ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി  കൊണ്ട് മാത്രം ബിജെപിക്ക് എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം ഉറപ്പാക്കിയതിന് പിന്നാലെ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്നും തന്റെ പ്രവചനം തെറ്റിയാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ ട്വീറ്റ് വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം പറഞ്ഞത്. പ്രശാന്ത് കിഷോറിനെ പരിഹസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ അന്നുതന്നെ രംഗത്തെത്തിയിരുന്നു. ബംഗാളില്‍ ബിജെപി സുനാമി ഉണ്ടാവുകയും ബിജെപി അവിടെ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്യുന്നതോടെ രെു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നമുക്ക് നഷ്ടമാകുമെന്ന് വിജയ്‌വര്‍ഗിയ പരിഹസിച്ചിരുന്നു.

അതിനിടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന ജോലിയില്‍നിന്ന് താന്‍ വിരമിക്കുകയാണെന്ന്  അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ഒരു ഇടവേളയെടുത്ത് ജീവിതത്തില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. 'താനൊരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ്. തത്കാലം പിന്‍വാങ്ങി തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കേണ്ടതുണ്ട്' - അദ്ദേഹം മറുപടി നല്‍കി.

ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം തൃണമൂലിന് അനുകൂലമായ ഏകപക്ഷീയ ഫലമാണ്. കടുത്ത പോരാട്ടമായിരുന്നു നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറിയത് തങ്ങളുടെ പ്രചാരണം കടുപ്പമേറിയതാക്കി. ബംഗാളില്‍ വിജയിക്കാന്‍ പോകുന്നു എന്നതരത്തില്‍ വന്‍ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതികൊണ്ട് മാത്രം എല്ലാ തിരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

Content Highlights: Modi's popularity won't mean BJP will all elections - Prashant Kishor