കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മേഖലകളില്‍ ഉള്‍പ്പെട്ട നാല് ജില്ലകള്‍ മമത ബാനര്‍ജിക്ക് നിര്‍ണായകം. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മാല്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് ദില്‍നാപുര്‍, സൗത്ത് ദില്‍നാപുര്‍ എന്നീ ജില്ലകളില്‍ നേടുന്ന സീറ്റുകള്‍ മമതയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ സുപ്രധാന പങ്കായിരിക്കും വഹിക്കുക എന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ മാല്‍ഡയും മുര്‍ഷിദാബാദും പ്രധാന പങ്കാണ് വഹിക്കുകയെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടുകയാണെങ്കില്‍ ഇത്തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കണം. വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരുത്തരുത്, മുര്‍ഷിദാബാദിലെ ഭഗബന്‍ഗോളയില്‍ സംസാരിക്കവേ മമത പറഞ്ഞു.

2016-ലെ തിരഞ്ഞെടുപ്പില്‍ ഈ ജില്ലകളിലെ 49 സീറ്റുകളില്‍ 11 സീറ്റുകള്‍ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നേടാനായിരുന്നത്. കോണ്‍ഗ്രസ് 26 സീറ്റുകളും ഇടതു പാര്‍ട്ടികള്‍ 10 സീറ്റുകളും നേടി. ഇത്തവണ ഇവിടെ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതാണ് തൃണമൂല്‍ ലക്ഷ്യംവെക്കുന്നത്.

ശീതള്‍കുച്ചിയില്‍ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ മരിക്കാനിടയായ സംഭവം ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍‌ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ സംഭവത്തോടെ മേഖലയില്‍ കോണ്‍ഗ്രസ്-സിപിഎം-ഐഎസ്എഫ് സഖ്യത്തിന് പ്രചാരണ രംഗത്ത് മുന്നേറ്റം നഷ്ടപ്പെട്ടതായാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയതും തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താനാണ് തൃണമൂലിന്റെ ശ്രമം.

അതിനിടെ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വോട്ടെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച് നടത്താന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കമ്മീഷനോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസും കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Content Highlights: Mamata’s TMC Banks on Four Muslim-Dominated Districts to Trump BJP in Crucial Last Stretch