കോടികളുടെ മൂല്യമുള്ള സുഗന്ധസാമ്രാജ്യത്തിന്റെ ഉടമയാണ് ബദറുദ്ദീന്‍ അജ്മല്‍. ഗന്ധങ്ങള്‍ക്ക് അതിര്‍ത്തികളില്ലാത്തതു പോലെ രാജ്യങ്ങള്‍ കടന്ന് വിപുലമായി പടര്‍ന്ന സുഗന്ധവ്യവസായം.പിതാവ് അജ്മല്‍ അലി സ്ഥാപിച്ച ഈ സുഗന്ധലോകത്ത് രാഷ്ട്രീയത്തിന്റെ ഗന്ധം കലര്‍ത്താനായി 2005 ലാണ് ബദറുദ്ദീന്‍ അജ്മല്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട്  അഥവാ എ.ഐ.യു.ഡി.എഫ് എന്ന രാഷ്ട്രീയപാര്‍ട്ടി സ്ഥാപിച്ചത്.പതിനാറ് വര്‍ഷം പിന്നിടുമ്പോള്‍ അസം രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് കളത്തിലും അജ്മലും ഏ.ഐ.യു.ഡി.എഫും നിര്‍ണായകമായിരിക്കുന്നു.

ഹ്രസ്വകാലം കൊണ്ട് അസമിലെ രാഷ്ട്രീയസമസ്യകളില്‍ ചുവടുറപ്പിക്കാന്‍ എ.ഐ.യു.ഡി.എഫിനെ സഹായിച്ചത്  സംസ്ഥാനത്തെ പൗരത്വപ്രശ്നങ്ങളും പ്രക്ഷോഭങ്ങളുമാണ് .ബംഗാളിഭാഷ സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കി സംസ്ഥാന രാഷ്ട്രീയത്തില്‍ വളരാന്‍ അജ്മലിനും പാര്‍ട്ടിക്കും കാലമേറെ വേണ്ടി വന്നില്ല.

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ബോഡോ പീപ്പിള്‍സ് പാര്‍ട്ടിയും ചേര്‍ന്ന മഹാജോടിന്റെ (മഹാസഖ്യം)പ്രധാന പങ്കാളിയാണ് ഇക്കുറി അജ്മലിന്റെ എ.ഐ.യു.ഡി.എഫ്.അസമിലെ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലെത്തിയപ്പോള്‍ മത്സരം കടുത്തതിനും ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയരുന്നതിനും കാരണം അജ്മലിന്റെ സാന്നിധ്യം തന്നെ.തിരഞ്ഞെടുപ്പിന് മുന്നെ ക്ഷീണിച്ചു പോയ കോണ്‍ഗ്രസിന് ഊര്‍ജ്ജം ലഭിച്ചതും ഈ സഖ്യനീക്കങ്ങളില്‍ നിന്നാണ്.ലോവര്‍ അസമും ബാരക് വാലിയും അജ്മലിനെ പിന്തുണക്കുന്നവരുടെ ശക്തികേന്ദ്രങ്ങളാണ്.ഈ മേഖലയിലെ 34 മണ്ഡലങ്ങള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ്.അസമിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്ന ഈ മേഖലകളില്‍ ബി.ജെ.പിക്ക് അജ്മല്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.അതുകൊണ്ട് തന്നെ മഹാസഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ അജ്മലായിരിക്കും കിംഗ് മേക്കര്‍.

അജ്മലിനെ തടയാന്‍ സര്‍വ പ്രചരണായുധങ്ങളും ബി.ജെ.പി പുറത്തെടുത്തിട്ടുണ്ട്.അസമിലെ സങ്കീര്‍ണമായ പൗരത്വപ്രശ്നങ്ങളാണ് അജ്മലിന്റെ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.പൗരത്വ വിവാദങ്ങള്‍ ആയുധങ്ങളാക്കി അജ്മല്‍ നടത്തുന്ന പ്രചരണങ്ങളെ,ബംഗ്ലാദേശി മുസ്ലീംവിരുദ്ധവികാരമുയര്‍ത്തിയാണ് ബി.ജെ.പി നേരിടുന്നത്.''എ.ഐ.യു.ഡിയഎഫ് അധികാരത്തില്‍ വന്നാല്‍ ഈ നാടിന്റെ സ്വത്വവും സംസ്‌കാരവും നശിക്കും.ബംഗ്ളാദേശി വംശജരെയാണ് അജ്മല്‍ പ്രോത്സാഹിപ്പിക്കുന്നത്.ബംഗ്ലാദേശി കുടിയേറ്റക്കാര്‍ അസമിന്റെ മണ്ണില്‍ മാത്രമല്ല അസമിന്റെ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലും ഞങ്ങള്‍ക്ക് താല്‍പര്യമില്ല ''എന്നാണ് എ.ഐ.യു.ഡി.എഫിനെ നേരിടാന്‍ ബി.ജെ.പി നേതാവ് ഹിമന്ദ ബിശ്വ ശര്‍മ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആവര്‍ത്തിക്കുന്നത്.
എന്നാല്‍,''സ്വന്തം സര്‍ക്കാരുകളുടെ ഭരണവീഴ്ചകള്‍ മറച്ചു വയ്ക്കാനാണ് തന്നെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നേതാവായി ചിത്രീകരിക്കുന്നതെന്ന് ''ബദറുദ്ദീന്‍ അജ്മല്‍ തിരിച്ചടിക്കുന്നു. ''ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എനിക്ക് മേല്‍ ആരോപണങ്ങള്‍ ചൊരിയുന്നത് നിര്‍ഭാഗ്യകരമാണ്.കാര്‍ഷിക പ്രശ്നങ്ങള്‍,വെള്ളപ്പൊക്കം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ മറച്ചു വയ്ക്കാനാണ് ഈ നീക്കമെന്ന് ''അജ്മല്‍ ആരോപിക്കുന്നു.

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അസമില്‍ അജ്മലിന്റെ വിലാസം വന്‍കിട പെര്‍ഫ്യൂം ബിസിനസുകാരന്റേത് മാത്രമായിരുന്നു. പൗരത്വവിഷയത്തില്‍ 2005 ലുണ്ടായ സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു രാഷ്ട്രീയ പ്രവേശനം.തൊട്ടടുത്ത വര്‍ഷം അതായത്,2006 ലെ തിരഞ്ഞെടുപ്പില്‍ പൗരത്വപ്രശ്നങ്ങള്‍ ഉയര്‍ത്തി മത്സരിച്ച  പാര്‍ട്ടി 10 സീറ്റുകള്‍ സ്വന്തമാക്കിയതോടെ അജ്മലിലേക്ക് അസം രാഷ്ട്രീയത്തിന്റെ ശ്രദ്ധയെത്തി.2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ധുബ്രി മണ്ഡലത്തില്‍ നിന്ന് അജ്മല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ തലത്തിലും നോട്ടമായി.2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏ.ഐ.യു.ഡി.എഫ് 18 സീറ്റുകള്‍ നേടി അസമിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി.2014 ല്‍ ലോക്സഭാ തിരഞ്ഞടുപ്പില്‍ അജ്മല്‍ അടക്കം മൂന്ന് പേര്‍ വിജയിച്ചു.എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ അസം ബി.ജെ.പി തൂത്തുവാരിയപ്പോള്‍ അജ്മലിനും കാലിടറി.സല്‍മാര സൗത്തില്‍ അജ്മലും പരാജയപ്പെട്ടു.പാര്‍ട്ടിയുടെ അംഗബലം 13 ആയി കുറഞ്ഞു.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അജ്മല്‍ മാത്രമാണ്  വിജയിച്ചത്.

ദീര്‍ഘകാലം കോണ്‍ഗ്രസിന്റെയും  മുതിര്‍ന്ന നേതാവ് തരുണ്‍ ഗോഗോയിയുടെയും അടുത്ത സുഹൃത്തായിരുന്നു അജ്മല്‍.എന്നാല്‍,  കോണ്‍ഗ്രസുമായുണ്ടായിരുന്ന സൗഹൃദം ഇടക്ക് വച്ച മുറഞ്ഞതാണ് 2016 ല്‍ അജ്മലിന് വിനയായതെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ന്യൂനപക്ഷ വാട്ടുകള്‍ ശക്തികേന്ദ്രങ്ങളായ കോണ്‍ഗ്രസും അജ്മലിന്റെ പാര്‍ട്ടിയും വെവ്വേറെ മത്സരിച്ചതോടെ 2016 ല്‍ ന്യൂനപക്ഷ വോട്ടുകള്‍ ചിതറി.ത്രികോണ മത്സരത്തില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി.ബി.ജെ.പിക്ക് അസമില്‍ കടന്നു കയറാനും സംസ്ഥാന ഭരണം പിടിക്കാനും അത് വഴിയൊരുക്കി.ഇക്കുറി കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാനും മഹാസഖ്യമായി തിരഞ്ഞടുപ്പില്‍ മത്സരിക്കാനും തീരുമാനിച്ചതിന് പിന്നില്‍ ഈ രാഷ്ട്രീയകാരണങ്ങളാണ്.പൊട്ടിപ്പോയ അജ്മല്‍-കോണ്‍ഗ്രസ് ബന്ധം പൗരത്വ പ്രക്ഷോഭകാലത്ത് പുനസ്ഥാപിച്ചത് തരുണ്‍ഗോഗോയിയായിരുന്നു.

മഹാസഖ്യം വിജയിക്കുകയും കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഏ.ഐ.യു.ഡി.എഫിന് ലഭിക്കുകയും ചെയ്താല്‍,അജ്മല്‍ കിംഗ് മേക്കറല്ല,കിംഗാകാനും സാധ്യതയുണ്ടെന്നാണ് അസമിലെ രാഷ്ട്രീയവര്‍ത്തമാനം.അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അജ്മല്‍ അവകാശവാദമുന്നയിക്കുമെന്നാണ് നാട്ടുസംസാരം.ഈ സാധ്യത ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ബി.ജെ.പി പ്രചരണായുധമാക്കുന്നുമുണ്ട്.ഇക്കുറി ബംഗ്ലാദേശി കുടിയേറ്റക്കാര്‍ സ്വന്തം മുഖ്യമന്ത്രിയെ അവരോധിക്കാനാണ് ശ്രമിക്കുന്നതെന്ന ബി.ജെ.പിയുടെ പ്രചരണം അജ്മലിനെ ലക്ഷ്യമിട്ടാണ്. ഹിന്ദുവിഭാഗങ്ങള്‍ക്കിടയിലും അസമിലെ തദ്ദേശീയര്‍ക്കിടയിലുമാണ് ബി.ജെ.പിയുടെ ഈ പരാമര്‍ശങ്ങള്‍.എന്നാല്‍ ഇത് മൂന്‍കൂട്ടി തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തിന് തനിക്ക താല്‍പര്യമില്ലെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ താന്‍ പിന്തുണക്കുമെന്നും അജ്മല്‍ വേദികളില്‍ ആവര്‍ത്തിക്കുന്നു.