സം തിളയ്ക്കുകയാണ്. ഭരണത്തുടര്‍ച്ചയ്ക്കായി മത്സരിക്കുന്ന ബി.ജെ.പിയെ തളയ്ക്കാന്‍  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അവസാന ലാപ്പില്‍ ഓടിയെത്തിയതോടെ അസമെന്ന രാഷ്ട്രീയ പരീക്ഷണ ശാലയില്‍ വേവുന്നതെന്തെന്ന് പറയാനെളുപ്പമല്ലാതായി.രണ്ട് ഘട്ടം പിന്നിട്ട് അവസാന ഘട്ടം വോട്ടെടുപ്പിലേക്ക് തിരഞ്ഞടുപ്പ് കടന്നതോടെ മത്സരം കടുത്തു.എന്‍.ഡി.എ.എക്ക് അനായാസ വിജയം പ്രവചിച്ചവര്‍ക്കും അവസാന റൗണ്ടിലെത്തിയപ്പോള്‍ ഫലമെന്തെന്ന ചോദ്യമാണ്.

നേതൃത്വശൂന്യതയില്‍ കുഴങ്ങി നിന്ന കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലെത്തിയതും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടുമായും ഏ.ഐ.ഡി.യു.എഫുമായും ഉണ്ടാക്കിയ ധാരണകളുമാണ് മഹാസഖ്യത്തെ എന്‍.ഡി.എക്ക് ഒപ്പമെത്തിച്ചത്.എന്നാല്‍,ആള്‍ അസാം സ്റ്റുഡന്റ്സ് യൂണിയനിലൂടെ പുറപ്പെട്ട് കോണ്‍ഗ്രസിലൂടെ വളര്‍ന്ന് ബി.ജെ.പിയുടെ മുഖമായി മാറിയ ഹിമന്ദ ബിശ്വ ശര്‍മ ഒരുക്കുന്ന തന്ത്രങ്ങളിലൂടെ വിജയം പ്രതീക്ഷിക്കുന്ന എന്‍.ഡി.എ ആത്മവിശ്വാസത്തിലാണ്.

ഹിമന്ദയും ബാഗലും

2016 ല്‍ നേടിയ വിജയം നിലനിര്‍ത്താന്‍ ബി.ജെ.പിയും., 2000 മുതല്‍ 2015 വരെ സംസ്ഥാനം ഭരിച്ചതിന്റെ പാരമ്പര്യം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും ആയുധങ്ങള്‍ പലതണിയുന്നതിന്റെ ദൃശ്യങ്ങളാണ് അസമില്‍.അഭയാര്‍ഥി പ്രശ്നം,പൗരത്വനിയമം തുടങ്ങിയ വിവാദ വിഷയങ്ങളുടെ തട്ടകമായ അസമിന്റെ ഭരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടം കൂട്ടാന്‍ പരിശ്രമിക്കുന്ന ബി.ജെ.പിക്ക് നിര്‍ണായകമാണ്.ബംഗാളില്‍ ഭരണം പിടിക്കുകയും അസമില്‍ ഭരണം നിലനിര്‍ത്തുകയുമാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം.അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി മുകള്‍ത്തട്ടിലും ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ താഴെത്തട്ടിലും മാസങ്ങളായി പ്രവര്‍ത്തിച്ചാണ് ഈ ലക്ഷ്യത്തിനായി തയ്യാറെടുത്തത്.കേന്ദ്ര-സംസ്ഥാനങ്ങളിലെ അധികാരം,കരുത്തുള്ള നേതൃത്വം,കേഡര്‍ സ്വഭാവം,സാമ്പത്തിക ശക്തി തുടങ്ങിയ അനിവാര്യ ഘടകങ്ങളും ബി.ജെ.പിക്ക് സ്വന്തമായിരുന്നു.അതിനാല്‍ വിജയമുറപ്പിച്ചാണ് എന്‍.ഡി.എ തിരഞ്ഞെടുപ്പിനെ സമീപിച്ചത്.

himanta biswa sarma

എന്നാല്‍,തരുണ്‍ ഗോഗോയിയുടെ മരണത്തോടെ സ്വീകാര്യനായ നേതാവില്ലാതെ ഉഴറുന്ന കോണ്‍ഗ്രസിനെയാണ് തിരഞ്ഞടുപ്പ് പ്രഖ്യാപിച്ച ശേഷവും അസമില്‍ കണ്ടത്.നേതൃശൂന്യത,ഗ്രൂപ്പ് തര്‍ക്കം,പണഞെരുക്കം,നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടങ്ങിയ പതിവ് പരാധീനതകളില്‍ നട്ടം തിരിഞ്ഞ കോണ്‍ഗ്രസ് യാത്ര തുടങ്ങും മുമ്പ് തന്നെ ക്ഷീണിച്ചു.തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയിക്ക് സ്വീകാര്യതയില്ലാത്തതും സുഷ്മിതാ ദേവിനെപ്പോലെയുള്ള നേതാക്കള്‍ സീറ്റ് ലഭിക്കാതെ അകന്നു നില്‍ക്കേണ്ടി വന്നതും ക്ഷീണത്തിന്റെ ആക്കം കൂട്ടി.

എന്നാല്‍,ബി.ജെ.പി സഖ്യം വിട്ട് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരി അപ്രതീക്ഷിതമായി കൈകോര്‍ത്തതോടെ കോണ്‍ഗ്രസില്‍ ആളനക്കമെത്തി.അസമിലെ മിയ വിഭാഗത്തിന്റെ നേതാവായ ബദറുദ്ദീന്‍ അജ്മല്‍ നയിക്കുന്ന ആള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (ഏ.ഐ.യു.ഡി.എഫ്),ഇടത് പാര്‍ട്ടികള്‍ എന്നിവരുമായി സീറ്റ് ധാരണയുണ്ടാക്കാന്‍ കഴിഞ്ഞതോടെ കോണ്‍ഗ്രസിന് നിവര്‍ന്ന് നില്‍ക്കാമെന്നായി.

ഇതിനൊപ്പം പാര്‍ട്ടിയില്‍ അസമിന്റെ നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ സാന്നിധ്യവും  മഹാസഖ്യത്തിന് ആത്മവിശ്വാസമേറ്റിയ ഘടകമാണ്.ബാഗലും ഛത്തീസ്ഗഡില്‍ നിന്നെത്തിയ 12 എം.എല്‍.എ.മാരും എഴുനൂറോളം കോണ്‍ഗ്രസ് നേതാക്കളും അസമില്‍ മൂന്നാഴ്ചയായി ക്യാംപ് ചെയ്ത് മഹാസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.പൊതുയോഗങ്ങള്‍,റോഡ് ഷോകള്‍,വീടു വീടാന്തരമുള്ള പ്രചരണം തുടങ്ങിയ നടപടികളിലൂടെ കോണ്‍ഗ്രസിന് ബാഗല്‍ ജീവജലം നല്‍കി.ഇതോടെ അസമില്‍ തിരഞ്ഞെടുപ്പ് മത്സരത്തിന് കളമൊരുങ്ങി.ഹിമന്ദ ബിശ്വ ശര്‍മയും ഭൂപേഷ് ബാഗലും തമ്മിലുള്ള അഭിമാന പോരാട്ടമായും അസം തിരഞ്ഞെടുപ്പ് മാറി.

പ്രകടന പത്രികയില്‍ പൗരത്വ നിയമമില്ല

കോണ്‍ഗ്രസ് കൂടാതെ ബി.പി.എഫ്,എ.ഐ.ഡി.യു.എഫ്,ഇടത് പാര്‍ട്ടികള്‍ എന്നിവരാണ് അസമിലെ മഹാസഖ്യത്തിലുള്ളത്.ബോഡോ സ്വാധീന മേഖലകളില്‍ ബി.പി.എഫിനും മുസ്ലീം മേഖലകളില്‍ ഐ.ഐ.ഡി.യു.എഫിനുമുള്ള വോട്ട് ബാങ്കുകള്‍ മഹാസഖ്യത്തിനായി തുറന്ന് പ്രവര്‍ത്തിച്ചാല്‍,കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ചത്ര എളുപ്പമല്ലെന്നാണ് ബി.ജെ.പി ക്യാംപിന്റെയും തോന്നല്‍.ഇതിന് പകരം ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് ബി.ജെ.പി മരുന്നിടുന്നുണ്ടെങ്കിലും അതീവ ജാഗ്രതയോടെയാണ് നീക്കങ്ങള്‍.തദ്ദേശീയരായ അസമിയ വിഭാഗങ്ങളുടെ വികാരങ്ങള്‍ പരിഗണിക്കാതെ ധ്രുവീകരണത്തിന് തുനിഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം ബി.ജെ.പിക്കുണ്ട്. അതിനാല്‍,പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് ഇക്കുറി ബി.ജെ.പിയുടെ പ്രകടന പത്രിക മൗനം പാലിക്കുന്നു.

2019 ല്‍ അസമിനെ ഇളക്കി മറിച്ച പൗരത്വനിയമവിഷയം അസം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പോലും ബി.ജെ.പി നേതാക്കള്‍ക്ക് താല്‍പര്യമില്ല.എന്നാല്‍,ബംഗാളില്‍ ഭരണം കിട്ടിയാല്‍ ആദ്യം ചേരുന്ന മന്ത്രിസഭാ യോഗം പൗരത്വനിയമം നടപ്പാക്കാന്‍ തീരുമാനമെടുക്കുമെന്നാണ് ബംഗാളില്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബി.ജെ.പിയുടെ വാഗ്ദാനം.ബംഗാളിലും അസമിലും രണ്ട് തരം സമീപനങ്ങളെടുത്തത് ആലോചനകള്‍ക്ക ശേഷമാണ്.അസമില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ  വിഷയത്തില്‍ തന്ത്രപരമായ മൗനം പാലിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

പൗരത്വ നിയമം ചര്‍ച്ചക്ക് വച്ചാല്‍ വടക്കന്‍ അസമിലും അപ്പര്‍ അസമിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിലാണ് ഈ വിഷയങ്ങള്‍ തല്‍ക്കാലം അലമാരയില്‍ വച്ചത്.അതിന് പകരമായി അസമിലെ തദ്ദേശീയര്‍ക്ക് ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളാണ് ഭീഷണിയെന്ന് പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.അതോടൊപ്പം വികസനമുദ്രാവാക്യം പ്രധാന ചര്‍ച്ചാവിഷയമായി ഉയര്‍ത്തുന്നു.എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്  കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടിയത് ബി.ജെ.പിക്ക് തലവേദനയാണെന്ന കാര്യം നേതാക്കള്‍ തിരിച്ചറിഞ്ഞത് വൈകിയാണ്. നേരത്തെ,കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെയാണ് ബി.പി.എഫ് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിയത്.2001 -2006 ല്‍  ബി.പി.എഫ് അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമായിരുന്നു.എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബി.പി.എഫ് എന്‍.ഡി.എക്കൊപ്പം ചേര്‍ന്നു.ഇതോടെ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം വീണു.ഇത്തവണ തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബി.പി.എഫ് കോണ്‍ഗ്രസ് താവളത്തില്‍ തിരിച്ചെത്തി.ബി.പി.എഫ് 12 സീറ്റുകളിലും ഐ.ഐ.യു.ഡി.എഫ് 24 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

എന്നാല്‍,ബി.പി.എഫ് നേതാവ് ഹഗ്രാമ മൊഹിലാരിയെ ജയിലിലടയ്ക്കുമെന്ന ഹിമന്ദ ബിശ്വശര്‍മയുടെ പ്രസ്താവനയാണ് ഇപ്പോള്‍ അസം രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം.ഭീകരവാദം തുടര്‍ന്നാല്‍ മൊഹിലാരിയെ എന്‍.ഐ.എ ജയിലിലാക്കുമെന്നായിരുന്നു പരാമര്‍ശം.എന്നാല്‍,കോണ്‍ഗ്രസിന്റെ പരാതിയെത്തുടര്‍ന്ന് 48 മണിക്കൂര്‍ ഹിമന്ദയുടെ പ്രചരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരിക്കുകയാണ്.
പോരാട്ട വീര്യമുള്ള അസമിന്റെ മണ്ണിന് ഇനിയും ചൂടേറും.വരാനിരിക്കുന്ന മണിക്കൂറുകള്‍ അസമിന് നിര്‍ണായകം.