ഖരക്പുര്‍: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ജനങ്ങള്‍ മമത ബാനര്‍ജിയില്‍ വിശ്വാസം അര്‍പ്പിച്ചെങ്കിലും അവര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഇന്നലെ രാത്രി 50-55 മിനുട്ട് നേരം ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും അപ്രത്യക്ഷമായപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടു. എന്നാല്‍ ബംഗാളില്‍ വികസനവും, വിശ്വാസവും, സ്വപ്‌നങ്ങളും ഇല്ലാതായിട്ട് 50-55 വര്‍ഷമായി. ഒരു മാറ്റം കൊണ്ടുവരാനുളള നിങ്ങളുടെ ത്വര എനിക്ക് മനസ്സിലാകുന്നുണ്ട്. ആളുകളെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനുമുള്ള പരിശീലന കേന്ദ്രമായി തൃണമൂല്‍ കോണ്‍ഗ്രസ് മാറിയിരിക്കയാണ്.

ബംഗാളിന്റെ വികസനത്തിന് ബി.ജെ.പി നിര്‍ണായകമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മമത കളിക്കുന്നത്. കോണ്‍ഗ്രസും, ഇടതുപക്ഷവും, തൃണമൂലും ചേര്‍ന്ന് പതിറ്റാണ്ടുകളായി ബംഗാളിന്റെ വികസനത്തെ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷത്തെ ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ ബി.ജെ.പിക്ക് കേവലം അഞ്ച് വര്‍ഷങ്ങള്‍ മതി. നിങ്ങള്‍ പലര്‍ക്കും അവസരം കൊടുത്തു. അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ക്ക് അവസരം തരൂ. നിങ്ങള്‍ക്കായി ജീവന്‍ ത്യജിക്കാനും ഞങ്ങള്‍ തയ്യാറാണ്- പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രില്‍ 27 മുതല്‍ 29 വരെ അഞ്ച് ഘട്ടമായാണ് ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.

Content Highlights: Last night WhatsApp were down for 50-55 min; in Bengal, development down for 50-55 years