കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നാടകീയത തുടരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി പരാജയപ്പെട്ടുവെന്ന് ബിജെപി അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ വിജയിച്ചതെന്നാണ് അവകാശവാദം. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. മമത 1200 വോട്ടുകള്‍ക്ക് നന്ദിഗ്രാമില്‍ വിജയിച്ചതായി ആദ്യം വാര്‍ത്താ ഏജന്‍സികളടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പിന്നീടാണ് മമത പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും മമത സുവേന്ദുവിനെക്കാള്‍ പിന്നിലായിരുന്നു. രാവിലെ 11.20 ഓടെ സുവേന്ദുവിനെക്കാള്‍ 8201 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു മമത. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണലില്‍ സുവേന്ദുവിനെക്കാള്‍ പിന്നിലായിരുന്ന മമത നാലാം റൗണ്ടില്‍ മുന്നിലെത്തി. വൈകീട്ട് മൂന്നോടെ മമതയുടെ ലീഡ് 3200 ആയി വര്‍ധിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണലിനിടെ സുവേന്ദു ആറ് വോട്ടിന് മമതയേക്കാള്‍ മുന്നിലെത്തി. വൈകിയും അനിശ്ചിതത്വം അവസാനിച്ചില്ല.

2011 ല്‍ മമതയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മണ്ഡലമാണ് നന്ദിഗ്രാം. മമതയ്ക്കൊപ്പം നിന്ന് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി പോരാട്ടം നടത്തി അവിടെനിന്ന് വിജയിച്ച സുവേന്ദുവിന്റെ അധികാരി കുടുംബം പിന്നീട് നന്ദിഗ്രാമിലുള്ള സ്വാധീനം വര്‍ധിപ്പിച്ചു. അടുത്തിടെ ബിജെപിയിലെത്തിയ സുവേന്ദു നന്ദിഗ്രാമിന് പുറത്തുള്ള വ്യക്തിയാണ് മമത എന്നുപറഞ്ഞായിരുന്നു പ്രചാരണം നടത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ ബിജെപിയിലെത്തിയ സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസിലെ പല നേതാക്കളെയും പിന്നീട് ആ പാര്‍ട്ടിയിലെത്തിച്ചു. ഇതോടെയാണ് സുവേന്ദുവിനെതിരെ നേരിട്ട് പോരാടി വിജയിക്കുമെന്ന് മമത പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ഭാവാനിപുര്‍ മണ്ഡലം ഉപേക്ഷിച്ചാണ് അവര്‍ ഇത്തവണ നന്ദിഗ്രാമില്‍ പോരാട്ടത്തിന് ഇറങ്ങിയത്. നന്ദിഗ്രാമിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അവര്‍ പ്രചാരണത്തിനിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതിനിടെ കാലിന് പരിക്കേറ്റ മമത വീല്‍ ചെയറിലിരുന്നാണ് പ്രചാരണം മുന്നോട്ടു കൊണ്ടുപോയത്. കാലിന് പരിക്കേറ്റ സംഭവത്തില്‍ അവര്‍ ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ അവര്‍ കടുത്ത വിമര്‍ശമാണ് ഉന്നയിച്ചത്. അതിനിടെ, 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് മമതയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം സുവേന്ദു അധികാരി നടത്തി. മുന്‍ മുഖ്യമന്ത്രിയെന്ന് അച്ചടിച്ച ലെറ്റര്‍പാഡ് തയ്യാറാക്കിവെക്കാന്‍ അദ്ദേഹം മമതയോടെ പറഞ്ഞിരുന്നു.

Content Highlights: Mamata Banerjee wins Nandigram; beats ex aide Suvendu Adhikari