കൊല്‍ക്കത്ത: 'ഒരു മണിക്കൂറില്‍ അധികം നീണ്ട' തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രോഷാകുലയായ സിനിമാതാരവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു മണിക്കൂറിലധികമായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്ക് വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പുറത്ത് വന്നതോടെ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. അതേസമയം ഈ വീഡിയോ എന്നത്തേതാണ് എന്ന കാര്യം വ്യക്തമല്ല.

വീഡിയോയില്‍ വാഹനത്തില്‍ പ്രചാരണം നടത്തുന്ന നുസ്രത്തിനോട് ഒരാള്‍ പ്രധാന റോഡ് വരെ വരാന്‍ അഭ്യര്‍ഥിക്കുന്നത് കേള്‍ക്കാം. പ്രധാന റോഡ് ഇവിടെ അടുത്താണെന്നും അര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളെന്നും ഇദ്ദേഹം നുസ്രത്തിനോട് പറയുന്നുണ്ട്. എന്നാല്‍ നുസ്രത്ത്  ഇതിന്‌ തയ്യാറായില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ നേരം താന്‍ മുഖ്യമന്ത്രിക്ക് വേണ്ടി പോലും പ്രചാരണം നടത്തില്ലെന്നും നുസ്രത്ത് പറയുന്നുണ്ട്. തുടര്‍ന്ന് പ്രചാരണ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

25 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള വീഡിയോ ബി.ജെ.പി. ബംഗാള്‍ ഘടകത്തിന്റെ ട്വിറ്റര്‍ പേജിലുള്‍പ്പടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിഗ്രാമില്‍ മമത പരാജയപ്പെടുന്ന എന്ന ഹാഷ്ടാഗ് ഉള്‍പ്പടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയും തമ്മില്‍ ഏറ്റുമുട്ടുന്ന നന്ദിഗ്രാമില്‍ ഇരു പാര്‍ട്ടികളും തങ്ങളുടെ താരപ്രചാരകരെ രംഗത്തിറക്കിയിരുന്നു.

Content Highlights: On Camera, Trinamool's Nusrat Jahan Seen Losing Cool