ശുതോഷ് കോളേജില്‍ ഊര്‍ജ്ജതന്ത്രം അധ്യാപകനായിരുന്ന പ്രൊഫ.സൗഗത റോയിയാണ് പാര്‍ലമെന്റിനകത്തും പുറത്തും  തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഊര്‍ജ്ജം. അധ്യാപകന്റെ കയ്യടക്കത്തോടെ ലോക്‌സഭയില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സൗഗതറോയിക്ക് അറുപതുകള്‍ മുതലുള്ള രാഷ്ട്രീയപാരമ്പര്യമുണ്ട്. കോണ്‍ഗ്രസില്‍ രാഷ്ട്രീയം തുടങ്ങി ചരണ്‍ സിംഗ് മന്ത്രിസഭയില്‍ ഹ്രസ്വകാലം അംഗമായി പിന്നീട് ടി.എം.സിയിലൂടെ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ഗ്രാമവികസന സഹമന്ത്രിയായി നീളുന്ന രാഷ്ട്രീയ ജീവിതം.രണ്ടാം വട്ടം ലോക്‌സഭാംഗമാണ്. അഞ്ച് വട്ടം ബംഗാള്‍ നിയമസഭാംഗമായിരുന്നു. 'ടി.എം.സി വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കും. സര്‍ക്കാരുണ്ടാക്കും. ബി.ജെ.പിയെ ഞങ്ങള്‍ 100 സീറ്റില്‍ താഴെ നിര്‍ത്തും 'നഗരഹൃദയത്തിലെ ലേക് ഗാര്‍ഡനില്‍ വച്ച് കാണുമ്പോള്‍ പ്രൊഫസര്‍ മാതൃഭൂമിയോട് പറഞ്ഞു.

ഇക്കുറി ഇടതുപാര്‍ട്ടികളോടല്ല ടി.എം.സിക്ക് ഏറ്റുമുട്ടേണ്ടത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടാണ്. എന്ത് പറയുന്നു?

സി.പി.എമ്മിനോട് ഏറ്റുമുട്ടി 2011 ല്‍ ഞങ്ങളവരെ പരാജയപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടായിരുന്നു. എന്നിട്ടും അവരെ തോല്‍പിച്ചു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു? 2019 ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കി. ബി.ജെ.പിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടായി. അവര്‍ പ്രതീക്ഷിച്ചതിനെക്കാളും, ഞങ്ങള്‍ കണക്കുകൂട്ടിയതിനെക്കാളും നേട്ടം ബി.ജെ.പിക്ക് ലഭിച്ചു. 42 സീറ്റുകളില്‍ 18 എണ്ണം അവര്‍ നേടി. എന്നാല്‍ ബി.ജെ.പിയിലേക്ക് ഒഴുക്കിയ സി.പി.എം വോട്ടുകള്‍ ഇതുവരെ തിരികെ സി.പി.എമ്മില്‍ മടങ്ങിയെത്തിയിട്ടില്ല. പുനരുദ്ധരിക്കാന്‍ സി.പി.എം ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. അങ്ങനെ ബി.ജെ.പി ടി.എം.സിയുടെ മുഖ്യ എതിരാളിയായി മാറി. 2019 ന് ശേഷം ഞങ്ങള്‍ ഞങ്ങളുടെ നഷ്ടപ്രദേശങ്ങള്‍ പലതും തിരിച്ചു പിടിച്ചു. പാര്‍ട്ടിയെ പുനസംഘടിപ്പിച്ചു. ജനപ്രിയപരിപാടികള്‍ സംഘടിപ്പിച്ചു. ഞങ്ങള്‍ക്ക് സംഭവിച്ചു പോയ ചില കുറവുകള്‍ പരിഹരിച്ചു. ഇപ്പോള്‍ ബി.ജെ.പിയെ കീഴ്‌പ്പെടുത്താന്‍ എന്തുകൊണ്ടും ടി.എം.സി ശക്തരാണ്. ബി.ജെ.പിയുടെ വോട്ട് ശതമാനം കുറയും.

ബംഗാളില്‍ പ്രചരണത്തിനായി ബി.ജെ.പി അവരുടെ വന്‍തോക്കുകളെ മുഴുവന്‍ അണിനിരത്തിയിരിക്കുകയാണ്. ബംഗാളിനെ ഇപ്പോള്‍ കണ്ടാല്‍ കേന്ദ്രമന്ത്രിസഭയാണെന്ന് തോന്നും. പ്രധാനമന്ത്രി മുതല്‍ എല്ലാ മന്ത്രിമാരും ബംഗാളിലുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബംഗാളിലുണ്ട്. നൂറ് കണക്കിന് ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ എത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ബി.ജെ.പി ഇവിടെ ചെലവിടുന്നത്. എന്നാല്‍ ഇതിനെയെല്ലാം നേരിടാന്‍ ടി.എം.സി ശക്തമാണ്.

ബി.ജെ.പിക്ക് കരുത്തരായ നേതാക്കള്‍ ബംഗാളിലില്ല. അതിനാല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാന്‍ പോലും ബി.ജെ.പിക്ക് കഴിയുന്നില്ല. അവര്‍ ടി.എം.സിയില്‍ നിന്ന് നേതാക്കളെ അടര്‍ത്താന്‍ ശ്രമിച്ചു. കേവലം രണ്ട് മന്ത്രിമാര്‍ മാത്രമാണ് ബി.ജെ.പിയിലേക്ക് കുടിയേറിയത്. അവര്‍ പോയത് പാര്‍ട്ടി പ്രവര്‍ത്തകരെ കൂടുതല്‍ ശക്തരാക്കി. ഞങ്ങള്‍ ബി.ജെ.പിക്കെതിരെയുള്ള യുദ്ധം കൂടുതല്‍ ശക്തമാക്കി. മമതാ ബാനര്‍ജിയാണ് ഞങ്ങളുടെ താരപ്രചാരക. സംസ്ഥാന വ്യാപകമായി അവര്‍ പ്രചരണം നടത്തുകയാണ്. പാര്‍ട്ടി എം.പിയായ അഭിഷേക് ബാനര്‍ജിയും പാര്‍ട്ടിക്കായി പ്രചരണം നടത്തുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങളായ ചലച്ചിത്ര താരങ്ങള്‍,ശതാബ്ദി റായി,നുസ്രത് തുടങ്ങിയവരും പ്രചരണം നടത്തുന്നുണ്ട്. അവര്‍ വിപുലമായി റോഡ്‌ഷോകള്‍ നടത്തുന്നു. ഇതിന്റെയെല്ലാം റിസള്‍ട്ട് പാര്‍ട്ടിക്ക് ലഭിക്കും.

രണ്ട് മന്ത്രിമാര്‍ മാത്രമേ ടി.എം.സി വിട്ടുള്ളു എന്ന് താങ്കള്‍ പറയുന്നു. ഇത്ര ലളിതമാണോ കാര്യങ്ങള്‍? ശക്തനായ സുവേന്ദു അധികാരിയുടെ പോക്ക് ദോഷം ചെയ്യില്ലേ?

സുവേന്ദുവിന്റെ വിട്ടുപോക്ക് ഞങ്ങളുടെ റിസള്‍ട്ടിനെ ഒരുതരത്തിലും ബാധിക്കില്ല.ശരിയാണ് ,കിഴക്കന്‍ മിഡ്‌നാപ്പൂരില്‍ സുവേന്ദുവിന് ചില സ്വാധീനങ്ങളുണ്ട്.കാരണം അയാളുടെ കുടുംബത്തിന് ആ ജില്ലയില്‍ അധികാരമേധാവിത്വമുണ്ട്.ഇങ്ങനെ അധികാരം ഇവരില്‍ കേന്ദ്രീകരിക്കപ്പെട്ടത് ഒരു പിഴവാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു.എന്നാല്‍ കിഴക്കന്‍ മിഡ്‌നാപ്പൂരില്‍ ഇത് മൂലമുണ്ടായ ക്ഷീണം ഞങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു.ഈ മേഖലയിലെ ഭൂരിപക്ഷം സീറ്റുകളിലും ഞങ്ങള്‍ ജയിക്കും.

ഒത്തിരി ടി.എം.സി പ്രവര്‍ത്തകര്‍ തന്നോടൊപ്പം ബി.ജെ.പിയിലേക്ക് ഒഴുകുമെന്നാണല്ലോ സുവേന്ദു പറയുന്നത്?

 പ്രവര്‍ത്തകരുടെ കൊഴിഞ്ഞു പോക്ക് ഞങ്ങള്‍ തടഞ്ഞുകഴിഞ്ഞു.കിഴക്കന്‍ മിഡ്‌നാപ്പൂരില്‍ ഒരു എം.എല്‍.എ മാത്രമാണ് സുവേന്ദുവിനൊപ്പം പോയത്.പാര്‍ട്ടി പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ ഞങ്ങള്‍ക്ക്  കഴിയുമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.സുവേന്ദുവിന്റെ പോക്ക് മൂലം കാര്യമായ പ്രശ്‌നം പാര്‍ട്ടിക്കുണ്ടാകില്ല.

ത്രികോണമത്സരമല്ലേ നടക്കുന്നത്? കണക്ക് കൂട്ടല്‍ എളുപ്പമാണോ?

ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ ഒരു ദുര്‍ബല ശക്തിയായിക്കഴിഞ്ഞു. ത്രിണമൂലിന് 45 ശതമാനം വോട്ട് ,ബി.ജെ.പിക്ക് 37 ശതമാനം,ഇടത് പാര്‍ട്ടികള്‍ക്ക് 10 15 ശതമാനം വരെ വോട്ട് കിട്ടും. ബംഗാള്‍ കേരളമല്ല.ബംഗാളിലെ ഇടത് പാര്‍ട്ടികള്‍ കേരളത്തിലെ ഇടത് പാര്‍ട്ടികളെ പോലെയല്ല.

ഇടത് ‌കോണ്‍ഗ്രസ്‌ഐ.എസ്.എഫ് സഖ്യം ന്യൂനപക്ഷ വോട്ടുകളെ വിഭജിക്കുമോ?

ഐ.എസ്.എഫിനെ ബി.ജെ.പിയാണോ നിയോഗിച്ചിരിക്കുന്നതെന്നാണ് ഞാന്‍ ഭയക്കുന്നത്. എന്നാല്‍ ആത്യന്തികമായി  മുസ്ലിങ്ങള്‍ക്ക് മോദിയെ അറിയാം. അവരുടെ വര്‍ഗ്ഗീയ അജണ്ടയും അറിയാം. അധികാരത്തില്‍ വരാന്‍ ബി.ജെ.പി  എന്ത് മാര്‍ഗ്ഗവും ഉപയോഗിക്കുമെന്നും അവര്‍ക്ക് അറിയാം. അങ്ങനെ വരുമ്പോള്‍ മുസ്ലിങ്ങള്‍ എന്ത് ചെയ്യും. അവര്‍ ആര്‍ക്ക് വോട്ട് ചെയ്യും? ഐ.എസ്.എഫിന് വോട്ട് ചെയ്യുമോ അതോ ഒരു സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച് തങ്ങളെ സംരക്ഷിക്കാന്‍ ശേഷിയുള്ള ടി.എം.സിക്ക് വോട്ട് ചെയ്യുമോ? മുസ്ലിങ്ങള്‍ എക്കാലത്തും പ്രായോഗികമായിട്ടായിരിക്കും തിരഞ്ഞെടുപ്പിനെ സമീപിക്കുക. അപ്പോള്‍ ടി.എം.സിയെയായിരിക്കും മുസ്ലിങ്ങള്‍ സഹായിക്കുക.

ത്രികോണമത്സരമല്ലേ ഇക്കുറി ബംഗാളില്‍ നടക്കുന്നത്?

ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ ഒരു ദുര്‍ബല ശക്തിയായിക്കഴിഞ്ഞു. ത്രിണമൂലിന് 45 ശതമാനം വോട്ടുണ്ട്.ബി.ജെ.പിക്ക് 37 ശതമാനം. ഇടത് പാര്‍്ട്ടികള്‍ക്ക് 10 15 ശതമാനം വോട്ട് കിട്ടും. കൃത്യമായി ധ്രുവീകരിച്ചു കഴിഞ്ഞു. ബംഗാള്‍ കേരളമല്ല. ബംഗാളിലെ ഇടത് പാര്‍ട്ടികള്‍ കേരളത്തിലെ ഇടത് പാര്‍ട്ടികളെ പോലെയല്ല.

ബംഗാളില്‍ സുഹൃത്തുക്കളായ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കേരളത്തില്‍ എതിരാളികളാണ്. എന്താണ് പ്രതികരണം?

കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും നിലപാടുകള്‍ ഇതിലൂടെ തുറന്ന് കാട്ടുന്നു. ബംഗാളില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ഭേദമാണ്. അതുപോലെ കേരളത്തില്‍ സി.പി.എം  ശക്തമാണ്. സുഘടിതമാണ്.എന്നാല്‍ ബംഗാളില്‍ സി.പി.എം സംഘടനാടിസ്ഥാനത്തില്‍ തകര്‍ന്നു കഴിഞ്ഞു.

ഇതുവരെ ടി.എം.സിയെ പിന്തുണച്ചിരുന്ന അബ്ബാസ് സിദ്ധിഖി ഐ.എസ് എഫ് എന്ന പാര്‍ട്ടി സൃഷ്ടിച്ച് ഇടത്‌കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കൊപ്പം മത്സരിക്കുന്നു. സിദ്ദീഖിയുടെ സാന്നിധ്യം ടി.എം.സിക്കെതിരായി പ്രതിഫലിക്കില്ലേ?

സൗത്ത് 24 പര്‍ഗാന മേഖലയില്‍  സിദ്ദിഖിക്ക് കുറച്ച് സ്വാധീനമുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു സീറ്റ് വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതൊരു മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. ഹിന്ദുക്കള്‍ ആ പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ല. അവര്‍ക്ക് കുറച്ച് മുസ്ലീം വോട്ടുകള്‍ കിട്ടിയേക്കും. കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒപ്പമാണ് ചേര്‍ന്നിരിക്കുന്നത്. സി.പി.എമ്മിന് ന്യൂനപക്ഷ വോട്ട ലഭിക്കാന്‍ അദ്ദേഹം സഹായിക്കും. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ എന്തിന് സി.പി.എമ്മിന് വോട്ട് ചെയ്യണം? സി.പി.എം സര്‍ക്കാരുണ്ടാക്കാന്‍ ഒരു സാധ്യതയുമില്ല.

മമത വര്‍ഗ്ഗീയ കാര്‍ഡ് കളിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.എന്താണ് പ്രതികരണം?

ഇത് ബി.ജെ.പി പുതുതായി ഉയര്‍ത്തുന്ന ആരോപണമല്ല. അവരാണ് ഹിന്ദു വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കി കളിക്കുന്നത്. മമത മുസ്ലിങ്ങള്‍ക്കിടയില്‍ ജനപ്രിയയാണ്. ഈ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ എക്കാലത്തും സുരക്ഷിതരായിരിക്കുമെന്ന് അവര്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. മമത ഒരു വര്‍ഗ്ഗീയ കാര്‍ഡും കളിച്ചിട്ടില്ല.മമത ഒരിക്കലും പ്രീണന രാഷ്ട്രീയം പ്രയോഗിച്ചിട്ടില്ല. ഇതൊക്കെ സന്തുലിതമായി കൈകാര്യം ചെയ്യാനാണ് മമതക്ക് താല്‍പര്യം.

നന്ദിഗ്രാം,സിംഗൂര്‍ പ്രക്ഷോഭങ്ങളാണ് ടി.എം.സിയുടെ വളര്‍ച്ചക്ക് വളമിട്ട രണ്ട് കാരണങ്ങള്‍. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും ബംഗാളിന്റെ വ്യവസായവല്‍ക്കരണം തടഞ്ഞു എന്ന് ആരോപണമുണ്ട്. എന്താണ് നിലപാട്?

അത് ചില ആളുകള്‍ സ്വീകരിച്ചേക്കാവുന്ന ഒരു വീക്ഷണമാണ്. എന്നാല്‍ നിര്‍ബന്ധിച്ച്,ശക്തി ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെയും കുടിയൊഴിപ്പിക്കുന്നതിനെയും എതിര്‍ക്കുമെന്ന ശക്തമായ നിലപാടാണ് മമത സ്വീകരിച്ചത്. വ്യവസായികള്‍ക്ക് ഭൂമി വിലകൊടുത്ത് വാങ്ങാം. അല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന വ്യവസായ പാര്‍ക്കുകളില്‍ വ്യവസായം തുടങ്ങാമെന്നതാണ് മമതയുടെ നയം. വ്യവസായവല്‍ക്കരണത്തിന് എതിരല്ലെന്നും മമത പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യവസായികള്‍ക്കിടയില്‍ ബംഗാളിനെക്കുറിച്ച് നെഗറ്റീവ് വീക്ഷണം രൂപപ്പെടുത്താനുള്ള ശ്രമങ്ങളുണ്ട്. അതാണ് ബംഗാളിലേക്കുള്ള നിക്ഷേപത്തെ ബാധിച്ചത്.

ബംഗാളില്‍ സുഹൃത്തുക്കളായ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കേരളത്തില്‍ എതിരാളികളാണ്. എന്താണ് പ്രതികരണം?

കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും നിലപാടുകള്‍ ഇതിലൂടെ തുറന്ന് കാട്ടുന്നു. ബംഗാളില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമാണ്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ഭേദമാണ്. അതുപോലെ കേരളത്തില്‍ സി.പി.എം  ശക്തമാണ്. സുഘടിതമാണ്. എന്നാല്‍ ബംഗാളില്‍ സി.പി.എം സംഘടനാടിസ്ഥാനത്തില്‍ തകര്‍ന്നു കഴിഞ്ഞു.

സംസ്ഥാന വിഷയങ്ങള്‍ക്കപ്പുറം ടി.എം.സി ഈ തിരഞ്ഞടുപ്പില്‍ ഉയര്‍ത്തുന്ന ദേശീയ വിഷയങ്ങള്‍ എന്തൊക്കെയാണ്?

ദേശീയ വിഷയങ്ങളില്‍ പ്രധാനം ബി.ജെ.പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുക എന്നതാണ്. മതേതരത്വവും ഹിന്ദു വര്‍ഗ്ഗീയവാദവും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നു. പൊതമേഖലയെ മുഴുവന്‍ മോദി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുകയാണ്. വിമാനത്താവളം മുതല്‍ ബി.പി.സി.എല്‍ വരെ. റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ഇവരുടെ ശ്രമവും ഇതിന്റെ ഭാഗമാണ്. ടി.എം.സി ഇതിന് തികച്ചും എതിരാണ് പൗരത്വനിയമ ഭേദഗതി സമൂഹത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. കര്‍ഷക വിരുദ്ധ നയങ്ങളാണ് കര്‍ഷക സമരത്തില്‍ എത്തിച്ചിരിക്കുന്നത്. ഇതൊക്കെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന ദേശീയ വിഷയങ്ങള്‍.

എന്നാല്‍ അതേ സമയം ബംഗാളില്‍ ജനാധിപത്യമില്ലെന്നാണ്  ബി.ജെ.പിയുടെ ആരോപണം. പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്ത് പറയുന്നു?

തികച്ചും തെറ്റായ ആരോപണങ്ങളാണിത്.ജനാധിപത്യമില്ലെങ്കില്‍ എങ്ങനെയാണ് ബി.ജെ.പിക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അവരുടെ പ്രസിഡണ്ട് ദിലീപ് ഘോഷ് സംസ്ഥാനം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ്. ആരെങ്കിലും അദ്ദേഹത്തെ തടയുന്നുണ്ടോ. മമതക്കെതിരെ മോശപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തി പ്രസംഗിക്കുന്നു.ബി.ജെ.പി എല്ലായിടത്തും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചത് എങ്ങനെയാണ്? അതുകൊണ്ട്. ഇത്തരം ആരോപണങ്ങളെല്ലാം ബി.ജെ.പിയുടെ വ്യാജപ്രചരണങ്ങളാണ്.

മുതിര്‍ന്നനേതാവായ താങ്കളുടെ വിലയിരുത്തല്‍ എന്താണ്? എത്ര സീറ്റുകള്‍ ടി.എം.സിക്ക് കിട്ടും? ഒരു തൂക്ക് സഭയാണുണ്ടാകുന്നിതെങ്കില്‍ ബി.ജെ.പി ഭരണത്തില്‍ വരുന്നത് തടയാന്‍ ടി.എം.സി മറ്റ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമോ?

ഇവിടെ തൂക്ക് സഭയുണ്ടാകില്ല. ടി.എം.സിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. ടി.എം.സിക്ക് കിട്ടാന്‍ പോകുന്ന കുറഞ്ഞ സീറ്റുകളുടെ എണ്ണം 170 ആയിരിക്കും. ബി.ജെ.പിക്ക് കിട്ടാന്‍ പോകുന്ന പരമാവധി സീറ്റുകളുടെ എണ്ണം 99 ആയിരിക്കും. അതിനാല്‍ തൂക്ക് സഭയക്ക് ഒരു സാധ്യതയുമില്ല. തൂക്ക സഭ എന്ന ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല.

എന്റെ കൃത്യമായ ചോദ്യം, ആവശ്യം വന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ടി.എം.സി തേടുമോ എന്നാണ്?

അതിന്റെ ആവശ്യം വരില്ല.അതിനാല്‍ ഇല്ല എന്നാണ് ഉത്തരം.

Content Highlights: West Bengal Assembly Election 2021, saugata roy