കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി നന്ദിഗ്രാമിലെ ബി.ജെ.പി നേതാവ് രംഗത്തെത്തി. മമത തന്നെ ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതായി പ്രളയ്‌ പാല്‍ എന്ന ബി.ജെ.പി നേതാവ് വെളിപ്പെടുത്തി. മമതയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു.

ശനിയാഴ്ച രാവിലെയാണ് മമത വിളിച്ച് സഹായം ആവശ്യപ്പെട്ടതെന്ന് പ്രളയ്‌ പാല്‍ പറഞ്ഞു. മമതയുടേത് എന്നവകാശപ്പെടുന്ന ഫോണ്‍വിളിയുടെ ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമാണെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ അവകാശവാദം.

നന്ദിഗ്രാമില്‍ മത്സരിക്കുന്ന മമതയുടെ എതിരാളി മുന്‍ തൃണമൂല്‍ നേതാവ് കൂടിയായ സുവേന്ദു അധികാരിയാണ്. അതിനിടെ, തന്നോട് തൃണമൂലില്‍ ചേരാനും മമത ആവശ്യപ്പെട്ടതായി പ്രളയ്‌ പാല്‍ പറഞ്ഞു. 'എന്നാല്‍ സുവേന്ദു അധികാരിയുടെ സഹപ്രവര്‍ത്തകനായ താന്‍ ഇത് നിരസിച്ചു. ഇടത് ഭരണകാലത്ത് സി.പി.എം നന്ദിഗ്രാമിലെ ജനങ്ങളെ ഉപദ്രവിച്ചപ്പോള്‍ അധികാരി കുടുംബമാണ് ഞങ്ങള്‍ക്കൊപ്പം നിന്നത്. അതിനാല്‍ ഞാന്‍ ഒരിക്കലും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല. സുവേന്ദു അധികാരിയുടെ വിജയം ഉറപ്പാണ്'- അദ്ദേഹം പറഞ്ഞു.

Content Highlghts: Mamata Banerjee called me asking for help in Nandigram, claims BJP