കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ ബാക്കിയുള്ള നാലു ഘട്ട വോട്ടെടുപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പിന് മുന്‍പ് നിശ്ശബ്ദ പ്രചാരണത്തിനുള്ള സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കും. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ല.

കോവിഡ് വ്യാപനത്തിനിടയിലും പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ ജനക്കൂട്ടങ്ങള്‍ കാണപ്പെടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വോട്ടെടുപ്പിന്റെ ബാക്കിയുള്ള ഘട്ടങ്ങള്‍ ഒറ്റഘട്ടമായി നടത്താനുള്ള ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 

സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം. റാലികളിലുള്ള സമ്മേളനങ്ങളിലും പങ്കെടുക്കുന്നവര്‍ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

ഇനി പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് ഏപ്രില്‍ 17, 22, 26, 29 എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് ബാക്കിയുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ നാലു ഘട്ടങ്ങളും ഒരുമിച്ച് നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ബിജെപി എതിര്‍ത്തിരുന്നു.

Content Highlights: 72-Hour Silence Period- Bengal Over Covid 19