കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ നീക്കം. പശ്ചിമ ബംഗാളില്‍ ഈ മാസവും അടുത്ത മാസവുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ ബിജെപി പ്രവേശം. 

ബംഗാളിന്റെ ചുമതലയുള്ള കൈലാഷ് വിജയവര്‍ഗീയ കഴിഞ്ഞ ദിവസം മിഥുന്‍ ചക്രവര്‍ത്തിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. 

70-കാരനായ മിഥുന്‍ ചക്രവര്‍ത്തിക്ക് ബംഗാളില്‍ വലിയ ആരാധകരുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുന്‍ ചക്രവർത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇന്ന് ബിജെപിയില്‍ ചേരുമെന്ന കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.

Content Highlights: Actor Mithun Chakraborty Joins BJP Ahead Of PM Modi’s Brigade Rally