ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ ഭരണംപിടിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പ്രചാരണത്തിനിറങ്ങിയതോടെ, ബി.ജെ.പി.യെ തോല്‍പ്പിക്കണമെന്ന ആവശ്യവുമായി കര്‍ഷകസമരക്കാര്‍ രംഗത്തിറങ്ങുന്നു. കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ കൊല്‍ക്കത്തയിലായതിനാല്‍ കര്‍ഷകരും അവിടേക്കുപോവുകയാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. മാര്‍ച്ച് 13-ന് കൊല്‍ക്കത്തയിലെത്തി കര്‍ഷകരുമായി സംസാരിക്കും.

നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഉടന്‍ പുറപ്പെടുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളും വ്യക്തമാക്കി. ബംഗാളില്‍ മാര്‍ച്ച് 12, 13, 14 തീയതികളില്‍ മഹാപഞ്ചായത്തുകള്‍ ചേരും. 

കൊല്‍ക്കത്തിലാണ് ആദ്യയോഗം. മധ്യപ്രദേശില്‍ മാര്‍ച്ച് 14-നും 15-നും ഒഡിഷയില്‍ 19-നും കര്‍ണാടകയില്‍ 20, 21, 22 തീയതികളിലും മഹാപഞ്ചായത്തുകള്‍ നടക്കും. ഭഗത്സിങ്ങിന്റെ ജന്മവാര്‍ഷികദിനത്തില്‍ ജയ്പുരില്‍ കിസാന്‍ മഹാപഞ്ചായത്ത് ചേരും.