കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളിലെ മുപ്പത് സീറ്റുകളിലും അസമിലെ നാല്‍പ്പത് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം പശ്ചിമ ബംഗാളിലെ പുരുളിയയില്‍ വെള്ളിയാഴ്ച രാത്രി ഒരു ബസ് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങിയ ബസിനാണ് തീപ്പിടിച്ചത്. ബസ് ഡ്രൈവറെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

പശ്ചിമ ബംഗാളിലെ പുരുളിയ, ഝാര്‍ഗ്രാം ജില്ലകളിലെയും ബങ്കുര, വെസ്റ്റ് മേദ്‌നിപുര്‍, ഈസ്റ്റ് മേദ്‌നിപുര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങളിലെയും 73 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ്ബൂത്തിലെത്തുക. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുപ്പത് മണ്ഡലങ്ങളില്‍ 29 ഇടത്തും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള ഒരു മണ്ഡലത്തില്‍ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍(എ.ജെ.എസ്.യു.) ആണ് മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും 29 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. 

അതേസമയം, അസമില്‍ അപ്പര്‍ അസമിലെയും സെന്‍ട്രല്‍ അസമിലെയും ഏകദേശം 81 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 47 സീറ്റുകളില്‍ 39 ഇടത്ത് ബി.ജെ.പി. മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകളിലാണ് മത്സരിക്കുന്നത്. എ.ഐ.ഡി.യു.എഫ്., രാഷ്ട്രീയ ജനതാദള്‍, എ.ജി.എം., സി.പി.ഐ.എം.എല്‍. എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും മണ്ഡലങ്ങളിലെ ജനങ്ങളോട് വോട്ട് അവകാശം വിനിയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.

content highlights: first phase of polling started in west bengal and assam