കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്.

രാത്രി ഏഴ് മണിയോടെ മമത ഗവര്‍ണര്‍ ജഗ്ദീപ് ധര്‍ഖറിനെ സന്ദര്‍ശിച്ചു സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തുമെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയെ നാളെ വൈകീട്ട് രാജ്ഭവനിലേക്ക് വിളിക്കുമെന്ന് ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്വീറ്റ് ചെയ്തിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

സ്പീക്കര്‍ ബിമന്‍ ബാര്‍ജിയെ പ്രോടേംസ്പീക്കറായും നിയുക്ത എംഎല്‍എമാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പുതുതായി തിരഞ്ഞെടുത്ത അംഗങ്ങള്‍ വ്യാഴാഴ്ച നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.

ബിജെപി ഉയര്‍ത്തിയ ഭീഷണിയെ മറികടന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. 77 സീറ്റുകള്‍ നേടിയ ബിജെപി മുഖ്യപ്രതിപക്ഷമാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നത്.