ന്യൂഡല്‍ഹി: നിയമസഭകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 79.79 ശതമാനവും അസമില്‍ 72.14 ശതമാനവും പോളിങ്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കാണിത്. പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലും അസമിലെ 47 സീറ്റുകളിലുമാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 

അതേസമയം ബംഗാളില്‍ വോട്ടെടുപ്പിനിടെ പലയിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ മിഡ്നാപുരില്‍ വെടിവെപ്പുണ്ടായി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പുരുളിയയില്‍ വെള്ളിയാഴ്ച രാത്രി ഒരു ബസ് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസിനാണ് തീപ്പിടിച്ചത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ബംഗാളില്‍ പല ബൂത്തുകളിലും വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്നും തൃണമൂല്‍ ആരോപിച്ചു. അഞ്ചു മിനുട്ടിന്റെ ഇടവേളയില്‍ വോട്ടിങ് ശതമാനം എങ്ങനെയാണ് കുത്തനെ കുറഞ്ഞതെന്ന് വിശദീകരിക്കണമെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. 

ഇരുസംസ്ഥാനങ്ങളിലും വൈകീട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. അസമില്‍ വൈകീട്ട് ആറു വരെയും പശ്ചിമ ബംഗാളില്‍ ആറര വരെയുമാണ് പോളിങ്. വോട്ടെടുപ്പ് നടക്കുന്ന ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചിരുന്നു. 

ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്ന മുപ്പത് മണ്ഡലങ്ങളില്‍ 29 ഇടത്തും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു മണ്ഡലത്തില്‍ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍(എ.ജെ.എസ്.യു.) ആണ് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും 29 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. പുരുളിയ, ഝാര്‍ഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്നിപുര്‍, ഈസ്റ്റ് മേദ്നിപുര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുന്നത്

അതേസമയം, അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബി.ജെ.പി. മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്. എ.ഐ.ഡി.യു.എഫ്., രാഷ്ട്രീയ ജനതാദള്‍, എ.ജി.എം., സി.പി.ഐ.എം.എല്‍. എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്.

Content Highlights: Nearly 80% Turnout In Bengal, 73% In Assam In Phase 1 Polls