പേരെടുത്ത രണ്ട് മനോജ് തിവാരിമാരുണ്ട്. ഒരാള്‍ ഭോജ്പുരി നടനും ബി.ജെ.പി എം.പിയുമായ മനോജ് തിവാരി. മറ്റൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റ താരവും ടി.എം.സിയുടെ ശിബ്പുരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ മനോജ് തിവാരി. ആദ്യത്തെയാള്‍ 2009 മുതല്‍ രാഷ്ട്രീയ രംഗത്തുണ്ട്. രണ്ടാമന്‍ ക്രിക്കറ്റ് ക്രീസില്‍ നിന്ന് രാഷ്ട്രീയത്തിന്റെ ക്രീസിലേക്കിറങ്ങിയിട്ട് കേവലം രണ്ട് മാസം.

തലേ ദിവസം പറഞ്ഞുറപ്പിച്ചതനുസരിച്ച് ശിബ്പൂരിലെ തിരഞ്ഞെടുപ്പ് സമിതി ആഫീസില്‍ എത്തുമ്പോള്‍, സമയത്തിന് മുന്നെ തന്നെ സ്ഥാനാര്‍ഥി തയ്യാര്‍. കാത്തുനിന്ന പത്രക്കാരില്‍ കേരളത്തില്‍ നിന്നെത്തിയവര്‍ക്ക് തന്നെ മുന്‍ഗണന. പറഞ്ഞു തുടങ്ങിയപ്പോള്‍ ഇരുത്തം വന്ന രാഷ്ട്രീയക്കാരന്റെ സംസാര ശൈലി. സീസണ്‍ഡ് രാഷ്ട്രീയക്കാരനായല്ലോ എന്ന് ചോദിച്ചപ്പോള്‍ ചിരിയോടെ പ്രതികരണം. ''വിപുലമായ രീതിയില്‍ സമൂഹസേവനം നടത്തണമെങ്കില്‍, എല്ലാവര്‍ക്കും അതിന്റെ ഗുണങ്ങള്‍ എത്തിച്ചേരണമെങ്കില്‍, നമുക്ക് ഒരു പ്ലാറ്റ്‌ഫോം വേണം. അങ്ങനെയുള്ള പ്ലാറ്റ്‌ഫോമിലൂടെ നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആളുകളെ നേരില്‍ കാണാം. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്.''- രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ആദ്യ ചോദ്യത്തിന്റെ മറുപടിയില്‍ നിലപാട് വ്യക്തം. 35 വയസ്സുകാരനായ മനോജ് തിവാരി കഴിഞ്ഞ മാസം 23 നാണ് ടി.എം.സി അംഗമായത്.

തികച്ചും പ്രൊഫഷണലായ രംഗമാണ് ക്രിക്കറ്റ്. പരിശീലനം, ചിട്ട അങ്ങനെയങ്ങനെ. രാഷ്ട്രീയം അത്തരമൊരു രംഗമേയല്ല. ഡര്‍ട്ടി ബിസിനസ് എന്ന് പോലും രാഷ്ട്രീയത്തെ ആക്ഷേപിക്കുന്നവരുണ്ട്. എന്തു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്?

ഓരോരുത്തരും അവരവരുടെ വീക്ഷണത്തിലൂടെയാണ് കാര്യങ്ങള്‍ നോക്കി കാണുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് ചിലര്‍ക്ക് ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ രാഷ്ട്രീയത്തെക്കുറിച്ച എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ക്രിക്കറ്റ് കളിക്കുന്നതിനിടയിലും ഞാന്‍ രാഷ്ട്രീയം ശ്രദ്ധിക്കുമായിരുന്നു. ജനങ്ങളെ സേവിക്കാനുള്ള  ആഗ്രഹമാണ് എന്റെ തീരുമാനത്തിന് പിന്നില്‍. 20-21 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്നയാളാണ് ഞാന്‍. ഒരു ടീം ലോകകപ്പില്‍ വിജയിക്കണമെങ്കില്‍ ടീമംഗങ്ങള്‍ യോജിച്ച് പോരാടണം. ഇത് രാഷ്ട്രീയത്തിലും ബാധകമാണ്. സമൂഹത്തിന്റെ നന്‍മക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണം. കുറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

വിപുലമായ രീതിയില്‍ സമൂഹസേവനം ചെയ്യണമെങ്കില്‍, എല്ലാവരിലേക്കും അതിന്റെ ഗുണങ്ങള്‍ എത്തിച്ചേരണമെങ്കില്‍, നിങ്ങള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം വേണം. അങ്ങനെയുള്ള പ്ലാറ്റ്‌ഫോമിലൂടെ നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് ആളുകളെ നേരില്‍ കാണാം. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്. അടിത്തട്ടില്‍ വേരുകളുള്ള പാര്‍ട്ടിയാണ് ടി.എം.സി. മമതാ ബാനര്‍ജി ഞങ്ങളുടെ പ്രചോദനമാണ്.  ടി.എം.സിക്കായി പോരാടാന്‍ മമത എന്നെ വിളിക്കുമ്പോള്‍, അതേക്കുറിച്ച് രണ്ട് ചിന്ത എനിക്കുണ്ടായിരുന്നില്ല. കാരണം ഞാന്‍ എപ്പോഴും രാഷ്ട്രീയത്തില്‍ പ്രതീക്ഷയോടെ വീക്ഷിക്കുന്ന നേതാവാണ് മമത. തികഞ്ഞ പോരാളിയാണ് മമത. പോരാട്ട വീര്യം, ദൃഢനിശ്ചയം  ഒക്കെ മമതക്കുണ്ട്. എനിക്ക് അവരോട് ആരാധനയുണ്ട്. അതിനാല്‍ രാഷ്ട്രീയ പ്രവേശനം എനിക്ക് എളുപ്പം കൈക്കൊള്ളാവുന്ന തീരുമാനമായിരുന്നു.

manoj tiwari

ആദ്യം ആരാണ് തീരുമാനിച്ചത്? ടി.എം.സിയാണോ, മനോജാണോ?

മമതാ ബാനര്‍ജി എന്നെ നേരിട്ട് വിളിച്ചു. അതിന് മുമ്പ് തന്നെ ബി.ജെ.പി എന്നെ രണ്ട് വട്ടം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പിയോട് ഞാന്‍ താല്‍പര്യം കാട്ടിയില്ല. എന്നാല്‍ മമത വിളിക്കുമ്പോള്‍ ഏത് പാര്‍ട്ടിയിലാണ് ചേരേണ്ടതെന്ന് എനിക്ക് വ്യക്തതയുണ്ടായിരുന്നു. മമതാ ബാനര്‍ജി ബംഗാളിനായി നടത്തുന്ന  പോരാട്ടം ഞാന്‍ നിത്യവും കാണുന്നതാണ്.അതിനാല്‍ ബി.ജെ.പിയിലേക്കുള്ള ഒഴുക്കിനൊപ്പം ചേരാന്‍ ഞാന്‍ താല്‍പര്യപ്പെട്ടില്ല. മമതക്കൊപ്പം നില്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഒഴുക്കിനൊപ്പം നീന്താന്‍ എനിക്ക് താല്‍പര്യമില്ല. ക്രിക്കറ്റ് കളിക്കിടയില്‍  പരിക്കേറ്റ് മൂന്നാല് മാസം ചികിത്സയിലായിരുന്നു. അതിനാല്‍ ആ സമയത്ത് ഒരു തീരുമാനം കൈക്കൊള്ളാന്‍ എനിക്ക് എളുപ്പമായിരുന്നു.

പൊതുവെ കായിക താരങ്ങളും സിനിമാ താരങ്ങളും ബി.ജെ.പിയിലേക്കാണല്ലോ ഒഴുകുന്നത്. മോദിയാണ് ആരാധ്യപുരുഷന്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അവരൊക്കെ പോകുന്നത്. എന്തു കൊണ്ടാണ് മോദി താങ്കളെ ആകര്‍ഷിക്കാതിരുന്നത്?

ഞാന്‍ ഏതെങ്കിലും ഒരാളുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടനാകുന്ന വ്യക്തിയല്ല. ഒരാളുടെ പ്രവര്‍ത്തനം മാത്രമാണ് എനിക്ക് അടിസ്ഥാനം. ഒരാള്‍ ഈ സമൂഹത്തിന് എന്ത് ചെയ്തു എന്നാണ് ഞാന്‍ വിലയിരുത്തുക. എന്താണ് അവര്‍ സമൂഹത്തിന് നല്‍കിയ വാഗ്ദാനങ്ങളെന്നും എന്തൊക്കെയാണ് പാലിച്ചതെന്നും പാലിക്കാത്തതെന്നും ഞാന്‍ വിലയിരുത്തും. മമതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് തികഞ്ഞ ബോധ്യമുള്ളതു കൊണ്ടാണ് ഞാന്‍ ടി.എം.സിയില്‍ ചേര്‍ന്നത്. ബി.ജെ.പിയുടെ ആശയവും എന്റെ ആശയവും തമ്മില്‍ ചേരില്ല.

ഏത് ആശയങ്ങളിലാണ് ബി.ജെ.പിയുമായി യോജിപ്പില്ലാത്തത്?

ക്രിക്കറ്റ് കളിക്കുമ്പോഴും മറ്റ് മേഖലകളെക്കുറിച്ച് ഞാന്‍ നിരന്തരം അന്വേഷണം നടത്തുമായിരുന്നു. മറ്റ് മേഖലകളില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കുമായിരുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പൗരനാണ് ഞാന്‍. ഈ രാജ്യത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍. രാഷ്ട്രീയം ഞാന്‍ പിന്തുടരുന്ന വിഷയമാണ്. ലോകൗഡൗണ്‍ കാലഘട്ടത്തില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി ബംഗാളില്‍ തിരിച്ചെത്തിയ അനുഭവമുണ്ട്. യാത്രാമാര്‍ഗ്ഗം ഉള്‍പ്പടെ ഒന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. അതുകൊണ്ട് ദുരിതത്തില്‍ വീണ എത്രയോ പാവപ്പെട്ടവര്‍ക്ക് അവരുടെ ജീവിതം തന്നെ നഷ്ടമായി. ഇത്തരം യാത്രകള്‍ക്കിടയില്‍ റെയില്‍വെ ട്രാക്കില്‍ കിടന്ന് ക്ഷീണിച്ച ഉറങ്ങിപ്പോയവര്‍ക്ക് മുകളിലൂടെ തീവണ്ടി കയറിയ സംഭവം എന്നെ വളരെ അധികം വേദനിപ്പിച്ചു. സോനു സൂദ് എന്ന നടന്‍ സ്വന്തം ചെലവില്‍ എത്രയോ പേരെ നാടുകളിലെത്തിച്ചു. അങ്ങനെ അദ്ദേഹത്തിന് ചെയ്യാമെങ്കില്‍ എന്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന് കഴിയാതെ പോയത് ? ഇതൊക്കെ ആലോചിച്ചപ്പോള്‍ എനിക്ക് കടുത്ത രോഷം തോന്നി. കാരണം നിങ്ങള്‍ ഒരു രാജ്യം ഭരിക്കുകയാണെങ്കില്‍, സര്‍ക്കാരിനെ നയിക്കാനുള്ള ഭരണപാടവവും ഉണ്ടാകണം. രക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതിന്റെ കാരണത്താല്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടാന്‍ പാടില്ല. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്തില്ല എന്നതാണ് എന്റെ അഭിപ്രായം. രാജ്യത്തെ പാവപ്പെട്ടവരുടെ ജീവന് അവര്‍ ഒരു വിലയും കല്‍പിച്ചില്ല. കര്‍ഷക സമരത്തിലും ഇത് തന്നെയാണ് നമ്മള്‍ കാണുന്നത്.

manoj tiwari

അധികാരത്തില്‍ വരുന്നതിന് മുമ്പ് ബി.ജെ.പി നല്‍കിയ വ്യാജവാഗ്ദാനങ്ങളാണ് മറ്റൊരു വിഷയം. കള്ളപ്പണം തിരികെ കൊണ്ടു വരുമെന്നും 15 ലക്ഷം രൂപ വീതം പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നല്‍കുമെന്നുമുള്ള വ്യാജവാഗ്ദാനങ്ങള്‍ തുടങ്ങിയവ ഒരിക്കലും നടക്കാത്ത കാര്യങ്ങളായി. തൊഴിലവസരങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. ക്രിക്കറ്റ് കളിക്കുന്ന കാലമെല്ലാം ഇതെല്ലാം എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരാള്‍ സഹായിക്കാത്തതു കൊണ്ട് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നു എന്നത് എനിക്ക സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. മാത്രമല്ല.ആശയത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും യോജിക്കാനാവില്ല.

ബി.ജെ.പി  തികച്ചും വ്യത്യസ്തമായ ഒരു ഇന്ത്യ നിര്‍മിക്കാനാണ് ശ്രമിക്കുന്നത്.അവര്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരിലാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്.ശ്രീരാമനെ അവരുടെ രാഷ്ടീയ പ്രചരണത്തിനും രാഷ്ട്രീയ പ്രസംഗത്തിനും ഉപയോഗിക്കുന്ന രീതി എനിക്ക് സ്വീകാര്യമല്ല.കാരണം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ജയിക്കുന്നതിനും അടിസ്ഥാനമാകേണ്ടത് നിങ്ങളുടെ പ്രവര്‍ത്തനങ്ങളും നിലപാടുകളുമാണ്.അതിനു പകരം ശ്രീരാമനെ രാഷ്ട്രീയത്തിലേക്ക് വലിച്ച് കൊണ്ടുവരുന്നത് ശരിയല്ല.ഇതൊക്കെയാണ് എന്നെ അസ്വസ്ഥപ്പെടുത്തുന്നത്.

അതോടൊപ്പം സംസ്ഥാനത്ത് മമത സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും എന്റെ പ്രധാന വിഷയങ്ങളാണ്.പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബംഗാളിലെ ജനങ്ങളെ അടുത്ത 5 വര്‍ഷം സഹായിക്കുന്നതിനുള്ള കാര്യങ്ങളാണ്.

രാഷ്ട്രീയ പ്രവേശനം താങ്കളുടെ കായിക കരിയറില്‍ തിരശീല വീഴ്ത്തില്ലേ?

അങ്ങനെ ആര് പറഞ്ഞു? എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം. കാലം അത് തെളിയിക്കും. എന്റെ ഇപ്പോഴത്തെ ലക്ഷ്യം ഈ തിരഞ്ഞെടുപ്പ് ജയിക്കുക മാത്രമാണ്. ബംഗാളിലെ ജനങ്ങളെ സഹായിക്കുക മാത്രമാണ്. ക്രിക്കറ്റിലെ ഭാവി പരിപാടികളെക്കുറിച്ച് ഞാന്‍ അതിന് ശേഷം തീരുമാനിക്കും. അതുവരെ ഊഹാപോഹങ്ങള്‍ നടക്കട്ടെ.

രാഷ്ട്രീയക്കാരില്ലാത്ത കുടുംബത്തില്‍ നിന്നാണ് താങ്കള്‍ വരുന്നത്.രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനത്തെ കുടുംബം എങ്ങനെയാണ് കാണുന്നത്?

രാഷ്ട്രീയക്കാര്‍ മാത്രമല്ല എനിക്ക് മുന്നെ കായികതാരങ്ങളും എന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നില്ല.എന്റെ തീരുമാനത്തില്‍ അവര്‍ക്ക് വളരെ സന്തോഷമായിരുന്നു.പൊതുവെ ഞാന്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ അവരുമായി ചര്‍ച്ച ചെയ്യാറില്ല.എങ്കിലും എന്റെ തീരുമാനങ്ങള്‍ക്കൊപ്പം അവര്‍ നിലയുറപ്പിക്കും.എന്റെ കുടുംബത്തില്‍ നിന്ന് ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഞാനാണ്.അതുപോലെ സ്‌പോര്‍ട്‌സിലും കുടുംബത്തില്‍ നിന്ന് ആദ്യത്തെ ആള്‍ ഞാനാണ്.ഭാവിയിലെന്താണ് സംഭവിക്കുക എന്നറിയില്ല,ഭാവിയെക്കുറിച്ച് ആര്‍ക്കും ഗ്യാരണ്ടിയില്ലല്ലോ.എങ്കിലും അവര്‍ എന്റെ ഏത് തീരുമാനത്തിന്റെയും ഒപ്പമുണ്ട്.അച്ഛനമ്മമാരുടെയും ഭാര്യയുടെയും പിന്തുണയുണ്ട്.അവരുടെ പിന്തുണയില്ലാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.എന്റെ കരുത്ത് മുഴുവന്‍ ഭാര്യയാണ്.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ക്രിക്കറ്റ് രംഗത്തെ താങ്കളുടെ സുഹൃത്തുക്കളുടെ  പ്രതികരണം എങ്ങനെയായിരുന്നു?

ശ്രീശാന്ത് എന്നെ ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു. ബി.ജെ.പിയില്‍ അംഗമാണെങ്കിലും ശ്രീശാന്ത് നിര്‍ഭയനാണ്. അതുകൊണ്ടാണ് എന്നെ പൊതുവേദിയില്‍  അഭിനന്ദിക്കാന്‍ തയ്യാറായത്.എന്നാല്‍ കായിക രംഗത്തെ എന്റെ മറ്റൊരു സുഹൃത്തും പ്രതികരിച്ചില്ല.രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തേണ്ട എന്ന് കരുതിയാകും അവര്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതെന്ന് ഞാന്‍ കരുതുന്നു. അത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും.ഒരാളും വ്യക്തിപരമായ സന്ദേശവും അയച്ചില്ല.കാരണം വാട്‌സാപ്പ് പോലും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അവര്‍ ഭയക്കുന്നു.എന്നാല്‍ അവര്‍ പ്രതികരിക്കാത്തതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. സുഹൃത്തുക്കള്‍ എക്കാലത്തും സുഹൃത്തുക്കളാണ്. ആരൊക്കെ എന്റെ ഒപ്പം ഉണ്ടെന്ന് എനിക്കറിയാം.നല്ല സമയത്ത് ആരൊക്കെ,പ്രതിസന്ധി ഘട്ടത്തില്‍ ആരൊക്കെ ഉണ്ട് എന്നറിയാം.

ശിബ്പൂര്‍ മണ്ഡലത്തില്‍ വിജയ സാധ്യത എത്രത്തോളമുണ്ട്?

തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ പോകുകയാണ്.ശിബ്പൂരിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ  ഞാനും ഈ മണ്ഡലത്തില്‍ വിജയിക്കും. വീട് വീടാന്തരം കയറിയിറങ്ങി ഞങ്ങള്‍ നേരിട്ട് വോട്ടഭ്യര്‍ഥിക്കുകയാണ്. ഇതുവരെ എനിക്ക് വളരെ പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അവര്‍ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസം ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചു നല്‍കും. ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. എനിക്ക് രാഷ്ട്രീയത്തില്‍ നിന്ന് മറ്റൊന്നും നേടാനില്ല.കാരണം ദൈവം എന്നോട് വളരെ കരുണ കാണിച്ചു.ജനങ്ങള്‍ എന്നെ അനുഗ്രഹിച്ചു. ഞാന്‍ കളിക്കുമ്പോഴെല്ലാം ജനങ്ങളുടെ ഈ പ്രാര്‍ഥന എനിക്കൊപ്പമുണ്ട്. സീനിയര്‍ ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞു. നമുക്കെല്ലാം ഒരു ജീവിതം മാത്രമാണുള്ളത്. രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നു. എന്നാല്‍ ഇതൊന്നും ഞാന്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നില്ല.ഞാന്‍ അത്തരത്തില്‍ ഒരു വ്യക്തിയാണ്.

ബംഗാളിലെ യുവാക്കളുടെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്.യുവാവായ താങ്കള്‍ക്ക് ഇക്കാര്യത്തിലുള്ള പരിഗണന എന്താണ് ?ബംഗാളിലെ പ്രധാന വോട്ട് ബാങ്ക് യുവാക്കളാണല്ലോ?

എനിക്ക് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല. വോട്ട് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കില്ല. എന്നാല്‍,ജനങ്ങള്‍ക്കറ വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നു.യുവാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, എന്നിവര്‍ക്കെല്ലാം വേണ്ടി പ്രവര്‍ത്തിക്കും. അവര്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ എനിക്ക് മുന്നില്‍ ഉയര്‍ത്തുന്നുവോ അതൊക്കെ ഞാന്‍ പരിഹരിക്കാന്‍ ശ്രമിക്കും. നിലവിലുള്ള സ്ഥിതിയില്‍ നിന്ന് എന്റെ മണ്ഡലത്തെ ഉയര്‍ത്താന്‍ ശ്രമിക്കും. അവരോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.അവര്‍ക്ക് മുകളില്‍ നില്‍ക്കാനല്ല. അവരിലൊരാളാകാനാണ് എനിക്ക് ആഗ്രഹം. അവരുടെ സുഹൃത്തായിരിക്കും ഞാന്‍.

തൊഴിലില്ലായ്മയെക്കുറിച്ചാണ് എന്റെ നേരിട്ടുള്ള ചോദ്യം. അതെക്കുറിച്ച് എന്താണ് പ്രതികരണം?

തൊഴിലില്ലായ്മ ആഗോള പ്രശ്‌നമാണ്.കേന്ദ്ര സര്‍ക്കാരും അവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നല്ലേ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങളുടെ നേതാവ് മമത ഈ വിഷയം ഗൗരവപൂര്‍വം പരിഗണിക്കും. തൊഴിലവസരങ്ങളുണ്ടാക്കാനായി പ്രകടനപത്രികയില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ നടപ്പാക്കും.

കേരളത്തില്‍ നിന്നുള്ള ക്രിക്കറ്റ് കളിക്കാരുമായി അടുപ്പമുണ്ടാകുമല്ലോ.അവരെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തൊക്കെയാണ്?

സഞ്ജു സാംസണ്‍ എന്റെ അടുത്ത സുഹൃത്താണ്.ഞങ്ങള്‍ ഒരുമിച്ച് കളിച്ചിരുന്നു. സഞ്ജു ഒരു ഫണ്ടാസ്റ്റിക് ക്രിക്കറ്ററാണ്.കേരളത്തില്‍ നിന്ന് പ്രതിഭകളായ കളിക്കാരുണ്ട്. സഞ്ജു ഇതിലൊരാള്‍ ആണ്. ദീര്‍ഘകാലം ഇന്ത്യക്കായി കളിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. രാജ്സ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ സഞ്ജു നിയുക്തനാക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ചെറു പ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്വം ലഭിക്കുന്നത് സന്തോഷകരമാണ്. സഞ്ജു നന്നായി അത് നിര്‍വഹിക്കും എന്നെനിക്കുറപ്പുണ്ട്.കേരളാ ടീമില്‍ മികച്ച കളിക്കാരുണ്ട്. കഴിഞ്ഞ വര്‍ഷം ഞാന്‍ രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ കളിച്ചിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ശശി തരൂര്‍ സര്‍ എനിക്ക് നിരന്തരം സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഡല്‍ഹിയില്‍ വച്ച് അദ്ദേഹത്തെ ഒരിക്കല്‍ നേരില്‍ കാണാനും കഴിഞ്ഞു.