അസമിൽ വിജയം ആവര്‍ത്തിച്ച് എന്‍ഡിഎ.  ആകെയുള്ള 126 സീറ്റിൽ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 73 സീറ്റുകളാണ് നേടിയത്. 64 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 52 സീറ്റുകളും. കോണ്‍ഗ്രസ്, എഐയുഡിഎഫ്, ബിപിഎഫ് തുടങ്ങിയ കക്ഷികള്‍ ചേര്‍ന്ന് രൂപവത്കരിച്ച സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അഭയാര്‍ഥി പ്രശ്നം, പൗരത്വനിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിങ്ങനെ കത്തുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണ് അസമില്‍ ഇത്തവണ നടന്നത്. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കുകയും പൊതുവേയുള്ള വലിയ തകര്‍ച്ചയില്‍നിന്ന് ഒരു ആശ്വാസ വിജയം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ അധികാരം നിലനിര്‍ത്തുകയും കോണ്‍ഗ്രസിനെ ചിത്രത്തില്‍നിന്ന് മായ്ച്ചുകളയുകയും ചെയ്യുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. കൂടാതെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരോട്ടം കൂട്ടാന്‍ പരിശ്രമിക്കുന്ന ബി.ജെ.പിക്ക് അസമിലെ തുടര്‍ഭരണം നിര്‍ണായകവുമായിരുന്നു. 

തുടര്‍ഭരണം ലഭിച്ചെങ്കിലും കോണ്‍ഗ്രസിനെ തൂത്തെറിയാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്- എഐയുഡിഎഫ്-ബിപിഎഫ് സഖ്യം ഗുണംചെയ്തതാണ് കണക്ക് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 30, എഐയുഡിഎഫ് 16, ബിപിഎഫ് 5, സിപിഐഎം ഒന്ന് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് സഖ്യം മുന്നിട്ടു നില്‍ക്കുന്ന സീറ്റുകള്‍. കഴിഞ്ഞ തവണ നേടിയ 19 സീറ്റില്‍നിന്നാണ് 11 സീറ്റുകളോളം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്.

മൂന്നു തവണ അധികാരത്തിലേറിയ തരുണ്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തറപറ്റിച്ചാണ് 2016ല്‍ ബിജെപി അസമിന്റെ അധികാരം പിടിച്ചത്. 126 അംഗ നിയമസഭയില്‍ 60 സീറ്റാണ് ബി.ജെ.പി നേടിയത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സഖ്യത്തിന് 24 സീറ്റുകള്‍ മാത്രമാണ് അന്ന് നേടാനായത്. പതിനാല് സീറ്റുള്ള അസം ഗണ പരിഷത്ത് (എ.ജി.പി), പന്ത്രണ്ട് സീറ്റുള്ള ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികളെയും കോണ്‍ഗ്രസ് വിമതരെയും ഒപ്പം നിര്‍ത്തി ശക്തമായ സഖ്യമാണ് ബിജെപി സർക്കാർ രൂപവത്കരിച്ചത്. 

ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള അധികാരത്തിന്റെയും ശക്തമായ സംഘടനാ സംവിധാനത്തിന്റെയും പിന്‍ബലത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കില്‍ ഇപ്പറഞ്ഞതൊന്നും കോണ്‍ഗ്രസിന് ഇല്ലായിരുന്നു. നേതൃശൂന്യത, ഗ്രൂപ്പ് തര്‍ക്കം, പണഞെരുക്കം, നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി കോണ്‍ഗ്രസിനെ ഞെരുക്കിയ വിഷയങ്ങള്‍ നിരവധിയായിരുന്നു. തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയിക്ക് വലിയ സ്വീകാര്യതയില്ലാത്തതും സുഷ്മിതാ ദേവിനെപ്പോലെയുള്ള നേതാക്കള്‍ സീറ്റ് ലഭിക്കാതെ അകന്നു നിന്നതും കോണ്‍ഗ്രസിന് ക്ഷീണത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സംഭവിച്ച സഖ്യനീക്കങ്ങള്‍ കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷ നല്‍കിയിരുന്നു. ബാഗലും ഛത്തീസ്ഗഡില്‍ നിന്നെത്തിയ 12 എം.എല്‍.എ.മാരും എഴുനൂറോളം കോണ്‍ഗ്രസ് നേതാക്കളും അസമില്‍ മൂന്നാഴ്ചയായി ക്യാംപ് ചെയ്താണ് മഹാസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുംചെയ്തു. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലാരിയുമായും ബദറുദ്ദീന്‍ അസമിലെ മിയ വിഭാഗത്തിന്റെ നേതാവായ അജ്മല്‍ നയിക്കുന്ന ആള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (ഏ.ഐ.യു.ഡി.എഫ്) ഉണ്ടാക്കിയ ധാരണയും ഇടത് പാര്‍ട്ടികള്‍ എന്നിവരുമായി സീറ്റ് ധാരണയുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു. 

ബോഡോ സ്വാധീന മേഖലകളില്‍ ബി.പി.എഫിനും മുസ്ലീം മേഖലകളില്‍ ഐ.ഐ.ഡി.യു.എഫിനുമുള്ള വോട്ട് ബാങ്കുകളായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രതീക്ഷ. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ ഇതിന് വഴിമരുന്നിടുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും പ്രതീക്ഷിച്ച ഗുണം ചെയ്തില്ല.

2019 ല്‍ അസമിനെ ഇളക്കി മറിച്ച പൗരത്വനിയമവിഷയം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഒട്ടും അനുകൂലമാകില്ലെന്ന തിരിച്ചറിവോടുകൂടിയാണ് ബിജെപി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തിയത്. പൗരത്വനിയമത്തെക്കുറിച്ച് പ്രകടനപത്രികള്‍ ഒരക്ഷരം പറയാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയെങ്കിലും കരുതലോടെയായിരുന്നു നീക്കം. തദ്ദേശീയരായ അസമിയ വിഭാഗങ്ങളുടെ വികാരങ്ങള്‍ പരിഗണിക്കാതെ ധ്രുവീകരണത്തിന് തുനിഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയം ബി.ജെ.പിക്കുണ്ടായിരുന്നു.

പൗരത്വ നിയമം ചര്‍ച്ചക്ക് വച്ചാല്‍ വടക്കന്‍ അസമിലും അപ്പര്‍ അസമിലും കനത്ത തിരിച്ചടിയുണ്ടാകുമെന്നും അവര്‍ ഭയന്നിരുന്നു. അസമിലെ തദ്ദേശീയര്‍ക്ക് ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളാണ് ഭീഷണിയെന്ന പ്രചാരണമായിരുന്നു ബി.ജെ.പി നടത്തിയത്. ഒപ്പം വികസനമുദ്രാവാക്യം പ്രധാന ചര്‍ച്ചാവിഷയമായി ഉയര്‍ത്തുകയും ചെയ്തു. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ ഗുണം ചെയ്തു എന്നാണ് ഫലം നല്‍കുന്ന സൂചന.