ഖേലാ ഹോബെ,ഖേലാ ഷേഷ് എന്നീ രണ്ട് ബംഗാളി ഭാഷാ പ്രയോഗങ്ങള്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് രാജ്യത്തെ രാഷ്ട്രീയ നിഘണ്ടുവില്‍ ഇടം പിടിച്ചത്.ഖേലാ ഹോബെ എന്നാല്‍ കളി തുടങ്ങിയെന്നും ഖേലാ ഷേഷ് എന്നാല്‍ കളി അവസാനിച്ചെന്നുമാണ് അര്‍ഥങ്ങള്‍.രാഷ്ട്രീയവും ഫുട്ബാള്‍പ്രിയവും ആവേശങ്ങളും ലയിച്ചു കിടക്കുന്ന ബംഗാളിലെ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ സൂചന നല്‍കാന്‍ ഉതകുന്ന പദങ്ങളായി  ഇവ പരിണമിക്കുകയായിരുന്നു.പതിവ് അര്‍ഥങ്ങളിലേക്ക് ഒതുങ്ങുന്നതിനപ്പുറം ഇവ രാഷ്ട്രീയ സന്ദേശങ്ങളായി രൂപപ്പെട്ടതാണ് ഇക്കുറി ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ഒറ്റവായനയില്‍ സംഗ്രഹിക്കാം.മമതാ ബാനര്‍ജിയാണ് ഖേലാ ഹോബെ എന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആദ്യം പ്രയോഗിച്ചത്.ഈ തിരഞ്ഞെടുപ്പോടെ ടി.എം.സിയുടെ ഖേലാ ഖതം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.വോട്ടെണ്ണിയ ദിവസം ബി.ജെ.പിയുടെ ഖേലാ ഷേഷ് എന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.എന്നാല്‍,ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കാമെങ്കിലും ഇത്രയും ലളിതമായിരുന്നില്ല ബംഗാള്‍ ജനവിധി.

എളുപ്പം തിരിച്ചറിയാവുന്ന കാരണങ്ങളല്ല

എളുപ്പം വായിച്ചെടുക്കാവുന്ന കാരണങ്ങള്‍ കൊണ്ടല്ല ബംഗാളില്‍ മമതാ ബാനര്‍ജിയും ടി.എം.സിയും  ഇക്കുറി ഭരണത്തുടര്‍ച്ച നേടിയത്.അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടം നടന്നത് ബംഗാളിലാണ്.രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പ്  മാത്രമായിരുന്നില്ല,2016 ല്‍ കേവലം മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി അഞ്ച് വര്‍ഷം കൊണ്ട് മുഖ്യപ്രതിപക്ഷമായി മാറിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇക്കുറി നടന്നത്.ബി.ജെ.പി പ്രധാന പ്രതിപക്ഷമായതോടെ 2011 മുതല്‍ മമതക്കും ടി.എം.സിക്കും എതിരെ നിലവിലുണ്ടായിരുന്ന ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും് കാഴ്ചക്കാരായി മാറി .ഇരുപാര്‍ട്ടികളുടെയും നാല് ദശകങ്ങള്‍ നീണ്ട രാഷ്ട്രീയ സാന്നിധ്യം ആദ്യമായി നിയമസഭയില്‍ അംഗബലമില്ലാതെ മെലിഞ്ഞു.

ഭരണത്തുടര്‍ച്ച  എന്നത് ബംഗാളില്‍ പുതിയ ചരിത്രമല്ല.34 വര്‍ഷം ബംഗാള്‍ ഭരിച്ച ഇടതുപാര്‍ട്ടികള്‍ അത് നേരത്തെ നിര്‍വഹിച്ചു കഴിഞ്ഞു.അതിനാല്‍  മമതയും ടി.എം.സിയും മൂന്നാം വട്ടം അധികാരത്തില്‍ തിരിച്ചെത്തിയെന്ന  കാല്‍പനികത പുതുമയല്ല.എന്നാല്‍ രാജ്യം ഭരിക്കുന്ന,വിവിധ സംസ്ഥാനങ്ങളില്‍ ഭരണമുള്ള ബി.ജെ.പി ബംഗാള്‍ പിടിക്കാനായി 2014 മുതല്‍ നടത്തുന്ന പരിശ്രമങ്ങളെയും സംവിധാനങ്ങളെയും തന്ത്രങ്ങളെയും  തടഞ്ഞു നിര്‍ത്തിയാണ് പ്രാദേശിക പാര്‍ട്ടിയായ ടി.എം.സിയുടെ മടങ്ങി വരവ് എന്നതാണ് ബംഗാള്‍ ഫലത്തെ ഇക്കുറി ശ്രദ്ധേയമാക്കുന്നത്.
 കൂടാതെ 2006 മുതല്‍ മമതാ ബാനര്‍ജിയും ത്രിണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചതിന്റെ നാള്‍വഴികള്‍ കൂടി ജനവിധിയില്‍  നിന്ന് വായിച്ചെടുക്കാം.2006 ലുണ്ടായിരുന്ന 30 സീറ്റുകളില്‍ നിന്ന് 2011 ല്‍ 184 ലേക്ക് കുതിച്ചുയരുകയും 2016 ല്‍ 211 സീറ്റുകളായി വര്‍ധിക്കുകയും ഇത്തവണ 213 ന്റെ അംഗബലമായി വളരുകയും ചെയ്തിന്റെ  ചരിത്രമാണത്. പ്രബലമായ രാഷ്ട്രീയവേരുകളുണ്ടായിരുന്ന ഇടത്,കോണ്‍ഗ്രസ്  പാര്‍ട്ടികളുടെ ശോഷിച്ചു പോയ സാന്നിധ്യവും ദൃശ്യമാണ്.2006 ല്‍ ഭരണമുന്നണിയായ ഇടത് പാര്‍ട്ടികള്‍ 176 സീറ്റുകള്‍ നേടിയിരുന്നു.കോണ്‍ഗ്രസിന് 21 സീറ്റുകളും.എന്നാല്‍ 2007 ലുണ്ടായ നന്ദിഗ്രാം സംഭവം ഇടതുപാര്‍ട്ടികളുടെ അടിവേരിളക്കിയതോടെ 2011 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ 40 സീറ്റുകളില്‍ ഒതുങ്ങി.കോണ്‍ഗ്രസിന് ഇടതുപാര്‍ട്ടികളെക്കാള്‍ രണ്ട് സീറ്റ് അധികം ലഭിച്ചു : 42. ഇക്കാലങ്ങളിലൊന്നും ബി.ജെ.പിക്ക് ഒരു പ്രാതിനിധ്യവും ബംഗാള്‍ നിയമസഭയിലുണ്ടായിരുന്നില്ല.2016 ലാണ് മൂന്ന് സീറ്റുകളോടെ ആദ്യമായി ബി.ജെ.പി നിയമസഭാപ്രവേശം നടത്തുന്നത്.അക്കുറി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തിരഞ്ഞെടുപ്പ ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്.എന്നിട്ടും കോണ്‍ഗ്രസ് 42 സീറ്റുകളും ഇടത് പാര്‍ട്ടികള്‍ 26 സീറ്റുകളും മാത്രമാണ് നേടിയത്.

ബി.ജെ.പിയുടെ ലക്ഷ്യം

2014 ബി.ജെ.പിയും മോദി-അമിത് ഷാ കൂട്ടുകെട്ടും രാജ്യഭരണത്തിലെത്തിയ കാലം മുതല്‍ മോഹിക്കുന്നതാണ് ബംഗാള്‍ ഭരണം.അതിന് ബി.ജെ.പിക്ക് മുന്നില്‍ നിരവധി രാഷ്ട്രീയ-വൈകാരിക കാരണങ്ങളുണ്ട്. കിഴക്കന്‍,വടക്ക് കിഴക്കന്‍ മേഖലകളിലേക്കുള്ള കുതിച്ചു കയറ്റം,ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയഭൂമിശാസ്ത്രം തിരുത്താനുള്ള അവസരം,രാജ്യത്തെ ഇടത് പാര്‍ട്ടികള്‍ക്കുള്ള സന്ദേശം,ജനസംഘിന്റെ സ്ഥാപക നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്‍മപ്രദേശം തുടങ്ങിയവയാണ് ഇത്.

എന്നാല്‍,ഭരണം പിടിക്കാനുള്ള രാഷ്ട്രീയ അടിത്തറയും സാഹചര്യവും ബി.ജെ.പിക്ക് ബംഗാളില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.ബി.ജെ.പിക്കോ ഹൈന്ദവരാഷ്ട്രീയമുദ്രാവാക്യങ്ങള്‍ക്കോ കാര്യമായ വേരോട്ടമുള്ള മണ്ണല്ല ബംഗാള്‍.അധിനിവേശവും വിഭജനങ്ങളും അഭയാര്‍ഥി പ്രവാഹവും ചോരച്ചൊരിച്ചിലുകളും രാഷ്ട്രീയധാര വ്യത്യസ്തമാക്കിയ ബംഗാളില്‍,ആദ്യം കോണ്‍ഗ്രസ് രാഷ്ട്രീയത്തിനും പിന്നീട് ഇടത് രാഷ്ട്രീയത്തിനുമായിരുന്നു സ്വാധീനം.ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സിദ്ധാര്‍ഥ് ശങ്കര്‍ റേയായിരുന്നു 1972 മുതല്‍ 1977 വരെ ബംഗാള്‍ ഭരിച്ചത്.എന്നാല്‍ റേയെ കടപുഴക്കി 1977 ല്‍ ഭരണത്തിലെത്തിയ ഇടത് പാര്‍ട്ടികള്‍ 2011 വരെ  ബംഗാളിന്റെ അധികാരത്തെ നിയന്ത്രിച്ചു.അഞ്ച് വട്ടം ജ്യോതിബസുവും രണ്ട് വട്ടം ബുദ്ധദേവ് ഭട്ടാചാര്യയും മുഖ്യമന്ത്രിമാരായി. ഭൂപരിഷ്‌കരണ നടപടികള്‍ ഉള്‍പ്പടെ അടിത്തട്ടില്‍ കൈക്കൊണ്ട തീരുമാനങ്ങളായിരുന്നു സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇടത് ഭരണം 34 വര്‍ഷം നിലനിര്‍ത്തിയത്.

എന്നാല്‍,സ്വയംകൃതാനര്‍ഥങ്ങളായ നിരവധി കാരണങ്ങള്‍ നേരത്തെ തന്നെ രൂപപ്പെട്ടിരുന്നെങ്കിലും കൃഷിയില്‍ നിന്ന് വ്യവസായത്തിലേക്ക് ബംഗാളിനെ നടത്താന്‍  നടത്തിയ ശ്രമങ്ങള്‍ ഇടത് ഭരണത്തിന് പെട്ടെന്നുള്ള തിരിച്ചടിയായി.2007 ല്‍ ആരംഭിച്ച നന്ദിഗ്രാം കര്‍ഷക പ്രക്ഷോഭത്തില്‍ കാലിടറിയ ഇടത് പാര്‍ട്ടികള്‍ക്ക്  മമതാ ബാനര്‍ജി നയിച്ച ത്രിണമൂല്‍ കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി  2011 ല്‍ ഭരണം നഷ്ടമായി.ഈ രാഷ്ട്രീയ ചരിത്രം അടിസ്ഥാനമാക്കിയാണ്  ബംഗാള്‍ പിടിക്കാനായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ബി.ജെ.പി ശ്രമങ്ങള്‍ ആസൂത്രണം ചെയ്തത്.

2014 മുതല്‍ മേല്‍തട്ടില്‍ ബി.ജെ.പിയും കീഴ്ത്തട്ടില്‍ ആര്‍.എസ്.എസും ബംഗാള്‍ പിടിക്കാനായി സജീവമായിരുന്നു.അമിത് ഷാ നേരിട്ടാണ് ബംഗാള്‍ കൈകാര്യം ചെയ്തത്.ദേശീയ ജനറല്‍ സെക്രട്ടറി  കൈലാഷ് വിജയ് വാര്‍ഗിയയുടെ നേതൃത്വത്തില്‍ വിപുലമായ സംഘം ഡല്‍ഹിയില്‍ നിന്നെത്തി ബഗാളില്‍ ക്യാംപ് ചെയ്തായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.വികസനമുദ്രാവാക്യം മുകളില്‍ ഉയര്‍ത്തിയും ഹൈന്ദവവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍ അടിത്തട്ടില്‍ സമര്‍ഥമായി പ്രയോഗിച്ചും ബി.ജെ.പി പരിശ്രമങ്ങള്‍ ആരംഭിച്ചു. എല്ലാ വിഭാഗങ്ങളിലേക്കും സംഘപരിവാര്‍ സംഘടനകളും പോഷക സംഘടനകളും കടന്നു കയറിക്കൊണ്ടിരുന്നു.വനമേഖലയിലും ദളിത് വിഭാഗങ്ങള്‍ക്കിടയിലും മത്വ വിഭാഗങ്ങള്‍ക്കിടയിലും കുറച്ചൊക്കെ സ്വാധീനമുണ്ടാക്കുകയും ചെയ്തു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ രാഷ്ട്രീയം ആദ്യമായി ബി.ജെ.പിക്ക് വാതില്‍ തുറന്നത് അങ്ങനെയാണ്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രം നേടി പരിമിതപ്പെട്ടു നിന്ന ബി.ജെ.പി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  18 സീറ്റുകളിലേക്ക് വളര്‍ന്നു. ഈ നേട്ടത്തിന്റെ അടിത്തറയില്‍ ഉറച്ച് നിന്നാണ് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കഴിഞ്ഞ ഒന്നരവര്‍ഷമായി ബംഗാളില്‍ സജീവമായത്.

മുഖങ്ങള്‍ തേടി

ജനപ്രിയ നേതാക്കളോ ജനബന്ധമുള്ള സ്ഥാനാര്‍ഥികളോ ബംഗാളില്‍ ഇല്ല എന്നതായിരുന്നു ബി.ജെ.പിയുടെ ഏറ്റവും വലിയ പരിമിതി.ഇതെത്തുടര്‍ന്ന് മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും അടര്‍ത്താനുള്ള വിപുല പദ്ധതി തയ്യാറാക്കി.മമതയുടെ വലം കയ്യും ടി.എം.സിയില്‍ രണ്ടാമനുമായിരുന്ന മുകുള്‍ റോയിയായിരുന്നു ആദ്യം അടര്‍ന്നത്.2017 ല്‍ മുകുള്‍ റോയി ബി.ജെ.പിയിലെത്തുകയും ദേശീയ ഉപാധ്യക്ഷനായി നിയമിതനാവുകയും ചെയ്തു.തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ടി.എം.സി,കോണ്‍ഗ്രസ്,ഇടത് പാര്‍ട്ടികളില്‍ നിന്ന് ഇരുനൂറോളം നേതാക്കളെ ബി.ജെ.പി പാളയത്തിലെത്തിച്ചു.ഇതില്‍ മമതയുടെ വിശ്വസ്തനും സംസ്ഥാന മന്ത്രിയും നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍വ മിഡ്‌നാപ്പൂരില്‍ ആഴത്തില്‍ സ്വാധീനമുള്ള അധികാരി കുടുംബത്തിന്റെ പ്രതിനിധിയുമായ സുവേന്ദു അധികാരിയായിരുന്നു പ്രമുഖന്‍.ടി.എം.സിയില്‍ മമതയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജിക്ക് സ്വാധീനം വര്‍ധിച്ചു വരുന്നതില്‍ അസ്വസ്ഥനായ സുവേന്ദു കഴിഞ്ഞ വര്‍ഷമാണ് കൂറുമാറിയത്.ശാരദാ ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അണിയറ വര്‍ത്തമാനങ്ങളുണ്ടെങ്കിലും രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

സുവേന്ദു അധികാരി എന്ന നേതാവ് മമതാ ബാനര്‍ജിയുടെ സൃഷ്ടിയാണ്.മമതയും സുവേന്ദുവും ബംഗാള്‍ രാഷ്ട്രീയത്തില്‍ പരസ്പര സഹായത്തില്‍ ഉയര്‍ന്നുവന്നവരാണ് എന്ന് പറയുകയായിരിക്കും കൂടുതല്‍ ഉചിതം.അതിന് കാരണമായത് 2006-2007 വര്‍ഷങ്ങളില്‍ നടന്ന നന്ദിഗ്രാം സമരമാണ്.ബംഗാളില്‍ മമതാ ബാനര്‍ജിയെയും ടി.എം.സി.യെയും അധികാരത്തിലെത്തിച്ച പ്രധാന കാരണങ്ങളിലൊന്നായ നന്ദിഗ്രാം സമരത്തിന് ചുക്കാന്‍ പിടിച്ചത് സുവേന്ദു അധികാരിയായിരുന്നു.അതുവരെ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു മമതയുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച ഭൂമി ഉച്ചാട് പ്രതിരോധ സമിതിയുടെ നേതൃതലത്തിലെത്തുകയും അതുവഴി മമതയുടെ വിശ്വസ്തനാവുകയും ചെയ്തു.2011 ലെ തിരഞ്ഞെടുപ്പില്‍ മമത മുഖ്യമന്ത്രിയായതോടെ സുവേന്ദു ടി.എം.സി രാഷ്ട്രീയത്തില്‍ രണ്ടാമനായി.ജംഗള്‍മഹല്‍ എന്ന വനമേഖലയിലെ നാല് ജില്ലകളില്‍ പാര്‍ട്ടിയുടെ മേല്‍നോട്ടം സുവേന്ദുവിനെ ഏല്‍പിച്ചു.ഇതോടെ സുവേന്ദുവിന്റെയും അധികാരി കുടുംബത്തിന്റെയും അധികാര സാമ്രാജ്യം വിപുലീകരിക്കപ്പെട്ടു.സുവേന്ദുവിലൂടെ പൂര്‍വ മിഡ്‌നാപ്പൂര്‍,പശ്ചിമ മിഡ്‌നാപ്പൂര്‍,ബങ്കുര,പുരുളിയ,ജാഗ്രാം മേഖലകളില്‍ ആധിപത്യം  ഉറപ്പിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.

ബി.ജെ.പിയുടെ ശ്രമങ്ങള്‍ അവിടെ അവസാനിച്ചില്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടി.എം.സിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് വന്‍തോതില്‍ ഒഴുക്കാരംഭിച്ചു.ഇവരെ ഉള്‍ക്കൊള്ളാന്‍ 4 ഘട്ടങ്ങളിലായാണ് ബി.ജെ.പി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചത്.ടി.എം.സിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടവരുടെയും അതൃപ്തരുടെയും പ്രവാഹമായി.മമത സീറ്റ് നിഷേധിച്ച 32 എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളായി.അങ്ങനെ ബി.ജെ.പി സ്ഥാനാര്‍ഥികളായി മാറിയ ടി.എം.സി നേതാക്കളുടെ എണ്ണം 152.പാര്‍ട്ടിയില്‍ നിന്നുള്ള ഒഴുക്ക് ആദ്യ ഘട്ടത്തില്‍ ടി.എം.സിയുടെ ആത്മവിശ്വാസം ചോര്‍ത്തുകയും ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.ഇങ്ങനെ തിരഞ്ഞെടുപ്പില്‍ പകുതി ജയിച്ചെന്ന ഉറപ്പിലാണ് ബി.ജെ.പി കളത്തിലിറങ്ങിയത്.

അധികാരവും സംവിധാനങ്ങളും

രാജ്യം ഭരിക്കുന്ന ബി.ജെ.പി,അതിന് സൈദ്ധാന്തികവും പ്രായോഗികവുമായ അടിത്തറ പണിയുന്ന ആര്‍.എസ്.എസ്,കേന്ദ്രമന്ത്രിസഭ,പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന തിരഞ്ഞെടുപ്പ് വൈദഗ്ധ്യം,സാമ്പത്തിക പിന്തുണ,കേഡര്‍ സ്വഭാവമുള്ള അണികള്‍ എന്നിങ്ങനെ പല തലങ്ങളാല്‍ നിര്‍മിക്കപ്പെട്ട വിപുലമായ ഒരു സംവിധാനമായിരുന്നു ഇക്കുറി ബംഗാളില്‍ ഭരണം പിടിക്കാനിറങ്ങിയത്.മറുഭാഗത്ത് മമതാ ബാനര്‍ജി എന്ന ഒരു നേതാവിന്റെ തന്റേടവും രാഷ്ട്രീയ ചാതുര്യവും സമരനായികയെന്ന പ്രതിച്ഛായയെ ആശ്രയിച്ച് നിലകൊള്ളുന്ന പാര്‍ട്ടി സംവിധാനവും മാത്രമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂലധനം.ഇതിനൊപ്പം തിരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറിന്റെ മസ്തിഷ്‌കവും പിന്തുണക്കുണ്ടായിരുന്നു.ഒരര്‍ഥത്തില്‍ എല്ലാ മണ്ഡലങ്ങളിലും ടി.എം.സി സ്ഥാനാര്‍ഥികളായി മത്സരിച്ചത് മമതാ ബാനര്‍ജി തന്നെയാണ്

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി  ഈ രണ്ട് ധാരകളും തമ്മില്‍  സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ നിരന്തരമായ ഏറ്റുമുട്ടലുകളാണ് ബംഗാളില്‍ അരങ്ങേറിയത്.സംഘര്‍ഷങ്ങളിലേക്കും അക്രമങ്ങളിലേക്കും നീണ്ടുപോയ തര്‍ക്കങ്ങള്‍,കേന്ദ്ര-സംസ്ഥാന അധികാര കലഹങ്ങള്‍,നേതാക്കള്‍ തമ്മിലുള്ള വാക് പോരുകള്‍,ആരോപണ-പ്രത്യോരോപണങ്ങള്‍ തുടങ്ങിയവ നിത്യവും ബംഗാളിനെ കലുഷിതമാക്കിക്കൊണ്ടിരുന്നു.ബംഗാളില്‍  മത-ജാതി വേര്‍തിരിവുകളുടെ കക്ഷി രാഷ്ട്രീയവും വേദി തുറന്നു.തിരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയതോടെ ഈ അന്തരീക്ഷം തിളച്ചു മറിയാന്‍ തുടങ്ങി.

തിരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളിലായി നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും ബംഗാളില്‍ വിവാദമായി.ബി.ജെ.പിക്ക് ്അനുകൂലമായ നിലയിലാണ് ഘട്ടം വിഭജനമെന്ന് ടി.എം.സി ആരോപിച്ചു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേല്‍ കൈ ലഭിച്ച വനമേഖല(ജംഗള്‍ മഹല്‍)യിലെ 30 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടം വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയാരോപണമായി മമത ഉന്നയിച്ചു.അഞ്ച് ജില്ലകളിലെ ഈ മണ്ഡലങ്ങളിലേറെയും 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലം മുതല്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളാണ്.ഒരു കാലത്ത് ഇടതുപാര്‍ട്ടികളുടെ കോട്ടകളും പിന്നീട് ടി.എം.സിയുടെ സ്വാധീന മേഖലകളുമായിരുന്ന ഈ പ്രദേശം 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ ബി.ജെ.പി.യോട് ചായ്വ് കാട്ടിയിരുന്നു.
                                 
2016 ല്‍ ടി.എം.സി ഈ മേഖലയില്‍ 30 ല്‍ 27 സീറ്റുകള്‍ നേടിയിരുന്നു.2 എണ്ണം കോണ്‍ഗ്രസ്,1 ഇടത്.2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറി. 20 സീറ്റുകളില്‍ ബി.ജെ.പിയാണ് ലീഡ് ചെയ്തത്.10 എണ്ണത്തില്‍ ടി.എം.സിയും.ഈ മേഖലയില്‍ സ്വാധീനമുണ്ടായിരുന്ന ടി.എം.സി നേതാവ് സുവേന്ദു അധികാരി  ബി.ജെ. പിയില്‍ ചേര്‍ന്നതോടെ ഈ മേഖലയില്‍ നിന്ന് ഇക്കുറി 20 സീറ്റുകളാണ് ബി.ജെ.പി കണക്ക് കൂട്ടിയത്.തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണമുന്നയിക്കാന്‍ മമതക്ക് കാരണങ്ങളായ ഘടകങ്ങളും ഇവയാണ്.

ഈ സാഹചര്യത്തില്‍,ആദ്യ മൂന്ന് ഘട്ടങ്ങളിലും പ്രചരണത്തില്‍ മേല്‍കൈ നേടാന്‍ ബി.ജെ.പിക്ക് സാധിച്ചു.ഇത് ബി.ജെ.പി ക്യാംപില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ടി.എം.സിയെ പ്രതിരോധത്തില്‍ വീഴ്ത്തുകയും ചെയ്തു.ഖേലാ ഹോബെ എന്ന മമതയുടെ പ്രചരണത്തിന് ഖേലാ ഖതം എന്ന് മോദി മറുപടി പറഞ്ഞത് ഈ ഘട്ടത്തിലാണ്.അമിത് ഷാ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ 122 സീറ്റുകള്‍ ആദ്യഘട്ടങ്ങളില്‍ നിന്ന് ബി.ജെ.പിക്ക ലഭിക്കുമെന്ന് അവകാശപ്പെട്ടതും ഈ ബലത്തിലാണ്.

ധ്രുവീകരണങ്ങള്‍

കേവലം രാഷ്ട്രീയത്തിനപ്പുറം ,കിട്ടാവുന്ന എല്ലാ ആയുധങ്ങളുമെടുത്താണ് ഇരുപക്ഷവും ഏറ്റുമുട്ടിയത്. മത-ജാതി അടിസ്ഥാനത്തിലുള്ള ധ്രൂവീകരണങ്ങളാണ് ഇതില്‍ പ്രധാനം.ഇത്തരം ശ്രമങ്ങള്‍ ഏറ്റവും മറനീക്കിയ തിരഞ്ഞെടുപ്പാണ് ഇത്തവണ ബംഗാളില്‍ കണ്ടത്.മറ്റ് സംസ്ഥാനങ്ങളില്‍ വിജയിച്ച സൂത്രവാക്യങ്ങളുടെ ബംഗാള്‍ പതിപ്പിനാണ് ബി.ജെ.പി രൂപം കൊടുത്തത്.ഇതോടെ,ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും ഹിന്ദുവിഭാഗങ്ങള്‍ക്കിടയിലും പരമ്പരാഗതമായി തനിക്കുള്ള സ്വാധീനശക്തിയുടെ ഏകീകരണത്തിന് മമതയും തുനിഞ്ഞിറങ്ങി.കഴിഞ്ഞ രണ്ട് വട്ടവും ഇടതു-കോണ്‍ഗ്രസ് പാര്‍ട്ടികളെ നേരിടാന്‍ കരുതിവച്ചിരുന്ന ആയുധങ്ങള്‍ ഇക്കുറി പര്യാപ്തമല്ലെന്ന് മമത തിരിച്ചറിഞ്ഞ് പെരുമാറാന്‍ തുടങ്ങി.

മമതാ ബാനര്‍ജി മത്സരിച്ച നന്ദിഗ്രാമില്‍ പോലും മതമത്സരം ദൃശ്യമായിരുന്നു.മമത മുസ്ലീം പ്രീണനം നടത്തുന്നുവെന്നും ഭരണത്തില്‍ മതവിവേചനമുണ്ടെന്നും ബി.ജെ.പി പ്രചരിപ്പിച്ചു.എന്നാല്‍ ഹിന്ദു വിഭാഗങ്ങള്‍ക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടികള്‍ വിവിരിച്ച് മമത ഇതിനെ പ്രതിരോധിച്ചു.ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ആദ്യത്തെ മന്ത്രിസഭാ യോഗത്തിന്റെ ആദ്യ തീരുമാനം പൗരത്വ നിയമം നടപ്പാക്കലായിരിക്കുമെന്ന് ബി.ജെ.പി പഖ്യാപിച്ചപ്പോള്‍, തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് മമത  വോട്ടുറപ്പിച്ചു.
                                      നാലാം ഘട്ടമെത്തിയപ്പോള്‍ ചിത്രം മാറി.സോള്‍കുച്ചി വെടിവയ്പും കേന്ദ്ര സേനയുടെ ഇടപെടലുകളും മമതക്ക് ലഭിച്ച ഇരപരിവേഷവും ബംഗാള്‍ രാഷ്ട്രീയത്തെ സ്വാധീനിച്ചു.പ്രചരണത്തിന്റെ ചരടുകള്‍ മമതയുടെ കൈകളിലെത്തി.പിന്നീട് മമതയാണ് അജണ്ട നിശ്ചയിച്ചത്.

മമതയുടെ ഒറ്റയാള്‍ പോരാട്ടം.

സര്‍വസന്നാഹങ്ങളുമായി ബി.ജെ.പി നടത്തിയ യുദ്ധത്തെ നേരിടാന്‍ മമതാ ബാനര്‍ജി നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ബംഗാള്‍ തിരഞ്ഞെടുപ്പിനെ ഇക്കുറി  ശ്രദ്ധേയാക്കിയത്.ബി.ജെ.പിയുടെ താരപ്രചാരകരെ മമത ഒറ്റയ്ക്കാണ് നേരിട്ടത്.പ്രധാനമന്ത്രി 20 റാലികളിലും അമിത് ഷാ 50 റാലികളിലും ജെ.പി.നഡ്ഡ 40 റാലികളിലും പങ്കെടുത്തു.ഇതിന് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും അണിനിരന്നു.നന്ദിഗ്രാമില്‍ നിന്ന് കാലിന് പരിക്കേറ്റതിനാല്‍ വീല്‍ ചെയറില്‍ സഞ്ചരിച്ച് മമത ഇവര്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ടിരുന്നു.

Mamatha
 മമതാ ബാനര്‍ജി | Photo:  PTI 

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിച്ചു എന്നത് മാത്രമല്ല,പഴയ വിശ്വസ്തര്‍ ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനും മമത ശ്രദ്ധിച്ചു.നന്ദിഗ്രാമില്‍ കടുത്ത മത്സരത്തിന് സ്വയം വിട്ടു കൊടുത്തതും ഇതിന്റെ ഭാഗമാണ്.ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായ സുവേന്ദുവിനെതിരെ വിജയമുറപ്പില്ലാത്ത മത്സരത്തിനിറങ്ങുകയും മറ്റൊരിടത്ത് സുരക്ഷിത മണ്ഡലമൊരുക്കാതെ പോരാടുകയും ചെയ്തത് മമതയുടെ രാഷ്ട്രീയ സാമര്‍ഥ്യമാണ്.ബി.ജെ.പിയെ അമ്പരപ്പിച്ച തീരുമാനം.മമത ഇവിടെ മത്സരത്തിനിറങ്ങിയില്ലായിരുന്നെങ്കില്‍ നാല് ജില്ലകള്‍ ബി.ജെ.പിക്കൊപ്പം ഒഴുകുമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പിന്നീട് തെളിയിച്ചു.

മൂന്നാം വട്ടം തിരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാരെന്ന നിലയില്‍ ഇക്കുറി മമതക്കെതിരെ കടുത്ത സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായിരുന്നു.എന്നാല്‍  ഇതിനെ മറി കടക്കാന്‍ പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങളെക്കുറിച്ചുള്ള പ്രചരണവും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളും മമത ആയുധമാക്കി.സമരനായിക എന്നതിനൊപ്പം മമത ഒരു മികച്ച ഭരണാധികാരി കൂടിയാണെന്ന് തെളിയിക്കുന്ന പ്രചരണ തന്ത്രങ്ങള്‍ക്കാണ് രൂപം കൊടുത്തത്. അറുപതോളം ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് കാര്‍ഡായിരുന്നു ഭരണപരമായ തുറുപ്പു ചീട്ട്.ഇതോടൊപ്പം സ്ഥിരം വോട്ട് ബാങ്കുകളായ ന്യൂനപക്ഷങ്ങള്‍,സ്ത്രീകള്‍,പാവപ്പെട്ടവര്‍,ഇടത്തരക്കാര്‍,ഹിന്ദുക്കളില്‍ ഒരു വിഭാഗം തുടങ്ങിയവരെ ഒപ്പം നിര്‍ത്തിയുള്ള നീക്കവും പരീക്ഷിച്ചു.

നാല് ദശകങ്ങള്‍ നീണ്ട ജനബന്ധം,പ്രാദേശിക വിഷയങ്ങളിലുള്ള അവഗാഹം,തെരുവിലെ പോരാട്ട നായിക എന്ന പ്രതിച്ഛായ,ബി.ജെ.പിയെ ചെറുക്കാന്‍ ശേഷിയുള്ള നേതൃത്വം,യഥാസമയം പ്രതികരിക്കാനുള്ള രാഷ്ട്രീയ സാമര്‍ഥ്യം,വീണുകിട്ടുന്ന വിഷയങ്ങള്‍ പോലും ആയുധമാക്കാനുള്ള ചാണക്യതന്ത്രം തുടങ്ങിയ ഘടകങ്ങളായിരുന്നു യുദ്ധം ജയിക്കാന്‍ മമതയുടെ ആയുധങ്ങള്‍.ബി.ജെ.പിക്കാര്‍ വരത്തരാണെന്നും തിരഞ്ഞെടുപ്പ് യുദ്ധം വരത്തരും ബംഗാളികളും തമ്മിലുള്ള യുദ്ധമാണെന്നുമുള്ള മമതയുടെ പ്രചരണം ഈ രാഷ്ട്രീയസാമാര്‍ഥ്യത്തിന് ഉദാഹരണമാണ്.

ജയ് ശ്രീറാം വിളികളെ ജയ് ബംഗ്ലാ മുദ്രാവാക്യം കൊണ്ട് നേരിട്ടപ്പോള്‍ മമത തുടങ്ങി വച്ചത് ചരിത്രവും സംസ്‌കാരവും ഭാഷയും പങ്കെടുക്കുന്ന ഒരു തുറന്ന യുദ്ധത്തിനാണ്.ബംഗാളി അസ്മിത അഥവാ ബംഗാളി അഭിമാനം എന്നത് ചര്‍ച്ചാ വിഷയമാക്കാന്‍ ഇതിലൂടെ മമതക്ക് സാധിച്ചു.ഇതിന് കനത്ത പ്രഹരശേഷിയുണ്ടായിരുന്നു.ഇതില്‍ ചരിത്രവും സംസ്‌കാരവും ഭാഷയും യുദ്ധോപകരണങ്ങളായി.ബംഗാളി ഭാഷ സംസാരിക്കുന്ന തനത് രാഷ്ട്രീയമാണ് ടി.എം.സി.യുടേതെന്നും  ഹിന്ദി സംസാരിക്കുന്ന പുറത്തു നിന്നുള്ള നേതാക്കളാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും പറഞ്ഞ് മമത ഒരു ഭാഷായുദ്ധം കൂടിയാണ് നയിച്ചത്.അത് തിരിച്ചറിഞ്ഞെങ്കിലും  നേരിടാന്‍ ബി.ജെ.പിയുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല.

ബി.ജെ.പിയുടെ കണക്കുകള്‍ തെറ്റിയതെങ്ങനെ ?

മൂന്ന് സീറ്റുകളില്‍ നിന്ന് 77 സീറ്റുകളിലേക്ക് വളര്‍ന്നെങ്കിലും ബംഗാളില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിന് അടുത്തെത്താന്‍ പോലും ബി.ജെ.പിക്ക് സാധിക്കാതെ പോയതിന് നിരവധി കാരണങ്ങളുണ്ട്.ബി.ജെ.പി പ്രയോഗിച്ച തന്ത്രങ്ങള്‍ പലതും തിരിച്ചടിച്ചു എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭൗതിക സംവിധാനങ്ങള്‍ കൊണ്ട് ആദ്യ മൂന്ന് ഘട്ടങ്ങളുടെ പ്രചരണത്തില്‍ മേല്‍ കൈ നേടിയെന്ന് പ്രതീതിയുണ്ടാക്കിയിരുന്നെങ്കിലും അത് യാഥാര്‍ഥ്യമായിരുന്നില്ലെന്ന് തിരഞ്ഞടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 122 നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് നേടിക്കൊടുത്ത മേഖലകളിലടക്കം എല്ലാ മേഖലകളിലും ഇക്കുറി ടി.എം.സി കടന്നു കയറി.ആദ്യ രണ്ട് ഘട്ടം വോട്ടെടുപ്പ് നടന്ന വനമേഖലയില്‍ 25 സീറ്റുകള്‍ ടി.എം.സി നേടിയപ്പോള്‍ 15 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.സുവേന്ദു അധികാരി നന്ദിഗ്രാമില്‍ കഷ്ടിച്ച് ജയിച്ചെങ്കിലും നേരത്തെ മത്സരിച്ചിരുന്ന താംലൂക് മണ്ഡലം ടി.എം.സി നേടി.അധികാരി കുടുംബത്തോടൊപ്പം ബി.ജെ.പിക്കൊപ്പം ചേരുമെന്ന് കണക്ക് കൂട്ടിയിരുന്ന പൂര്‍വ മിഡ്‌നാപ്പൂരിലാകെ മമത തൂത്തുവാരി.പൂര്‍വ മിഡ്‌നാപ്പൂരില്‍ 3 സീറ്റ് മാത്രമാണ് ബി.ജെ.പി നേടിയത്.അങ്ങനെ വോട്ടെടുപ്പ് ഘട്ടം വിഭജനം ദുഷ്‌പേരല്ലാതെ ബി.ജെ.പിക്ക് നേട്ടമൊന്നും നല്‍കിയില്ല എന്ന് അര്‍ഥം.

മത-ജാതി ധ്രുവീകരണത്തിലും ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍ പിഴച്ചു. ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് ബി.ജെ.പി വന്‍സന്നാഹങ്ങളൊരുക്കിയപ്പോള്‍ മമതക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചു.ന്യൂനപക്ഷ-മതേതര വോട്ടുകള്‍ കോണ്‍ഗ്രസ്-ഇടത്-ഐ.എസ്.എഫ് സഖ്യത്തിനും ടി.എം.സിക്കുമായി വിഭജിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. 27 ശതമാനമാണ് ബംഗാളിലെ മുസ്ലീം ജനസാന്നിധ്യം.ഇത് വിഭജിച്ചാല്‍ ബി.ജെ.പിക്ക് ഗുണകരമാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍.എന്നാല്‍ കണക്കുകള്‍ തെറ്റിച്ച് കോണ്‍ഗ്രസ്-ഇടത് തട്ടകങ്ങളില്‍ ടി.എം.സി കുതിച്ചു കയറി.കോണ്‍ഗ്രസിന്റെ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ജില്ലയില്‍ പോലും ടി.എം.സിക്കാണ് മേധാവിത്വം.മൂര്‍ഷിദാബാദിലെ 67 ശതമാനം മുസ്ലീം വോട്ടുകളുള്ള മണ്ഡലങ്ങളില്‍ മമതയുടെ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷം നേടി.

ആദിവാസി,ദളിത് മേഖലകളിലും മത്വ മേഖലകളിലും നേട്ടമുണ്ടാക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയും വിലപ്പോയില്ല.മമത സര്‍ക്കാര്‍ കൊണ്ടുവന്ന ആദിവാസി ക്ഷേമ പദ്ധതികള്‍ പ്രചരണവിഷയങ്ങളായി.ദീദീ കെ ബോലോ(ദീദിയോട് പറയു),ദോരേ സര്‍ക്കാര്‍ (വീട്ടു പടിക്കല്‍ സര്‍ക്കാര്‍)എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ മുന്നോട്ട വച്ചാണ് ടി.എം.സി ഈ മേഖലകളെ ഇളക്കി മറിച്ചത്.ഇതിനെ മറി കടക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.

സാന്താള്‍ അടക്കമുള്ള ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ 2019 ല്‍ ഉണ്ടാക്കിയ സ്വാധീനം ഇക്കുറി ബി.ജെ.പിക്ക് നിലനിര്‍ത്താനായില്ല.ഹിന്ദുത്വ ആശയങ്ങളും ആദിവാസി ഗോത്ര സംസ്‌കാരവും തമ്മില്‍ കാലങ്ങളായി ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ വലിയ വാഗ്ദാനങ്ങള്‍ മുന്നോട്ട വച്ചാണ് 2019 ല്‍ ബി.ജെ.പി സ്വാധീനമുറപ്പിച്ചത്. ഇവ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല.ഇതോടെ മേഖല തിരിച്ചടിച്ചു.സാന്താള്‍ വിഭാഗമാണ് ആദിവാസികളില്‍ പ്രബലര്‍ .51 ശതമാനമാണ് സാന്നിധ്യം.ഇക്കുറി ഇവര്‍ ടി.എം.സിക്കൊപ്പം നിലയുറപ്പിച്ചു.മത്സ്യത്തൊഴിലാളികളടങ്ങിയ മത്വ വിഭാഗത്തിലും കാര്യമായി വോട്ടുറപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.നഗരപ്രദേശങ്ങള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന പതിവ് തെറ്റിച്ച് കൊല്‍ക്കത്തയിലെ 16 സീറ്റുകളും ടി.എം.സിയെ പിന്തുണച്ചു.ബംഗാളിലെ ഹിന്ദി മേഖലകളിലും ബി.ജെ.പിക്ക ക്ഷീണമായി.ഹിന്ദി സംസാരിക്കുന്നവര്‍  ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതിയത്.എന്നാല്‍ അസന്‍സോള്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ടി.എം.സിയാണ് വിജയിച്ചത്.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബി.ജെ.പിക്ക് 2 ശതമാനം വോട്ട് കുറഞ്ഞു.ഇതിലൂടെ 44 നിയമസഭാ മണ്ഡലങ്ങള്‍ നഷ്ടമായി.

പാളിപ്പോയ തന്ത്രങ്ങള്‍

മമതാ ബാനര്‍ജിക്ക് തുല്യമായി വ്യക്തിപ്രഭാവവും ജനബന്ധവും നേതൃശേഷിയുമുള്ള നേതാക്കളുടെ അഭാവമാണ് ബി.ജെ.പിയെ ഇക്കുറിയും അലട്ടിയ വിഷയം. കുറവ് പരിഹരിക്കാന്‍ ടി.എം.സിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും  അടര്‍ത്തിയത് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കിയത്.ടി.എം.സിയില്‍ നിന്ന് കൂറുമാറിയ 152 പേര്‍ക്കാണ് ബി.ജെ.പി  സ്ഥാനാര്‍ഥിത്വം നല്‍കിയത്.ഇതില്‍ തന്നെ വിവിധ പാര്‍്ട്ടികളില്‍ നിന്ന് ചേക്കേറിയ 32 സിറ്റിംഗ് എം.എല്‍.എമാരുണ്ട്.ഇവര്‍ക്കെല്ലാം സീറ്റ് ലഭിച്ചപ്പോള്‍ പുറന്തള്ളപ്പെട്ടത് കാലങ്ങളായി ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇടത്തരം നേതാക്കളാണ്.അവര്‍ അസ്വസ്ഥരായി.അസ്വസ്ഥത കയ്യാങ്കളി വരെ എത്തി.ബി.ജെ.പിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് ഈ അതൃപ്തിയെ അടിച്ചമര്‍ത്താന്‍ സാധിച്ചെങ്കിലും അടിത്തട്ടില്‍ അത് നീറിക്കിടന്നു.

ടി.എം.സി ഉള്‍പ്പടെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ആകര്‍ഷിച്ചെടുത്ത പല പ്രമുഖരും തോറ്റതോടെ ഈ അതൃപ്തിയുടെ ആഴം പുറത്തെത്തി.മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയ സിറ്റിംഗ് എം.എല്‍.എമാരില്‍ അഞ്ച് പേര്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഇതില്‍ മറ്റൊരു വൈരുധ്യം കൂടി പ്രത്യക്ഷമാണ്.ജയിച്ച 77 സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും മുന്‍ ടി.എം.സിക്കാരാണ്.ഇതോടെ പുതിയ ബംഗാള്‍ നിയമസഭയില്‍ ടി.എം.സിയും മുന്‍ ടി.എം.സിയും തമ്മിലുള്ള മുഖാമുഖമായി.ഇതിനിടയില്‍ പരമ്പരാഗത ബി.ജെ.പിക്കുള്ള പങ്ക് നാമമാത്രമായി.ബംഗാളില്‍ ബി.ജെ.പി നേരിടാന്‍ പോകുന്ന പുതിയ പ്രതിസന്ധിക്ക് ഇതോടെ തുടക്കമായി.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ പണാധിപത്യവും ആഡംബരങ്ങളും ബി.ജെ.പിക്ക് തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തല്‍.പലപ്പോഴും അക്രമങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും വഴിവയ്ക്കുമെങ്കിലും ആശയപരമായിരുന്നു ബംഗാളിന്റെ മുന്‍ കാല രാഷ്ട്രീയ പോരാട്ടങ്ങള്‍.എന്നാല്‍ കാടിളക്കി പ്രചരണം നടത്തുന്ന ബി.ജെ.പിയുടെ പതിവ് രീതി ബംഗാളില്‍ പ്രയോഗിച്ചത് തിരിച്ചടിയായി.പണപ്രതാപത്തോടെയുള്ള ബി.ജെ.പിയുടെ പ്രചരണങ്ങളെ മമത തന്റെ വീല്‍ചെയറിലിരുന്ന് തന്ത്രപരമായി നേരിട്ടതോടെ നിശബ്ദവോട്ടര്‍മാരുടെ തീരുമാനം മമതക്കൊപ്പമായി.

തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം  എതിരാളികള്‍ ഉയര്‍ത്തിയ വ്യക്തിപരമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും യഥാര്‍ഥത്തില്‍ മമതയ്ക്ക ഗുണം ചെയ്യുകയായിരുന്നു.വന്‍ സന്നാഹങ്ങളോട് ഏറ്റുമുട്ടുന്ന സാധാരണക്കാരിയെന്ന പ്രതിച്ഛായയും അധികാരപുരുഷന്‍മാരോട് ഒറ്റയ്ക്ക് പോരാടുന്ന സ്ത്രീയെന്ന പ്രതീതിയും സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു.എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍,പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ മമതയുടെ സ്വീകാര്യത വര്‍ധിച്ചു.
ബി.ജെ.പി.യെ തോല്‍പിക്കുക എന്ന തുറന്ന നിലപാട് ഇത്തവണ ബംഗാളിലെ ബുദ്ധിജീവികള്‍ കൈക്കൊണ്ടതാണ് മറ്റൊരു ഘടകം.ബി.ജെ.പിയെ തോല്‍പിക്കാന്‍ വോട്ട ചെയ്യുക എന്ന സമീപനം ഇടത്പക്ഷ അനുഭാവികളായ ബുദ്ധിജീവികളും കലാകാരന്‍മാരും പരസ്യമായി ആഹ്വാനം ചെയ്തു.ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്യണം എന്നവര്‍ നിര്‍ദേശിച്ചില്ല.എന്നാല്‍ ബി.ജെ.പിയെ തോല്‍പിക്കാന്‍ സമകാലിക സാഹചര്യത്തില്‍ ടി.എം.സിയാണ് ശക്തം എന്ന് തിരിച്ചറിഞ്ഞവര്‍ പക്ഷഭേദമില്ലാതെ മമതയെ പിന്തുണച്ചു.ഇതോടെ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും വോട്ട് ചോരുകയും ചെയ്തു.

ഇടതും കോണ്‍ഗ്രസും

ബംഗാള്‍ നിയമസഭയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തുടച്ചുനീക്കപ്പെട്ട തിരഞ്ഞെടുപ്പാണ് എണ്ണിത്തീര്‍ന്നത്.മതേതരമായ രാഷ്ട്രീയത്തിന് വേരോട്ടമുള്ള ബംഗാളില്‍ ഇരുപാര്‍ട്ടികള്‍ക്കും ജനവിശ്വാസം വീണ്ടെടുക്കാനായില്ല എന്ന വ്യക്തതയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കിയത്.1977 വരെ കോണ്‍ഗ്രസും അതിന് ശേഷം 2011 വരെ ഇടത് പാര്‍ട്ടികളും ഭരണം കയ്യാളിയ ബംഗാളില്‍ ചരിത്രത്തിന്റെ ശേഷിപ്പിനോട് പോലും നീതി പൂലര്‍ത്താനാകാത്ത വിധം ഇടത് പാര്‍ട്ടികളുടെ വോട്ട് ശതമാനം 4.6 ശതമാനമായും കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 3 ശതമാനമായും കുറഞ്ഞു.

2015 ല്‍ ബിഹാറില്‍ രൂപം കൊടുത്ത മാതൃകയില്‍ ബി.ജെ.പി യെ നേരിടാന്‍  ബദ്ധവൈരികളായ ഇടതും കോണ്‍ഗ്രസും കൈകോര്‍ത്താണ് മത്സരിച്ചത്.കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്ന രണ്ട് പാര്‍ട്ടികളുടെ പരസ്പര സഹായ സഹകരണ സംഘത്തിലേക്ക് അബ്ബാസ് സിദ്ദീഖി രൂപവല്‍ക്കരിച്ച ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയും ചേര്‍ന്നു.ദശകങ്ങളായി പരസ്പരം പോരടിക്കുന്ന രണ്ട് രാഷ്ട്രീയം തമ്മില്‍ ചേരുന്നത് താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിച്ചായിരുന്നില്ല.അതിനാല്‍ സഖ്യം പ്രായോഗികമായില്ല.ഐ.എസ്.എഫുമായുള്ള ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസിലും ഇടത് പാര്‍ട്ടികളിലും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴി വച്ചതല്ലാതെ,മുസ്ലിം ജനതക്കിടയില്‍ സ്വാധീനമുണ്ടെന്ന് കരുതിയ സിദ്ധീഖിക്ക് അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാനായതുമില്ല.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയ ഇടതുവോട്ടുകള്‍ ഇക്കുറി ഇടതുപാര്‍ട്ടികളിലേക്ക് തിരിച്ചു വരുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഈ വോട്ടുകള്‍ ബി.ജെ.പിയില്‍ നിന്നിറങ്ങി നേരെ ടി.എം.സിയിലേക്കാണ് പോയത്.  കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും പരമ്പരാഗത തട്ടകങ്ങളില്‍ പോലും ടി.എം.സിയുടെ വിജയക്കൊടി പാറി.കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ജില്ലയില്‍  ടി.എം.സിക്കാണ് മേധാവിത്വം.2011 ന് ശേഷം പ്രവര്‍ത്തനം നിഷേധിക്കപ്പെട്ട നന്ദിഗ്രാം,സിംഗൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞതും യുവാക്കള്‍ സ്ഥാനാര്‍ഥികളായ ചില മണ്ഡലങ്ങളില്‍ ഭേദപ്പെട്ട വോട്ട് നേടിയതുമാണ് സി.പി.എമ്മിന് കിട്ടിയ ആശ്വാസങ്ങള്‍.ഭരണം നഷ്ടപ്പെട്ട ശേഷം  കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുണ്ടാകുന്ന ചോര്‍ച്ച പിടിച്ചു നിര്‍ത്താനോ അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ പുന: സംഘടിപ്പിക്കാനോ ഇടത് പാര്‍ട്ടികള്‍ക്ക് ഇനിയുമായിട്ടില്ല എന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു.
   
ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്ന പാഠം

ബംഗാള്‍ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടവര്‍ക്കും വിജയിച്ചവര്‍ക്കും പലതരം പാഠങ്ങളടങ്ങിയ പുസ്തകമാണ്.പാളിപ്പോയ തന്ത്രങ്ങളെക്കുറിച്ച് ബി.ജെ.പി ആലോചന നടത്തുമ്പോള്‍ തന്നെ,ബംഗാള്‍ നല്‍കിയ വിജയത്തിന്റെ സന്ദേശം പ്രതിപക്ഷ പാര്‍ട്ടികളും പഠിക്കേണ്ടതുണ്ട്.ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണകാലമായതിനനാല്‍,ബി.ജെ.പിക്ക് ബദല്‍ എന്ന നിലയില്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ എന്ന മുദ്രാവാക്യത്തിന് ബംഗാള്‍ പ്രസക്തിയേറ്റുന്നു.അതിന് ആര് മുന്‍കയ്യെടുക്കുമെന്നതാണ് വലിയ ചോദ്യം.അതിനുത്തരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ഗതിമാറ്റങ്ങളുണ്ടാകും.''രാഷ്ട്രീയപരമായി ഞാന്‍ ഇടത് പാര്‍ട്ടികളെ നേരിട്ടിട്ടുണ്ട്.എന്നാല്‍ അവര്‍ പൂജ്യമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ''മമതാ ബാനര്‍ജി തിരഞ്ഞെടുപ്പഫലമറിഞ്ഞ ശേഷം നടത്തിയ പ്രസ്താവനയില്‍ അതിനുള്ള സൂചനകളുണ്ട്.അത്തരം രാഷ്ട്രീയത്തിന്റെ ഖേലാ ഹോബെ എന്നായിരിക്കാം  പ്രചരണത്തുടക്കത്തില്‍ മമത ഉദ്ദേശിച്ചത്. 

Content Highlight: Bengal Election result 2021