ന്യൂഡല്‍ഹി: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. എന്നാല്‍, ആദ്യ റൌണ്ട് ഫലം പുറത്തുവരുമ്പോള്‍ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനർജി പിന്നിട്ടുനില്‍ക്കുകയാണെന്നാണ് റിപ്പോർട്ട്. തൃണമൂല്‍ വിട്ട് എന്‍ഡിഎ സ്ഥാനാർഥിയായി മമതയ്ക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരി 5000 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പശ്ചിമബംഗാളില്‍ 193 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 91 ഇടത്ത് ബിജെപിയും ഒരിടത്ത് സിപിഎമ്മും മുന്നിട്ടുനില്‍ക്കുകയാണ്.

മമതയെ 5,000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് സുവേന്ദു അധികാരി പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി എന്ന് പറയുന്ന ഒരു ലെറ്റര്‍ ഹെഡുമായി തയ്യാറായി നില്‍ക്കൂവെന്നും മമതയെ സുവേന്ദു പരിഹസിച്ചിരുന്നു. നന്ദിഗ്രാമില്‍ പ്രചാരണത്തിനിടയ്ക്ക് മമതയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ബിജെപിയ്ക്ക് പങ്കുണ്ടെന്നായിരുന്നു അവരുടെ ആരോപണം. ഇത് തിരഞ്ഞെടുപ്പ കാലത്തെ വലിയ ചർച്ചയുമായിരുന്നു.

2011ല്‍ ബംഗാള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് മമത പിടിച്ചെടുക്കുമ്പോള്‍ മമതയുടെ വലംകൈയ്യായിരുന്നു സുവേന്ദു. കൊല്‍ക്കത്തയിലെ തന്റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. സുവേന്ദു അധികാരിക്ക് വ്യക്തമായ മേല്‍ക്കൈയുള്ള മണ്ഡലമാണ് നന്ദിഗ്രാം.

content highlights: Mamata trailing in Bengal