കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വെച്ചുണ്ടായ അക്രമത്തില്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. മമത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് അവരെ വിട്ടയച്ചതെന്നും ഏഴു ദിവത്തിനു ശേഷം വീണ്ടും പരിശോധന നടത്തണമെന്നും കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും വീണ് മമതയ്ക്ക് പരിക്കേറ്റത്. നാലഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മനപൂര്‍വം തള്ളിയിട്ടതാണെന്നാണ് മമത ആരോപിച്ചിരുന്നത്. മമതയുടെ ഇടത് കാലിന്റെ എല്ലിന് ഗുരുതരമായി പരിക്കേറ്റതായി അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

മമതാ ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ നേതാക്കളുടെ ആറംഗ സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

മമതയ്ക്കു നേരെയുണ്ടായ അക്രമത്തില്‍ എല്ലാവരും ആശങ്ക രേഖപ്പെടുത്തിയിട്ടും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതുവരെ പ്രതികരിച്ചില്ലെന്ന് തൃണമൂല്‍ നേതാവ് പാര്‍ഥ ചാറ്റര്‍ജി ചൂണ്ടിക്കാണിച്ചു. അക്രമം അഴിച്ചുവിടാന്‍ ബിജെപി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ നന്ദിഗ്രാമില്‍ എത്തിച്ചതായും അദ്ദേഹം ആരോപിച്ചു.

Content Highlights: Mamata Banerjee discharged from hospital