് വ്യവസായപദ്ധതിക്ക് വഴിയൊരുക്കിയ ഇടത് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കുണ്ടായ തിരിച്ചടികളുടെ പ്രതീകങ്ങള്‍.

ടാറ്റയുടെ നാനോ കാര്‍ നിര്‍മാണത്തിനായുള്ള ഫാക്ടറി സ്ഥാപിക്കാനായി 977 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളാണ് വഴിത്തിരിവായി മാറിയത്. കര്‍ഷകരെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിച്ചാണ് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയതെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭം കടുത്തപ്പോള്‍ 2008-ല്‍ ടാറ്റ പദ്ധതി ഉപേക്ഷിച്ചു. ഭൂമി ഏറ്റെടുക്കല്‍ കോടതിയിലായി. ഇടത് സര്‍ക്കാരിന്റെ ക്ഷീണകാലവും മമതയുടെ ക്ഷേമകാലവും തുടങ്ങി.

singur
സിംഗൂരില്‍ കാര്‍ ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലം 

ചെറുകാര്‍ ഉയര്‍ത്തിയ വലിയ വിവാദങ്ങള്‍

കൃഷിയിലധിഷ്ഠിതമായ ബംഗാളിലേക്ക് വികസനം കൊണ്ടു വരുന്നതിന്റെ ഭാഗമായി ടാറ്റയുടെ ചെറുകാര്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ ഭൂമി അനുവദിക്കുന്നതിന് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ് വിവാദങ്ങളുടെ കുടം തുറന്നത്. ഹൂഗ്ലി ജില്ലയിലെ 997 ഏക്കര്‍ കൃഷി ഭൂമിയായിരുന്നു ഇതിനായി സര്‍ക്കാര്‍ കണ്ടെത്തിയത്. 2007-ല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ടാറ്റയ്ക്ക് കൈമാറിയ ഉടന്‍ തന്നെ ഫാക്ടറി നിര്‍മാണം ആരംഭിച്ചു. 2008 ല്‍ ആദ്യത്തെ നാനോ കാര്‍ പുറത്തിറക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ പാളിച്ചകളും നടപടികളില്‍ ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടായതും പദ്ധതിക്ക് മുന്നില്‍ വന്‍പ്രതിസന്ധിയായി.

ഭൂമി ഏറ്റെടുക്കാന്‍ 1894-ലെ നിയമം പ്രയോഗിച്ചതാണ് സര്‍ക്കാരിന് പറ്റിയ പാളിച്ച. കര്‍ഷകരുടെ അനുമതിയില്ലാതെ പൊതുപദ്ധതികള്‍ക്കായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണ് ബ്രിട്ടീഷ് ഭരണകാലത്തെ ഈ നിയമത്തില്‍ പറയുന്നത്. ഭൂമി നിര്‍ബന്ധിതമായി ഏറ്റടുക്കുന്നതിനായി കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നുവെന്ന് ആരോപിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കര്‍ഷകപ്രക്ഷോഭം ആരംഭിച്ചു. പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ 2008 ഒക്ടോബര്‍ മൂന്നിന് ടാറ്റ പദ്ധതി കൈവിട്ടു.

മമതയുടെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് സംസ്ഥാനം വിട്ടതെന്ന് രത്തന്‍ ടാറ്റ കൊല്‍ക്കത്തയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ നാല് ദിവസം കഴിഞ്ഞ്, അതായത് 2008 ഒക്ടോബര്‍ 7 ന് ഗുജറാത്തിലെ സാനന്ദില്‍ അതേ പദ്ധതി ടാറ്റ പ്രഖ്യാപിച്ചു. ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദിയാണ് ടാറ്റയ്ക്ക് നാനോ ഫാക്ടറി സ്ഥാപിക്കാനായി സ്ഥലം വിട്ടു കൊടുത്തത്.

കൃഷിയോ വ്യവസായമോ എന്ന ചര്‍ച്ചക്ക് രാജ്യവ്യാപകമായി നന്ദിഗ്രാം പ്രക്ഷോഭത്തിനൊപ്പം സിംഗൂര്‍ സമരവും കാരണങ്ങളായെന്നതിനൊപ്പം തന്നെ ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിനും നിര്‍ണായക ഏടുകളായി. ഇടതുപാര്‍ട്ടികളുടെ 34 വര്‍ഷമായി നിലനിന്ന അധികാര പരമ്പരക്കും സ്വാധീനത്തിനും വേരോട്ടം നിലച്ചു. മമതയുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയത്തിനും പുതിയ അധികാര പരമ്പരക്കും തുടക്കമായി. സിംഗൂര്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര സംഘടന കോടതിയെ സമീപിച്ചു. കര്‍ഷകര്‍ക്ക് കൃഷി ഭൂമി തിരിച്ചു കൊടുക്കാന്‍ 2016-ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇടത് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമവും സുപ്രീംകോടതി തിരുത്തി.

2016-ല്‍ സിംഗൂര്‍ ഭൂമിയില്‍ പ്രതീകാത്മകമായി കടുക് വിത്തെറിഞ്ഞ് കര്‍ഷകര്‍ക്ക്് ഭൂമി തിരിച്ചു കൊടുക്കല്‍ യജ്ഞം മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി വിധി പ്രകാരം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫാക്ടറികെട്ടിടം സര്‍ക്കാര്‍ തകര്‍ത്തു. അവിടവിടെ കാട് പിടിച്ചു കിടക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ ഫാക്ടറിയുടെ അവശേഷിപ്പുകള്‍. 997 ഏക്കര്‍ ഭൂമി അനാഥമായി കിടക്കുന്നു. ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കല്‍ പരിപാടിക്ക് തുടക്കം കുറിച്ചെങ്കിലും കാര്യമായി വിതരണം നടന്നില്ല. തിരിച്ചു കിട്ടിയ ഭൂമിയാകട്ടെ, കൃഷിക്ക് ഉപയുക്തമല്ലാത്ത നിലയില്‍ ഫാക്ടറി മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു.

വീണ്ടും ചര്‍ച്ചയാകുന്ന സിംഗൂര്‍

പുറംചിഹ്നങ്ങള്‍ മാഞ്ഞെങ്കിലും സിംഗൂര്‍ സംഭവങ്ങള്‍ അകമെ തീര്‍ത്ത അടയാളങ്ങള്‍ ബംഗാളില്‍ രാഷ്ട്രീയ പിരിമുറുക്കമായി തുടരുകയാണ്. സിംഗൂര്‍ വിവാദങ്ങള്‍ ഇക്കുറിയും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. കാര്‍വിവാദവും വ്യവസായവല്‍ക്കരണവും തൊഴിലില്ലായ്മയുമാണ് സിംഗൂര്‍ മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. നേരത്തെ പദ്ധതിയെ എതിര്‍ത്ത ടി.എം.സിയും ബി.ജെ.പിയും നലപാട് മയപ്പെടുത്തി വ്യവസായവല്‍ക്കരണത്തിന്റെ അനിവാര്യതയെക്കുറിച്ച് വാചാലരാകുന്നു. തങ്ങള്‍ എതിര്‍ത്തത് വ്യവസായത്തെയല്ല, നിര്‍ബന്ധിച്ചുള്ള കുടിയൊഴിപ്പിക്കലിനെയാണെന്ന് ന്യായീകരിക്കുന്നു. കൃഷിയും വ്യവസായവും ഒരുമിച്ച് കൊണ്ടുപോകുമെന്ന് ഇടതുപാര്‍ട്ടികളും വിശദീകരിക്കുന്നു.

സിംഗൂര്‍ സംഭവം 14 വര്‍ഷം പിന്നിടുമ്പോള്‍, സിംഗൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. സമരത്തിന് പ്രാദേശിക നേതൃത്വം നല്‍കിയ മമതയുടെ വിശ്വസ്തര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ സമരം നയിച്ച മമതയുടെ വലംകൈകളായിരുന്ന രവീന്ദ്രനാഥ് ഭട്ടാചാര്യയും ബെചാരം മന്നയുമാണ് കളം മാറി കളിക്കുന്നത്. പ്രായാധിക്യം ചൂണ്ടിക്കാട്ടി രവീന്ദ്രനാഥ് ഭട്ടാചാര്യക്ക്  ടി.എം.സി സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ ബി.ജെ.പിയിലേക്ക് ചേക്കേറി. മുന്‍ സുഹൃത്തായ സംസ്ഥാന കൃഷിമന്ത്രി ബചാരാം മന്നയാണ് ടി.എം.സി സ്ഥാനാര്‍ഥിയായി രവീന്ദ്രനാഥിനെ നേരിടുന്നത്. അതെസമയം, സിംഗൂര്‍ തിരിച്ചു പിടിക്കാന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സിരിജന്‍ ഭട്ടാചാര്യയെയാണ് ഇടത്-കോണ്‍ഗ്രസ്-ഐ.എസ്.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

മമതയുടെ താവളങ്ങള്‍ അവരുടെ മുന്‍ വിശ്വസ്തരെ ഉപയോഗിച്ച് പിടിച്ചെടുക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. ബംഗാളില്‍ പ്രയോഗിക്കുന്നത്. നന്ദിഗ്രാമില്‍ മമതയുടെ ദീര്‍ഘകാല വിശ്വസ്തനും ടി.എം.സിയിലെ മുതിര്‍ന്ന നേതാവുമായിരുന്ന സുവേന്ദു അധികാരിയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. സിംഗൂരിലും സമാന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്.

എന്നാല്‍ കാര്‍നിര്‍മാണ ഫാക്ടറിയെ എതിര്‍ത്തവര്‍ തന്നെ ഫാക്ടറി തിരിച്ചു കൊണ്ടുവരുമെന്നും വ്യവസായവല്‍ക്കരണം നടത്തുമെന്നും വാഗ്ദാനം ചെയ്യുന്ന രംഗമാണ് സിംഗൂര്‍ നിയോജകമണ്ഡലം ഇത്തവണ കാണിച്ചു തരുന്നത്. തൊഴിലില്ലായ്മയെച്ചൊല്ലിയുള്ള യുവാക്കളുടെ രോഷം തിരിച്ചറിഞ്ഞാണ് ഈ നീക്കം. കാര്‍ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് 30 ഏക്കറില്‍ ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് മമത തന്നെയാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. 

തന്ത്രപരമാണ് മമതയുടെ ചുവട് മാറ്റം.'സിംഗൂര്‍ പ്രക്ഷോഭം വ്യവസായത്തിനെതിരെയായിരുന്നില്ല, അത് ബലം പ്രയോഗിച്ച് കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ 650 ഏക്കര്‍ ഭൂമിയില്‍ വ്യവസായം കൊണ്ടു വരാന്‍ ഞാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും'-ബി.ജെ.പി സ്ഥാനാര്‍ഥി രവീന്ദ്രനാഥ് ഭട്ടാചാര്യയും പ്രചരണത്തിനിടയില്‍ മാതൃഭൂമിയോട് പറഞ്ഞു. സിംഗൂരില്‍ കാര്‍ ഫാക്ടറി ഉണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിന് ബംഗാളി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നുവെന്ന് ഇടത് പാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു. ടി.എം.സിയുടെയും ബി.ജെ.പിയുടെയും ചുവട് മാറ്റം തങ്ങളുടെ നയങ്ങളുടെ ശരിവെപ്പുകളാണെന്ന് സി.പി.എം. ഹൂഗ്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുള്‍ ഹൈ മാതൃഭൂമിയോട് പറഞ്ഞു.

content highlights: west bengal assembly election 2021 singur proposed car manufacturing factory and controversy