കൊല്‍ക്കത്ത: ബി.ജെ.പിയിലേക്ക് പോയ തങ്ങളുടെ മുന്‍ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചതില്‍ എന്താണ് തെറ്റെന്ന് മമത ബാനര്‍ജി. ആ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടവരാണ് തെറ്റുകാരെന്നും മമത പറഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ വിജയിപ്പിക്കാനായി മമത തങ്ങളുടെ പ്രവര്‍ത്തകനോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണം ബി.ജെ.പി പുറത്ത് വിട്ടിരുന്നു. ഈ സംഭവത്തിലാണ് മമതയുടെ പ്രതികരണം.

അതെ. ഞാന്‍ നന്ദിഗ്രാമിലെ ഈ ബി.ജെ.പി നേതാവിനെ വിളിച്ചിരുന്നു. മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഏത് വോട്ടറോടും സഹായം അഭ്യര്‍ഥിക്കാനുള്ള അവകാശം എനിക്കുണ്ട്. അദ്ദേഹത്തോട് ആരോഗ്യം സംരക്ഷിക്കാനും ഞാന്‍ പറഞ്ഞു. ഇതില്‍ എന്താണ് തെറ്റ്?- മമത ചോദിച്ചു. ബംഗാളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ നടന്ന ശനിയാഴ്ചയാണ് ബി.ജെ.പി ഈ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്ത് വിട്ടത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. 

ഈ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെയാണ് നടപടികള്‍ ഉണ്ടാവേണ്ടതെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ വിജയിക്കാന്‍ നിങ്ങള്‍ സഹായിക്കണമെന്നും നിങ്ങളുടെ എല്ലാ പരാതികളും ഞാന്‍ പരിഹരിക്കുമെന്നുമാണ് മമത ബി.ജെ.പി നേതാവായ പ്രലയ് പാലിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നത്. നിങ്ങള്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എനിക്ക് അധികാരി കുടുംബത്തെ വഞ്ചിക്കാനാവില്ലെന്നുമായിരുന്നു പ്രലയ് പാലിന്റെ മറുപടി. മമത തൃണമൂലിലേക്ക് തിരിച്ച് ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ താന്‍ അത് നിരസിച്ചെന്നും പ്രലയ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു വിഷയത്തില്‍ ബി.ജെ.പിയുടെ ആരോപണം. ഫോണ്‍കോളിന്റെ ശബ്ദരേഖ ഉള്‍പ്പടെ ബി.ജെ.പി തിരഞ്ഞൈടുപ്പ് കമ്മീഷന് പരാതിയും നല്‍കി. ബംഗാളില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്ന നന്ദിഗ്രാമില്‍ മുന്‍ സഹപ്രവര്‍ത്തകനും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി.

Content Highlights: Did Call BJP Leader, Leaking Conversation An Offence: Mamata Banerjee