കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച് നടത്തിയേക്കുമെന്ന് സൂചന. ഏപ്രില്‍ 26,29 തിയതികളിലായി നടക്കുന്ന അവസാന രണ്ടു ഘട്ടങ്ങള്‍ ഒന്നിച്ച് നടത്താന്‍ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കമ്മീഷനോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തുന്നതിന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ടി വരുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുസ്ഥാന്‍ ടൈംസാണ് തിരഞ്ഞെടുപ്പ് നിരീക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് ഭരണകക്ഷിയായ തൃണമൂല്‍ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴ്, എട്ട് ഘട്ടങ്ങള്‍ ഒന്നിച്ച് നടത്താന്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അജയ് നായക്, വിവേക് ദുബെ എന്നിവര്‍ കഴിഞ്ഞ ആഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 43 സീറ്റുകളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 

'നിലവില്‍ 1000 കമ്പനി കേന്ദ്രസേനയേയാണ് ബംഗാളില്‍ വിന്യസിച്ചിട്ടുള്ളത്. അടുത്ത ഘട്ട തിരഞ്ഞെടുപ്പ് വളരെ അടുത്തായതിനാല്‍ അതില്‍ ഒന്നും ചെയ്യാനാകില്ല. കോവിഡിന്റെ ഗൗരവ സാഹചര്യത്തില്‍ അവസാന രണ്ടു ഘട്ടങ്ങള്‍ ഒരുമിച്ച് നടത്താവുന്നതാണ്. എന്നാല്‍ സുരക്ഷയ്ക്കായി 500 കമ്പനി അധിക കേന്ദ്രസേനയെ വിന്യസിക്കേണ്ടി വരും' തിരഞ്ഞെടുപ്പ് നിരീക്ഷക വൃത്തങ്ങള്‍ അറിയിച്ചു.

ബംഗാള്‍ ചീഫ് ഇലക്ടര്‍ ഓഫീസറുടെ കാര്യാലയത്തിലെ 25 പേര്‍ക്കും രണ്ടു സ്ഥാനാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും നിരീക്ഷകര്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.