കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച ബി.ജെ.പി നേതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ബി.ജെ.പി നേതാവായ സൗമേന്ദു അധികാരിയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് റാം ഗോവിന്ദ് ദാസ് മൂന്ന് ബുത്തുകളില്‍ കൃത്രിമം കാണിച്ചെന്നും തന്റെ വാഹനം ഉള്‍പ്പടെ തകര്‍ത്തെന്നും സൗമേന്ദു ആരോപിച്ചു.

റാം ഗോവിന്ദിന്റെ നേതൃത്വത്തില്‍ മൂന്ന് ബുത്തുകളില്‍ കൃത്രിമം നടന്നു. ഇത് തടയാനെത്തിയ തന്നെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തു- സൗമേന്ദു അധികാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

നേരത്തെ തൃണമൂല്‍ നേതാവായിരുന്ന സൗമേന്ദു അധികാരി തന്റെ കുടുംബാംഗങ്ങളോടൊപ്പം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും മുന്‍ തൃണമൂല്‍ നേതാവുമായ സുവേന്ദു അധികാരിയാണ് നന്ദിഗ്രാം മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസമായ ശനിയാഴ്ച പല സ്ഥലങ്ങളിലും അക്രമങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. പുരുലിയയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാഹനത്തിന് അക്രമികള്‍ തീവെച്ചിരുന്നു. സംസ്ഥാനത്തെ 294 മണ്ഡലങ്ങളില്‍ 30 ഇടത്താണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlights: On day 1 of Bengal polls, BJP's Soumendu Adhikari says attacked by TMC workers