കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങാന്‍ നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയാബച്ചന്‍. ബംഗാളിന് വേണ്ടത് സ്വന്തം മകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാകും ജയാ ബച്ചന്‍ പ്രചാരണത്തിനിറങ്ങുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജയാ ബച്ചന്‍ ഞായറാഴ്ച വൈകീട്ടോടെ കൊല്‍ക്കത്തയിലെത്തി.  കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കെതിരെ മത്സരിക്കുന്ന ടോളിഗഞ്ജ് എംഎല്‍എ അരൂപ് ബിശ്വാസിന്റെ പ്രചാരണത്തിനാണ് ജയ ആദ്യം ഇറങ്ങുക.

ടോളിഗഞ്ജ് തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ചിട്ടുള്ള അരൂപ് ബിശ്വാസിനെ തറപ്പറ്റിക്കാന്‍ ബിജെപി ഇത്തവണ എംപിയും പ്രമുഖ ഗായകനുമായി ബാബുല്‍ സുപ്രിയോയെ ആണ് രംഗത്തിറക്കിയിട്ടുള്ളത്. 

കൊല്‍ക്കത്തയിലെ സിനിമ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ടോളിഗഞ്ജ്. നിരവധി സിനിമ സ്റ്റുഡിയോകളുള്ളതിനാലാണ് അങ്ങനെയൊരു പേര്. അതിനാല്‍ തന്നെ താരത്തിളക്കം പ്രചാരണത്തിന് കൊഴുപ്പേകുമെന്നാണ് ഇരുപാര്‍ട്ടികളുടെയും വിശ്വാസം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബംഗാളില്‍ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതാണ് ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാന്‍ കാരണം. അഖിലേഷ് യാദവിനൊപ്പം ആര്‍.ജെ.ഡി നേതാവ്? തേജസ്വി യാദവും മമതക്ക് പിന്തുണയുമായെത്തി.

എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നാളെ നടക്കും.