ചില മൗനങ്ങള്‍ സംസാരിക്കും. പ്രതികരിക്കുകയും കലഹിക്കുകയും പോരാടുകയും ചെയ്യും. കൊല്‍ക്കത്ത നഗരഹൃദയത്തിലുള്ള ബാലിഗഞ്ചിലെ പാം അവന്യുവില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെ രണ്ട് മുറിയുള്ള വാടക വീട്ടില്‍ ബംഗാളിനെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും അത്തരമൊരു മൗനമുണ്ട്. പതിനൊന്ന് വര്‍ഷം മുഖ്യമന്ത്രി, ഒരു വര്‍ഷം ഉപമുഖ്യമന്ത്രി, പലവട്ടം മന്ത്രി, 24 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി എം.എല്‍.എ, ദശകങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതം-പേരെഴുതിവയ്ക്കാത്ത ചുവരുകളുള്ള ആ ചെറിയ വീട്ടിനുള്ളില്‍,ആളും ആരവവുമില്ലാത്ത മുറിക്കുള്ളില്‍ ബുദ്ധബാബുവെന്ന ബുദ്ധദേവ് ഭട്ടാചാര്യ.

അനാരോഗ്യം ശരീരത്തെ ബാധിച്ചെങ്കിലും ക്ഷീണിക്കാത്ത ധിഷണയുടെ കരുത്തില്‍ ബംഗാള്‍ രാഷ്ട്രീയത്തിന്റെ നിത്യചലനങ്ങളറിഞ്ഞും വായിച്ചും കേട്ടെഴുതാന്‍ പാര്‍ട്ടി ആഫീസില്‍ നിന്നെത്തുന്ന പ്രവര്‍ത്തകന് പ്രതികരണങ്ങള്‍ പറഞ്ഞു കൊടുത്തും ബുദ്ധബാബുവുണ്ട്. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ മൂലം 2019ൃന് ശേഷം പൊതുവേദിയിലെത്താത്ത ബുദ്ധദേവ് പ്രചരണ രംഗത്തില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ബംഗാളില്‍ അരങ്ങേറുന്നത്.

ബംഗാളിലെ 34 വര്‍ഷത്തെ  ഇടത് മുന്നണി ഭരണചരിത്രത്തില്‍ ഒടുവിലത്തെ മുഖ്യമന്ത്രിയായി മാറിയ ബുദ്ധദേവിന്റെ ഭരണകാലവും നയങ്ങളും നിലപാടുകളും ഇക്കുറിയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാണ്. നന്ദിഗ്രാമും സിംഗൂരും വ്യവസായവതകരണവും പലമാതിരി ചര്‍ച്ചകളുയര്‍ത്തുമ്പോള്‍ ബുദ്ധദേവ് ഭട്ടാചാര്യ വിഷയകേന്ദ്രമാകും. അനുകൂലിച്ചും എതിര്‍ത്തും വാദമുഖങ്ങള്‍ ഉയരുമ്പോള്‍,സംസ്ഥാന രാഷ്ട്രീയത്തിന്റെ വരത്തുപോക്കുകളറിഞ്ഞ്  ബുദ്ധബാബു ഈ മുറിക്കുള്ളിലുണ്ട്.ഒപ്പം ഭാര്യ മീരാ ഭട്ടാചാര്യയും.

buddhadeb bhattacharjee
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ
വീട് ഈ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ്| Photo: Mathrubhumi 

കൊല്‍ക്കത്ത നഗരത്തിന്റെ അടയാളങ്ങളിലൊന്നായ 'മഞ്ഞടാക്‌സി'യില്‍ ബുദ്ധദേവിന്റെ വസതി തിരഞ്ഞ് പാം അവന്യൂവിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയുടെ അടയാളങ്ങളൊന്നും വീട്ടുപരിസരങ്ങളിലുണ്ടായിരുന്നില്ല. ദൂരെ മാറിയുള്ള ചെറുകാവല്‍പുരയില്‍ നിന്ന് ഒരു പോലീസുകാരനിറങ്ങി വന്ന് വഴികാട്ടി. മൂന്ന് നിലയുള്ള സര്‍ക്കാര്‍ ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലെ വീട്ടുമുറി കാട്ടിത്തന്നു .ഡോക്ടര്‍മാരുടെ കര്‍ശന നിയന്ത്രണമുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി ബുദ്ധദേവിനൊപ്പമുള്ള  പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഡിസംബറില്‍ ഗുരുതരനിലയില്‍ ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടു. പാര്‍ട്ടി ആഫീസില്‍ നിന്ന് കേട്ടെഴുതാന്‍ വരുന്നവര്‍ക്ക് മാറ്റര്‍ പറഞ്ഞു കൊടുക്കും'-പോലീസുകാരന്‍ വിശദീകരിച്ചു. പാര്‍ട്ടിയാണ് ബുദ്ധദേവിന്റെ ചികിത്സാ ചെലവുകള്‍ നിര്‍വഹിക്കുന്നത്. കഴിഞ്ഞ മാസം പരേഡ് ഗ്രൗണ്ടില്‍ നടന്ന ഇടത്-കോണ്‍ഗ്രസ്-ഐ.എസ്.എഫ്. റാലിയില്‍ കുറച്ചു നിമിഷത്തേക്കെങ്കിലും ബുദ്ധദേവിനെ പങ്കെടുപ്പിക്കണമെന്ന് സി.പി.എം. നേതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ വിലക്കി.ഇതെത്തുടര്‍ന്ന് തന്റെ സന്ദേശം എഴുതി നല്‍കിയാണ് ബുദ്ധദേവ് സാന്നിധ്യമറിയിച്ചത്.

buddhadeb
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ ബുദ്ധദേവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍(2020-ലെ ചിത്രം)

'നിത്യവും ആരെങ്കിലും എവിടെ നിന്നെങ്കിലും കാണാനെത്തും.കഴിഞ്ഞ ദിവസം സിംലയില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെത്തിയിരുന്നു. എന്നാല്‍, കാണാന്‍ കഴിഞ്ഞില്ല'-പരിസരവാസികള്‍ പറഞ്ഞു. 2018 ലെ സി.പി.എം. സംസ്ഥാന സമ്മേളനമാണ് ബുദ്ധബാബു അവസാനമായി പങ്കെടുത്ത പാര്‍ട്ടി പരിപാടി. 2019 ഫെബ്രുവരി മൂന്നിന് പരേഡ് ഗ്രൗണ്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയാണ് അവസാനം പങ്കെടുത്ത പൊതു പരിപാടി. ഡോക്ടര്‍മാര്‍ അനുവദിക്കാതിരുന്നിട്ടും അദ്ദേഹം പോയി. ഓക്‌സിജന്‍കുഴലുമായാണ് അന്ന് വേദിക്കരുകില്‍ എത്തിയത്. എന്നാല്‍ അനാരോഗ്യം മൂലം കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമായില്ല. ഇതേത്തുടര്‍ന്ന് പെട്ടെന്ന് മടങ്ങി. 

റോഡിനിരുവശത്തും ബുദ്ധബാബുവിനെ കാണാന്‍ ജനക്കൂട്ടം കാത്ത് നിന്നിരുന്നു.ജ്യോതിബസുവിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തോടെ കാണുന്ന നേതാവ് പക്ഷെ, കയ്യുയര്‍ത്തി അഭിവാദ്യം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. 2018 വരെ എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് അലിമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആഫീസില്‍ ബുദ്ധദേവ് എത്തിയിരുന്നു. പാര്‍ട്ടി ആഫീസിലെ തന്റെ മുറിയില്‍ ഇരുന്ന് വായനയും എഴുത്തും. സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയം വിഷയമാക്കി 13 പുസ്തകങ്ങള്‍ എഴുതി. 2018 ലാണ് 'നാസി ജര്‍മനിയര്‍ ജന്‍മ മൃത്യു' (നാസി ജര്‍മനിയുടെ ഉയര്‍ച്ചയും താഴ്ചയും)എന്ന ഒടുവിലത്തെ  പുസ്തകം പുറത്തുവന്നത്.

രോഗബാധിതനായപ്പോഴും വായന മുടങ്ങിയില്ല. പാര്‍ട്ടി ആഫീസിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുടെ പട്ടിക കൊടുത്തുവിടും. ബംഗാളി സാഹിത്യവും രാഷ്ട്രീയവുമാണ് ഇഷ്ടവായനാ മേഖലകള്‍. ബുദ്ധദേവിന്റെ ജീവചരിത്രത്തിന്റെ ഭാഗമാണ് ഈ രണ്ട് മുറി വാടകവീട്. എം.എല്‍.എ. ആയിരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഔദ്യോഗിക വസതി ഈ വാടകവീട് തന്നെ. മുഖ്യമന്ത്രിയായിരിക്കെ 2011-ല്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബുദ്ധദേവിന്റെ സമ്പാദ്യം കേവലം അയ്യായിരം രൂപയായിരുന്നു. വിവാദങ്ങളെച്ചൊല്ലി ആക്ഷേപങ്ങളും ആരോപണങ്ങളും തീര്‍ത്ത പുകമറയ്ക്കുള്ളില്‍ നിന്ന് സത്യം തല നീട്ടിയ സമയമെന്ന് ബംഗാള്‍ രാഷ്ട്രീയചരിത്രം ആ സത്യവാങ്മൂലത്തെ രേഖപ്പെടുത്തുന്നു.

content highlights: buddhadeb bhattacharjee west bengal election 2021