ചോദ്യങ്ങള്‍ക്ക് പിന്നിലായിരുന്നു ദീര്‍ഘകാലം ഡെറിക് ഒബ്രിയാന്‍.ചോദ്യം ചോദിക്കലായിരുന്നു തൊഴില്‍.ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്വിസ് മാസ്റ്ററായിരുന്ന  നീല്‍ ഒബ്രിയാനിന്റെ ഇളയമകനായ ഡെറിക് അച്ഛനെ പിന്തുടര്‍ന്ന് അമേരിക്കയും ഗള്‍ഫ് നാടുകളുമുള്‍പ്പടെയുള്ള   രാജ്യാന്തരവേദികളില്‍ ക്വിസ് മത്സരത്തെ ജനപ്രിയമാക്കി.ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത ക്വിസ് പരമ്പരകളിലൂടെ ഡെറിക് കേരളത്തിനും പരിചിതന്‍.

സ്‌പോര്‍ട്‌സ് വേള്‍ഡ് മാസികയില്‍ പത്രപ്രവര്‍ത്തകനായിട്ടായിരുന്നു ഡെറികിന്റെ തുടക്കം.തുടര്‍ന്ന് 1984 ല്‍  ക്വിസ് മേഖലയിലേക്ക് കടന്നു. പിതാവ് നീല്‍ ഒബ്രിയാനില്‍ നിന്നാണ് ക്വിസ് കരിയറിന് തുടക്കം.1967 ല്‍ രാജ്യത്ത ആദ്യത്തെ ഓപ്പണ്‍ ക്വിസിന് തുടക്കമിട്ടത് പിതാവ് നീല്‍ ഒബ്രിയാനായിരുന്നു.1988 ല്‍ ഡെറിക് ആദ്യമായി പ്രൊഫഷണല്‍ ക്വിസ് മാസ്റ്റര്‍ എന്ന നിലയില്‍ ആദ്യത്തെ ക്വിസ് മത്സരം സംഘടിപ്പിച്ചു.അമേരിക്ക,ഗള്‍ഫ് നാടുകള്‍,സിംഗപ്പൂര്‍,ശ്രീലങ്ക,ബംഗ്ലാദേശ്, തുടങ്ങിയ രാജ്യങ്ങളില്‍ ക്വിസ്മത്സരം സംഘടിപ്പിച്ചു.2008 ല്‍ പാകിസ്താന്‍ സന്ദര്‍ശിച്ച് ഇസ്ലാമാബാദ്,ലഹോര്‍,കറാച്ചി എന്നിവിടങ്ങളില്‍ ക്വിസ് മത്സരം നടത്തി.മികച്ച അവതാരകനുള്ള ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡ് നേടി.ഹാര്‍വാര്‍ഡ്,യേല്‍,കൊളംബിയ സര്‍വകലാശാലകള്‍,ഐ.ഐ.എം,ഐ.ഐ.ടി,നാഷണല്‍ ലാ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിസിറ്റിംഗ് അധ്യാപകനാണ്.1991 ല്‍ സ്വന്തമായി ബിഗ് ഐഡിയാസ് എന്ന സ്ഥാപനം സ്ഥാപിച്ചു.

2004 ലാണ് ഡെറിക് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.തുടര്‍ന്ന് പാര്‍ട്ടിയുടെ ദേശീയ വക്താവായി.സിംഗൂര്‍,നന്ദിഗ്രാം വിഷയങ്ങളില്‍ മമതയുടെ നിലപാട് ദേശീയ മാധ്യമങ്ങളില്‍ വിശദീകരിച്ചാണ് ഡെറിക് ഒബ്രിയാന്‍ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായത്.2011 മുതല്‍ രാജ്യസഭാംഗമാണ്.
'ബി.ജെ.പിയെ ബംഗാളിലെ ജനങ്ങള്‍ തുരത്തുമെന്നും ടി.എം.സി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും 'കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ആസ്ഥാനത്ത് വച്ച് ഡെറിക് മാതൃഭൂമിയോട് പറഞ്ഞു.പിന്നെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ക്വിസ് മാസ്റ്റര്‍ ഇരുന്നു.


-ബംഗാളില്‍ തിരഞ്ഞെടുപ്പ് ഇക്കുറി എത്രമാത്രം നിര്‍ണായകമാണ് ?

തിരഞ്ഞെടുപ്പ് പ്രകടനപത്രികയും ഭരണഘടനയും തമ്മിലുള്ള മത്സരമാണ് ഇക്കുറി ബംഗാളില്‍ അരങ്ങേറുന്നത്.ബി.ജെ.പിയുടെ പ്രകടനപത്രികയാണോ അതോ,ഇന്ത്യയുടെ ഭരണഘടനയാണോ രാജ്യത്തെ ഭരിക്കാന്‍ പോകുന്നത് എന്ന് ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും.അതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.

-ഇതൊരു സംസ്ഥാന തിരഞ്ഞെടുപ്പാണ്.ഈ തിരഞ്ഞെടുപ്പില്‍ എന്തു കൊണ്ടാണ് ദേശീയ വിഷയങ്ങള്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് ?

നല്ല ചോദ്യമാണിത്.ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുന്നത് ദേശീയ സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നത് കൊണ്ടാണ്.ബി.ജെ.പിക്ക് ആരും തന്നെ ബംഗാളിലില്ല.ഞങ്ങള്‍ക്ക് ഒരു ചാന്‍സ് തരു എന്നാണ്  അവര്‍ പറയാന്‍  ശ്രമിക്കുന്നത്.  നിലവില്‍ തന്നെ ഏഴ് വര്‍ഷങ്ങള്‍ ബി.ജെ.പിക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് ബംഗാള്‍ ജനത അവരോട് പറയാന്‍ ആഗ്രഹിക്കുന്നത്.എന്നാല്‍ ആ ഏഴ് വര്‍ഷവും നിങ്ങള്‍ ഞങ്ങളെ വേദനിപ്പിക്കുകയായിരുന്നു.രാജ്യത്തെ ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി നല്‍കുകയാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്.ബി.ജെ.പിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യമില്ല.അതിന് മൂന്ന് ഉദാഹരണങ്ങളുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് നിന്ന് അഴിമതി,ഭീകരവാദം,പട്ടിണി എന്നിവ തുടച്ചു നീക്കുമെന്ന് ബി.ജെ.പിയും മോദിയും പറഞ്ഞു.എന്നാല്‍ നോട്ട് പിന്‍വലിക്കലിന് ശേഷം അവര്‍ വായ തുറന്നിട്ടില്ല.എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഈ ഭീകരനിയമം പിന്‍വലിക്കണമെന്ന് മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

15 ലക്ഷം രൂപ  ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് രണ്ടാമത്തെ വിഷയം. എന്നാല്‍ ബി.ജെ.പി പാലിച്ചില്ല. കര്‍ഷകരുടെ വരുമാനം 2022 ല്‍ ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തു.എന്നാല്‍ നടപ്പാക്കിയിട്ടില്ല.എന്നാല്‍ ബംഗാളില്‍ ടി.എം.സിക്ക് പത്ത് വര്‍ഷം ഭരണം കിട്ടി.കേന്ദ്ര സര്‍ക്കാരിനെക്കാള്‍ എത്രയോ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു.ഞങ്ങള്‍ ബംഗാളിലെ  കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയല്ല,മൂന്നിരട്ടിയാക്കുകയാണ് ചെയ്തത്.കന്യാശ്രീ എന്ന പേരില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്കായി പദ്ധതി നടപ്പാക്കി.ഐക്യരാഷ്ട്രസംഘടന പോലും ഇതിന് പുരസ്‌കാരം നല്‍കി.69 ലക്ഷം പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചു.9400 കോടി രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ സ്ഥിതി എന്താണ് ? എത്ര രൂപയാണ് ഈ വര്‍ഷം കേന്ദ്രം ഈ പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത് ? ഒന്നുമില്ല.പൂജ്യം.രാജ്യത്തെ ഗ്രാമീണ റോഡുകളുടെ വികസനത്തില്‍ ബംഗാളാണ് മുന്നില്‍.ഇത് ഞങ്ങളുടെ കണക്കല്ല.കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളാണ്.മൂവായിരം കിലോമീറ്ററാണ് ബംഗാളില്‍ നിര്‍മിച്ചത്.ബംഗാളിന് ഒന്നാം സ്ഥാനമാണ്.ചെറുകിട ഇടത്തരം വ്യവസായ വികസനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ബംഗാളിനാണ്.ബിസിനസ് സുഗമമായി നടത്താവുന്ന സംസ്ഥാനങ്ങളിലും ഒന്നാം സ്ഥാനം ബംഗാളിനാണ്.കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്തുക.ഒന്നാം സ്ഥാനം ബംഗാളിനാണ്.ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനം ബംഗാളിനാണ്.അതിനാല്‍ നിങ്ങള്‍ ബംഗാള്‍ മോഡല്‍ നോക്കു.

രാജ്യത്തെ   ജി.എസ്.ടി പിരിവിന്റെ അവസ്ഥ എന്താണ് ?ജി.എസ്.ടിക്ക് ഒരു ഭരണഘടനാപരമായ പ്രതിജ്ഞാബദ്ധതയുണ്ട്.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വരുമാനം വീതിക്കണമെന്ന് വ്യവസ്ഥയുണ്ട്.കേന്ദ്രം പിരിച്ചെടുക്കുന്ന പണത്തിന്റെ വിഹിതം സംസ്ഥാനത്തിന് നല്‍കണം.എന്നാല്‍ അത് നല്‍കുന്നുണ്ടോ.കേന്ദ്രം സംസ്ഥാനങ്ങളില്‍ നിന്ന് ഊറ്റിയെടുക്കുന്ന പണമാണിത്.വളരെ സങ്കീര്‍ണമായ വിഷയങ്ങളാണിവ.അതിനാല്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഉദാഹരണമെടുക്കാം.രാജ്യത്തെ ധനകാര്യമന്ത്രി ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശ വെട്ടിക്കുറച്ചു.നിങ്ങള്‍ ഇതൊന്ന് ഭാവനയില്‍ കാണു.ഏതെങ്കിലും സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമോ ?
                          
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തിരഞ്ഞടുപ്പില്‍ വോട്ട് ചോദിക്കും.അതില്‍ ഒരു തെറ്റുമില്ല.എന്നാല്‍ മോദിയും അമിത് ഷായും അതിനപ്പുറമാണ് പോകുന്നത്.അവര്‍ക്ക് നിങ്ങളുടെ വോട്ട്  മാത്രം പോര,അവര്‍ക്ക് നിങ്ങളുടെ മനസ്സും വേണം.ഇതാണ് വലിയ പ്രശ്‌നം.കേരളത്തിലുള്ളവരുടെ മനസ്സ് വാങ്ങുക ബി.ജെ.പിക്ക് എളുപ്പമല്ല.ഒരു വഴിയുമില്ല.കാരണം കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിന്റേതായ മനസ്സുണ്ട്.ബംഗാളും ബുദ്ധിമുട്ടുള്ള പ്രദേശമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബി.ജെ.പി തൊഴിലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല.റോഡുകള്‍,റേഷന്‍,കൃഷി,ഐ.ടി. തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക്് താല്‍പര്യമില്ല.അവര്‍ക്ക പാകിസ്താനെക്കുറിച്ച് സംസാരിക്കാനാണ് താല്‍പര്യം.

ഡെറിക് ഒബ്രിയാന്‍


-മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമോ തിരഞ്ഞെടുപ്പ് ?

അതിലേക്ക് കടക്കും മുമ്പ്  മറ്റൊന്ന് പരിശോധിക്കു.ആരാണ് ബംഗാളിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ?മോദിയാണോ അമിത് ഷായാണോ നഡ്ഡയാണോ ? അവര്‍ ബംഗാളിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണോ ?എവിടെയാണ് ഫെഡറല്‍ ഘടന ?ഈ ഫെഡറല്‍ ഘടനയില്‍ നിന്ന് കൊണ്ട് ബംഗാളില്‍ ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുമെന്ന് പറയാന്‍ ബി.ജെ.പിക്ക് എങ്ങനെ ധൈര്യം വന്നു ?എന്താണ് അതിന് അര്‍ഥം ?കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ഭരണഘടനാശില്പികള്‍ എഴുതി വച്ചത് എന്തിനാണ് ?ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പ്,ഒരു പാര്‍ട്ടി എന്നത് ശരിയായ സങ്കല്‍പമല്ല.

-ഇടത് പാര്‍ട്ടികളുടെ സ്ഥിതി എന്താണ് ?ബംഗാളില്‍ ത്രികോണമത്സരമാണോ നടക്കുന്നത് ?

കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒരു മതപുരോഹിതന്റെ സംഘടനയുമായി കൈകോര്‍ത്താണ് ബംഗാളില്‍ മത്സരിക്കുന്നത്.നിങ്ങള്‍ക്ക് ആരുമായും സഖ്യം ചേരാം.പക്ഷെ എന്തിന് ?കാരണം അവര്‍ക്ക് ഒരു ഓക്‌സിജന്‍ ടാങ്ക് ആവശ്യമായി വന്നിരിക്കുന്നു.ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം.ഈ മൂന്നാം മുന്നണിക്ക് 294 സീറ്റുകളില്‍ പത്തില്‍ താഴെ മാത്രം സീറ്റായിരിക്കും ലഭിക്കാന്‍ പോകുന്നത്.എന്റെ മറ്റ് പല കണക്കുകളും തെറ്റിപ്പോകാം.എന്നാല്‍ ഈ കണക്ക് ശരിയായിരിക്കും.അല്ലെങ്കില്‍ നിങ്ങള്‍ മെയ് 2 ന് നോക്കിക്കോളു.


-രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് നന്ദിഗ്രാമിലേക്കാണ്.അവിടെ എന്ത് സംഭവിക്കും ?

നന്ദിഗ്രാമില്‍ മറ്റെന്ത് സംഭവിക്കാനാണ്.മുഖ്യമന്ത്രി അവിടെ ജയിക്കും.എന്നാല്‍ നമ്മള്‍ ചിന്തിക്കേണ്ടത് നന്ദിഗ്രാമിന് ശേഷം എന്ത് സംഭവിക്കുമെന്നാണ്.അവിടെ ബി.ജെ.പി നടത്തുന്ന  പ്രചാരണം തികച്ചും അന്തസ്സ് നശിച്ചതും മതാടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ടതും മലിനീകരിക്കപ്പെട്ടതുമാണ്.നമ്മള്‍ അതിനെ രാജ്യത്തിന്റെ കണ്ണാടിയെന്ന പോലെയാണ് വീക്ഷിക്കേണ്ടത്.അവിടുത്തെ തിരഞ്ഞെടുപ്പിനോട് ബി.ജെ.പി കാട്ടിയ സമീപനം,അവര്‍ പുലര്‍ത്തിയ നിലവാരം ദയനീയമാണ്.ഏറ്റവും വൃത്തികെട്ട,വിഷം പുരണ്ട,അന്തസ്സു കെട്ട പ്രചരണമാണ് ബി.ജെ.പി നടത്തിയത്.നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ നോക്കു.ആരൊക്കെയാണ് നന്ദിഗ്രാമില്‍ പ്രചരണം നടത്തിയത്.പ്രധാനമന്ത്രി,ആഭ്യന്തരമന്ത്രി,ബി.ജെ.പി പ്രസിഡണ്ട് തുടങ്ങിയവരൊക്കെ അവിടെ പ്രചരണം നടത്തി.അവര്‍ക്കെങ്ങനെയാണ് നന്ദിഗ്രാമില്‍ പോയി പ്രചരണം നടത്താന്‍ കഴിയുന്നത്.ഇതാണോ കുടുംബവാഴ്ചയില്‍ വിശ്വസിക്കുന്നില്ല എന്ന് പറയുന്ന പാര്‍ട്ടിയുടെ രീതി ?കുടുംബവാഴ്ചക്ക് വേണ്ടിയല്ലേ നന്ദിഗ്രാമില്‍ ബി.ജെ.പി പ്രചരണം നടത്തുന്നത് ?ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വ്യക്തി (സുവേന്ദു അധികാരി) മൂന്ന് മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നു.അത് കൊണ്ടൊന്നും അദ്ദേഹത്തിന് മതിയായിട്ടില്ല.സുവേന്ദുവിന്റെ അച്ഛന്‍ ആ പ്രദേശത്തിന്റെ എം.പിയാണ്.അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ലോക്‌സഭാംഗമാണ്.മറ്റൊരു സഹോദരന്‍ അവിടുത്തെ നഗരസഭയുടെ ചെയര്‍മാനാണ്.സഹോദരന്റെ ഭാര്യ അവിടുത്തെ നഗരസഭാ കൗണ്‍സിലറാണ്.ഈ കുടുംബവാഴ്ച നിലനിര്‍ത്താനാണ് ബി.ജെ.പി പ്രചരണം നടത്തുന്നത്.ബി.ജെ.പി എങ്ങനെയാണ് രാഹുല്‍ ഗാന്ധിക്കെതിരെയും സ്റ്റാലിനെതിരെയും കുടുംബവാഴ്ച എന്ന ആരോപണം ഉന്നയിക്കുന്നത് ?അതാണ് ഞാന്‍ പറയുന്നത് ബി.ജെ.പി കാപട്യക്കാരാണ്.


-സിംഗൂര്‍ പ്രശ്‌നം ഇക്കുറിയും ചര്‍ച്ചാ വിഷയമാണല്ലോ.സിംഗൂര്‍ പ്രശ്നം ബംഗാളിന്റെ വികസനം തടഞ്ഞുവെന്നാണ് ഒരു വിലയിരുത്തല്‍.എന്താണ് താങ്കളുടെ വീക്ഷണം ?

സിംഗൂര്‍ ഒരു സങ്കീര്‍ണ വിഷയമാണ്.സിംഗൂര്‍ മൂലം രാജ്യത്തുണ്ടായ അനുകൂലഘടകത്തെക്കുറിച്ച് ഞാന്‍ പറയാം.രാജ്യത്ത് ഇന്ന് ഭൂമിക്ക് വേണ്ടിരൂപമെടുക്കുന്ന പ്രസ്ഥാനങ്ങളുടെ അടിസ്ഥാനകാരണം സിംഗൂറാണ്.എന്തായിരുന്നു സിംഗൂരില്‍ ഞങ്ങളുടെ ആവശ്യം ?ലളിതമായി പറയാം.ഉദാഹരണത്തിന് ഞാന്‍ തിരുവനന്തപുരത്ത് ജീവിക്കുകയാണെന്ന് കരുതു.തിരുവനന്തപുരം നഗരത്തില്‍ പത്ത് പ്രമുഖ ബംഗ്ലാവുകളുണ്ടെന്ന് കരുതൂ.പലര്‍ക്കും തങ്ങളുടെ ബംഗ്ലാവ് വില്‍ക്കാന്‍ താല്‍പര്യമുണ്ട്.എന്നാല്‍ ഇടയില്‍ ചിലര്‍ക്ക് വില്‍ക്കാന്‍ താല്‍പര്യമില്ല.എന്നാല്‍ നിയമം അതല്ല.ഒരാള്‍ വിറ്റാല്‍ അതേ മാനദണ്ഡത്തില്‍ എല്ലാവരും വില്‍ക്കണമെന്നാണ് നിയമവ്യവസ്ഥ എങ്കില്‍ എന്ത് ചെയ്യും ?ഇതാണ് സിംഗൂരിന്റെ കഥ.30 ശതമാനം കര്‍ഷകര്‍ക്ക് ഭൂമി വില്‍ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.എന്നാല്‍ നിയമം അനുസരിച്ച് അവരും വില്‍ക്കാന്‍ നിര്‍ബന്ധിതരായി.ഇതിനെതിരെയാണ് മമതാ ബാനര്‍ജി പോരാടിയത്.കോണ്‍ഗ്രസ് പാര്‍ട്ടിയും ബി.ജെ.പിയും ചേര്‍ന്ന് 2013 ല്‍ ഒരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടു വന്നു.ഭൂമി ഏറ്റെടുക്കല്‍ ബില്‍.ഞങ്ങള്‍ ആ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.സി.പി.എം ആ വോട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തു.എന്നാല്‍ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരം ടി.എം.സി അംഗങ്ങള്‍ അതിനെതിരെ വോട്ട് ചെയ്തു.ഇന്ന് രാജ്യത്ത മമതാ ബാനര്‍ജിയുടെ ലെഗസികളിലൊന്ന്,നിങ്ങള്‍ക്ക് കര്‍ഷകരുടെ ഭൂമി വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ തട്ടിയെടുക്കാന്‍ കഴിയില്ല എന്നതാണ്.

-ബംഗാളിലെ വ്യവസായ വികസനത്തെക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്.അതിനെന്ത് പരിഹാരം ?

സിംഗൂര്‍ പ്രശ്നം സംഭവിച്ചത് 2021 ല്‍ അല്ല.2006 ലാണ്.തീര്‍ച്ചയായും അന്ന് അഞ്ചാ ആറോ വയസ്സുണ്ടായിരുന്ന കുട്ടികള്‍ ഇന്ന് യുവാക്കളായി മാറി.അവര്‍ക്ക് സ്വാഭാവികമായും തൊഴില്‍ വേണം.അതൊരു വെല്ലുവിളിയാണ്.നമുക്ക് എല്ലം വളരെ കൃത്യമായും പെര്‍ഫക്ടായും ഒരുമിച്ച് ലഭിക്കില്ല.അതാണ് പുതിയ സര്‍ക്കാരിന്റെ വെല്ലുവിളി.സിംഗൂരില്‍ തന്നെ  പദ്ധതികള്‍ സ്ഥാപിക്കണം.അതൊരു വെല്ലുവിളിയാണ്.

-സിംഗൂരില്‍ മമതാ ബാനര്‍ജിയും ടി.എം.സി.യും സ്വീകരിച്ച നടപടികള്‍ തെറ്റായി പോയോ ?

തെറ്റായി പോയെന്ന് എങ്ങനെ പറയും ?2006 ല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് സിംഗൂരിനെക്കുറിച്ച് പറഞ്ഞത് തന്നെയാണ് 2012ല്‍ സുപ്രീംകോടതി പറഞ്ഞത്.കൃഷിയും വ്യവസായവും ഒരുമിച്ച് നടപ്പാകണം.2006 ല്‍ ഞങ്ങള്‍ സ്വീകരിച്ച നയത്തെ 2012 ല്‍ സുപ്രീംകോടതി ശരിവച്ചു.2013 ല്‍ ഭൂമി എറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ ഞങ്ങള്‍ അതിനെ എതിര്‍ത്ത് വോട്ട് ചെയ്തു.പാര്‍ലമെന്റില്‍ ടി.എം.സിയുടെ  വോട്ടുകള്‍ ഈ ബില്ലിനെതിരെയാണ് വീണത്.യു.പി.എ.യായിരുന്നു രാജ്യം ഭരിച്ചത്.ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു.അരുണ്‍ ജയ്റ്റ്‌ലിയായിരുന്നു അന്ന് പ്രതിപക്ഷ നേതാവ്.ഇടത്പക്ഷം ഉള്‍പ്പടെ എല്ലാവരും ഈ ബില്ലിന് അനുകൂലമായിരുന്നു.ഞാന്‍ ദീദിയെ വിളിച്ചു.ഏഴ് ടി.എം.സി അംഗങ്ങള്‍  മാത്രമാണ് സഭയിലുള്ളത്.എന്ത് ചെയ്യണമെന്ന് ഞാന്‍ ദീദിയോട് ചോദിച്ചു. നിങ്ങള്‍ അഞ്ച് പേര്‍ മാത്രമാണുള്ളതെങ്കിലും ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന് ദീദി പറഞ്ഞു.ഞങ്ങള്‍ വോട്ട് ചെയ്തു.എന്നാല്‍ അതൊരു വിജയമായിരുന്നു.2013 ലെ പാര്‍ലമെന്റ് രേഖകള്‍ അവിടെ ഉണ്ട്.ആരൊക്കെ എവിടെയൊക്കെ നിന്നുവെന്ന് ആ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.ബി.ജെ.പി പിന്നീട് അധികാരത്തില്‍ വന്നു.അവര്‍ ആ ബില്‍ പുതിയ രൂപത്തില്‍ വീണ്ടും അവതരിപ്പിച്ചു.അതാണ് മൂന്ന് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍.കര്‍ഷകര്‍ മാസങ്ങളായി ഈ ബില്ലുകള്‍ക്കെതിരെ സമരത്തിലാണ്.നിയമമില്ല.വ്യവസ്ഥകളില്ല.അരുണ്‍ ജയ്റ്റ്‌ലിയുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലായിരുന്നു.ഞാന്‍ അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കുന്നില്ല.അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.എന്നാല്‍ അദ്ദേഹത്തിന് പാര്‍ലമെന്റിനോടും ഭരണഘടനയോടും ആദരവും സ്‌നഹവുമുണ്ടായിരുന്നു.ഒരു ബില്‍ കൊണ്ടു വരുമ്പോള്‍ അതില്‍ ഭേദഗതി കൊണ്ടു വരാന്‍ ഒരംഗത്തിന് അവകാശമുണ്ട്.അതിന് സാവകാശം ലഭിക്കണം.അല്ലെങ്കില്‍ അതില്‍ പ്രമേയം അവതരിപ്പിക്കാന്‍ അവകാശമുണ്ട്.സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ആവശ്യപ്പെടാം.അല്ലെങ്കില്‍ ഒരംഗത്തിന് അതില്‍ വോട്ട് ചെയ്യാന്‍ അവകാശമുണ്ട്.എന്നാല്‍ ഞങ്ങളുടെയെല്ലാം അവകാശങ്ങള്‍ അവഗണിച്ചു.എന്താണ് പാര്‍ലമന്റില്‍ സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

-ബംഗാളില്‍ തൂക്ക് സഭയാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ടി.എം.സി സ്വീകരിക്കുമോ ?

ബംഗാളില്‍ തൂക്ക് സഭ ഉണ്ടാകാന്‍ പോകുന്നില്ല.ജനങ്ങള്‍ ബി.ജെ.പിയെ തുരത്തും.2019 ല്‍ ഞങ്ങളുടെ പാര്‍ട്ടി നടത്തിയ പ്രകടനത്തെക്കാള്‍ മെച്ചപ്പെട്ട പ്രകടനം ഇത്തവണ ഉണ്ടാകും.അതില്‍ ഞങ്ങള്‍ക്ക് പൂര്‍ണമായ ആത്മവിശ്വാസമുണ്ട്.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ 160 നിയമസഭാ സീറ്റുകളില്‍ ലീഡ് ചെയ്തു.ബി.ജെ.പി 120 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്തത്.കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും 14 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്തത്.ആ നിലയ്ക്ക് തൂക്കു സഭയെക്കുറിച്ചുള്ള ചോദ്യം എവിടെയാണ്.ഞങ്ങള്‍ ജയിക്കും.എങ്കിലും മറ്റുള്ളവരോടും യോജിച്ചായിരിക്കും ഞങ്ങള്‍ പ്രവര്‍ത്തിക്കുക.കാരണം ഇതൊരു ജനാധിപത്യ സംവിധാനമല്ലേ.അവിടെ പ്രതിപക്ഷം അനിവാര്യമാണ്.ബി.ജെ.പിക്ക് പത്ത് സീറ്റേ കിട്ടിയുള്ളുവെന്ന് കരുതി അവരെ പരിഗണിക്കില്ല എന്ന് കരുതരുത്.പത്ത് സീറ്റായാലും നൂറ് സീറ്റായാലും  അവരെ പരിഗണിക്കും.കാരണം ഭരണഘടനയുടെ വ്യവസ്ഥ അവസ്ഥ അതാണ്.അത് ഞങ്ങള്‍ പാലിക്കും.