തിനാറാം ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കരുത്തുറ്റ പ്രാതിനിധ്യങ്ങളിലൊന്നായിരുന്നു സുഷ്മിതാ ദേവ്. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത അസമിലെ കോണ്‍ഗ്രസിന്റെ പ്രധാന മുഖമാണ്. 2011 മുതല്‍ 2016 വരെ അസം നിയമസഭാംഗം. 2014 മുതല്‍ 2019 വരെ ലോക്‌സഭാംഗം. 2017 ല്‍ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട്. നിയമത്തില്‍ ബിരുദാനന്തരബിരുദം.

എന്നിട്ടും അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സുഷ്മിത മത്സരിക്കുന്നില്ല. സില്‍ചാര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ സുഷ്മിത പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടി ഈ പ്രചരണം തള്ളിക്കളഞ്ഞു. എങ്കിലും ആദ്യത്തെ രണ്ട് ഘട്ടം തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ സുഷ്മിതയെ കണ്ടതേയില്ല.മൂന്നാം ഘട്ടത്തിന്റെ ഒടുവിലത്തെ ദിവസങ്ങളിലാണ് വീണ്ടും സുഷ്മിത കോണ്‍ഗ്രസ് വേദികളില്‍ പ്രത്യക്ഷപ്പെട്ടത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തനം. നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എന്റെ പരിചയം പുതുമുഖ സ്ഥാനാര്‍ഥികള്‍ക്കായി  ഉപയോഗിക്കുകയാണ്. അത്തരത്തിലൊരു നേതൃത്വമാണ് ഞാന്‍ നല്‍കുന്നതെന്നായിരുന്നു ഗുഹാഹതിയില്‍ വച്ച് കണ്ടപ്പോള്‍ ഇതെക്കുറിച്ച് സുഷ്മിത മാതൃഭൂമിയോട് പ്രതികരിച്ചത്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ എന്താണ് ?

അസമില്‍ ഇക്കുറി മഹാജോട് (മഹാസഖ്യം)സര്‍ക്കാരുണ്ടാക്കും. അതില്‍ സംശയമില്ല. അവസാനഘട്ടം വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഞങ്ങളാണ് മുന്നില്‍. ഇവിടെ ബി.ജെ.പിക്ക് ഒരു സാധ്യതയുമില്ല.

കോണ്‍ഗ്രസ് അസമില്‍ സംഘടനാ പരമായി ദുര്‍ബലമല്ലേ. നേതാക്കളുടെ ക്ഷാമവും അലട്ടുന്നില്ലേ ?അതുകൊണ്ടല്ലേ ഛത്തീസ്ഗഡ് ഘടകം അസമില്‍ പ്രവര്‍ത്തിക്കേണ്ടി വന്നത് ?

അസമിലും കേരളത്തിലുമാണ് പാര്‍ട്ടിക്ക്  ശക്തമായ സംഘടനാ സംവിധാനമുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് ഛത്തീസ്ഗഡ് ഘടകം ഞങ്ങള്‍ക്ക് വിപുലമായ സഹായം നല്‍കുന്നുണ്ട് എന്നത് ശരിയാണ്.അത് സ്വാഭാവികമാണ്. ആര്‍.എസ്.എസ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അസിമിലേക്ക് പ്രവര്‍ത്തകരെ വന്‍ തോതില്‍ കൊണ്ടു വന്നിട്ടില്ലേ ?അസമില്‍ ഞങ്ങള്‍ക്ക് നേതൃത്വപ്രശ്‌നമുണ്ടെന്നത് കേവലം പ്രചരണം മാത്രമാണ്. ഇവിടെ അത്തരത്തല്‍ പ്രശ്‌നങ്ങളില്ല. നിരവധി നേതാക്കള്‍ പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളവരുണ്ട്. നേതാക്കളുടെ ബാഹുല്യമാണ് അസമിലുള്ളത്.

മുതിര്‍ന്ന നേതാവായ സുഷ്മിത മത്സരിക്കുന്നില്ല.അതെന്തു കൊണ്ടാണ് സംഭവിച്ചത് ?

പാര്‍ട്ടി നേതൃത്വത്തിന് നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.തിരഞ്ഞെടുപ്പില്‍ മത്സരിക്കുക മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തനം. ബരാക് വാലിയില്‍ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥികളിലേറെയും പുതുമുഖങ്ങളാണ്. നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എന്റെ പരിചയം അവര്‍ക്കായി ഉപയോഗിക്കുകയാണ്.അത്തരത്തിലൊരു നേതൃത്വമാണ്  ഞാന്‍ കൈക്കൊള്ളുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല എന്റെ നേതൃത്വശേഷി. പാര്‍ട്ടിക്ക് വേണ്ടി എങ്ങനെ തിരഞ്ഞടുപ്പില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.

ദേശീയ തലത്തിലും കോണ്‍ഗ്രസ് പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം. ജി.23 നേതാക്കളുടെ പ്രതിഷേധം. എന്താണ് താങ്കളുടെ നിലപാട് ?

ജി.23 യോ ജി.100 ഓ എന്തായാലും ഞങ്ങളുടെ നേതാവ് സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്.പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നിഷേധിക്കില്ല. ബി.ജെ.പി നടത്തുന്നത് പോലെ വണ്‍ മാന്‍ ഷോയല്ല കോണ്‍ഗ്രസ് പാര്‍ട്ടി. ഞങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കും. ആ ജനാധിപത്യ ബോധം ഞങ്ങളുടെ ഡി.എന്‍.എക്കുള്ളിലുണ്ട്. ഞങ്ങള്‍ ഏതെങ്കിലും ഒരു നേതാവിന്റെ കീഴില്‍ ഭയത്തോടെ പ്രവര്‍ത്തിക്കുന്നവരല്ല. ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെ ആദരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവരെ ഭയമില്ല. അതിനാല്‍ ഞങ്ങള്‍ അവരോട് മനസ്സ് തുറന്ന് സംസാരിക്കും. അതില്‍ തെറ്റെന്താണ് ?സോണിയാജിയും രാഹുല്‍ജിയും അത് പ്രോത്സാഹിപ്പിക്കുന്നവരാണ്. ആ ഡി.എന്‍.എ.യില്‍ ഞാന്‍ അഭിമാനിക്കുന്നു.

Panchagusthi
സുഷ്മിത ദേവിനൊപ്പം ലേഖകന്‍

അസമിലെ തിരഞ്ഞെടുപ്പില്‍  ഇക്കുറി കൃത്യമായ വര്‍ഗ്ഗീയധ്രുവീകരണം ദൃശ്യമാണ്. എന്താണ് വിലയിരുത്തല്‍ ?
അതില്‍ എന്താണ് പുതുമ ?ബി.ജെ.പിക്ക് വര്‍ഗ്ഗീയതയല്ലാതെ മറ്റെന്ത് അജണ്ടയാണുള്ളത്. അവര്‍ വികസനത്തെക്കുറിച്ച് സംസാരിക്കില്ല. തൊഴിലില്ലായ്മ എങ്ങനെ പരിഹരിക്കാമെന്നത് അവരുടെ അജണ്ടയിലില്ല. വ്യവസായവല്‍ക്കരണത്തെക്കുറിച്ച് മൗനമാണ്. കൃഷി അവരുടെ വിഷയമല്ല. അവര്‍ സംസാരിക്കുന്നത് വര്‍ഗ്ഗീയ രാഷ്ട്രീയം മാത്രമാണ്.ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഈ രീതി ഒരിക്കലും വിജയിക്കില്ല.അസമില്‍ ഒരു കാലത്തും നിലനില്‍ക്കില്ല.

പൗരത്വനിയമ വിവാദം അസമില്‍ തിരഞ്ഞെടുപ്പ് വിഷയമല്ലേ. ഇത് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നാണ് ബി.ജെ.പി നേതാവ് ഹിമന്ദ ബിശ്വ ശര്‍മ കഴിഞ്ഞ ദിവസം മാതൃഭൂമിയോട് പറഞ്ഞത്.എന്താണ് പ്രതികരണം ?

പൗരത്വപ്പട്ടികയുടെ (എന്‍.ആര്‍.സി) നടപടികള്‍ക്കിടയിലാണ് പൗരത്വ നിയമഭേദഗതി കൊണ്ടു വന്നത്. അസമിലെ ഒരു വിഭാഗം ജനങ്ങള്‍,പ്രത്യേകിച്ച് ബംഗാളി ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ഇതെക്കുറിച്ച് വളരെ ആശങ്കയിലാണ്. രേഖകളില്ലാത്തിന്റെ പേരില്‍ നിരവധി ആളുകള്‍ പീഡിപ്പിക്കപ്പെട്ടു. പാവപ്പെട്ട ജനങ്ങളുടെ കയ്യില്‍  രേഖകളൊന്നുമില്ല.പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നപ്പോള്‍ അത് ഒരു ആശ്വാസമാണെന്ന് തുടക്കത്തില്‍ ഈ പാവങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ ക്രമേണ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പുറത്തു വന്നപ്പോള്‍ ഇത് മറ്റൊന്നുമല്ല,ജനങ്ങളെ വിഭജിക്കാനുള്ള ആയുധം മാത്രമാണെന്ന് അവര്‍ക്ക് മനസ്സിലായി.ഇത് അമിത് ഷായും ബി.ജെ.പിയും ഉപയോഗിക്കുന്ന രാഷ്ട്രീയായുധമല്ലാതെ മറ്റൊന്നുമല്ല.അതാരെയും സഹായിക്കില്ല.

അതെ സമയം തന്നെ പ്രകടന പത്രികയില്‍ ബി.ജെ.പി പൗരത്വനിയമത്തെക്കുറിച്ച്  മൗനം പാലിക്കകയാണ്.അത് തന്ത്രപരമാണോ ?

ബി.ജെ.പിക്ക് നിരവധി ഇരട്ടത്താപ്പുകളുണ്ട്. പൗരത്വപ്പട്ടിക  എങ്ങനെ നടപ്പാക്കണമെന്ന് അവര്‍ക്കറിയില്ല.അതിലെ പിശകുകള്‍ തിരുത്തുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.എന്നാല്‍ അതില്‍ റിവ്യൂ ഇല്ലെന്നാണ സുപ്രീം കോടതി പറയുന്നത്. ബി.ജെ.പി പൗരത്വപ്പട്ടികയെക്കുറിച്ചും പൗരത്വനിയമത്തെയും കുറിച്ച് മൗനം പാലിക്കുകയാണ്.എന്നാല്‍ അതേ സമയം അവര്‍ പൗരത്വനിയമത്തെക്കുറിച്ച് ബംഗാളില്‍ വാചാലരാണ്.അവിടെ പ്രകടനപത്രികയില്‍ വിശദമായി ഉന്നയിച്ചിട്ടുണ്ട്.അതിനാല്‍ അവരുടെ പ്രകടന പത്രിക കേവലം നുണകളല്ലാതെ മറ്റൊന്നുമല്ല.

കോണ്‍ഗ്രസ് വര്‍ഗ്ഗീയ കാര്‍ഡ് കളിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യമാണ് അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.താങ്കള്‍ എന്ത് പറയുന്നു ?

ഞങ്ങള്‍ക്ക് ഒരു സമുദായവുമായും അകല്‍ച്ചയില്ല.ഞങ്ങള്‍ എല്ലാ വിഭാഗത്തിന്റെയും വോട്ട് തേടുന്ന പാര്‍ട്ടിയാണ്.ബി.ജെ.പി ഞങ്ങളുടെ സഖ്യത്തിനെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.അവര്‍ക്ക് ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരു മറുപടിയുമില്ല.അതിനാല്‍ അവര്‍ ഞങ്ങളുടെ സഖ്യത്തിനെതിരെ ആക്ഷേപങ്ങളുന്നയിച്ച് ജനശ്രദ്ധ തിരിച്ചു വിടുകയാണ്. കാരണം അവര്‍ നിരാശരാണ്. പ്രതിരോധത്തിലുമാണ്.