കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക മമതാ ബാനര്‍ജി പുറത്തിറക്കി. കാലിന് പരിക്കേറ്റതിനാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പ്രകടനപത്രിക മമത പുറത്തിറക്കിയത്. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വന്‍ പദ്ധതികളാണ്‌ പ്രകടനപത്രികയിലുള്ളത്. 

തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. പ്രതിവര്‍ഷം അഞ്ച് ലക്ഷം തൊഴിലവസരങ്ങളാവും പുതിയതായി സൃഷ്ടിക്കുക. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാ വര്‍ഷവും സാമ്പത്തിക സഹായം നല്‍കും. അര്‍ഹരായവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വീടുകളിലെത്തിക്കും. പിന്നോക്കവിഭാഗത്തിലുള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 12000 രൂപയും മറ്റുള്ളവര്‍ക്ക് 6000 രൂപയും നല്‍കും. കര്‍ഷകര്‍ക്കുള്ള ധനസഹായം ഏക്കറിന് 10,000 രൂപയായി ഉയര്‍ത്തും. ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 4 ശതമാനം പലിശയില്‍ 10 ലക്ഷം പരിധിയുള്ള ക്രെഡിറ്റ്  കാര്‍ഡ് വിതരണം ചെയ്യുമെന്നും തൃണമൂല്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. 

മമത സര്‍ക്കാര്‍ മുസ്ലീം പ്രീണന നയം നടപ്പാക്കുന്നുവെന്നുമുള്ള ബിജെപി ആരോപണത്തെ ചെറുക്കാനും ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കാനുമായി മഹാശിവരാത്രി ദിനത്തില്‍ പ്രകടന പത്രിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ടി.എം.സി പ്രഖ്യാപിച്ചത്. എന്നാല്‍ നന്ദിഗ്രാമില്‍ വെച്ച് മമതയ്ക്ക് കാലിന് പരിക്കേറ്റതിനാല്‍ പ്രകടന പത്രിക പുറത്തിറക്കല്‍ നീണ്ടുപോയി. 

മമത ക്യാമ്പ് പ്രകടന പത്രിക പുറത്തിറക്കിയതോടെ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ചൂടേറിയിട്ടുണ്ട്. 

Content Highlights: Mamata releases TMC's poll manifesto, West Bengal Assembly Election 2021