കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ കടന്നാക്രമണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തനിക്കെതിരെ ബിജെപി ഹിന്ദു കാര്‍ഡിറക്കരുതെന്ന് മമത മുന്നറിയിപ്പു നല്‍കി. താനൊരു ഹിന്ദു പെണ്‍കുട്ടിയാണെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തിരഞ്ഞെടുപ്പില്‍ ഹിന്ദു കാര്‍ഡിറക്കി കളിക്കുന്ന ബിജെപിയെ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമമാണ് മമതയുടേത്. ഹിന്ദു മതഗ്രന്ഥമായ ചണ്ഡീപതില്‍നിന്നുള്ള ചില ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടാണ് മമത പ്രസംഗിച്ചത്. എല്ലാ ദിവസവും വീട്ടില്‍നിന്നിറങ്ങുന്നതിനു മുന്‍പ് താന്‍ ചണ്ഡീപതില്‍നിന്നുള്ള ശ്ലോകങ്ങള്‍ ഉരുവിടാറുണ്ടെന്ന് അവര്‍ പറഞ്ഞു. 

ഞാനും ഒരു ഹിന്ദു പെണ്‍കുട്ടിയാണ്. എന്റെയടുത്ത് ഹിന്ദു കാര്‍ഡ് ഇറക്കരുത്. പറയൂ, എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?- മമത ബാനര്‍ജി ബിജെപിയോട് ചോദിച്ചു. മമത സര്‍ക്കാര്‍ മുസ്ലിം പ്രീണനം നടത്തുകയാണെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു മമതയുടെ ചോദ്യം.

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെയും മമത രൂക്ഷമായി വിമര്‍ശിച്ചു. ഗുജറാത്തില്‍നിന്നുള്ള ചിലര്‍ക്ക് സ്വന്തം ആത്മാവ് വില്‍പന നടത്തിയ ചിലര്‍ വര്‍ഗീയ കാര്‍ഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലര്‍ സംസാരിക്കുന്നത് 70:30 ഹിന്ദു-മുസ്ലിം അനുപാതത്തെക്കുറിച്ചാണ്. അവര്‍ അപമാനിക്കുന്നത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങള്‍ ഒന്നിച്ചണിചേര്‍ന്ന് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെയാണ്. നന്ദിഗ്രാമിലെ ജനങ്ങള്‍ ഏപ്രില്‍ ഒന്നിന് നടക്കുന്ന വോട്ടെടുപ്പില്‍ ബിജെപിയെ ഏപ്രില്‍ ഫൂള്‍ ആക്കുമെന്നും മമത പറഞ്ഞു.

Content Highlights: I am a Hindu girl- Mamata Banerjee at Nandigram