ചെന്നൈ: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് അണ്ണാ ഡിഎംകെ. വീണ്ടും അധികാരത്തിലെത്തിയാല്‍ സി.എ.എ. പിന്‍വലിക്കാനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അണ്ണാ ഡിഎംകെ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച ചോദ്യത്തിന് 'സഖ്യം വേറെ നിലപാട് വേറെ' എന്ന മറുപടിയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നല്‍കിയത്.

സി.എ.എയ്ക്ക് അനുകൂലമായി കവലകള്‍ തോറും പൊതുയോഗങ്ങള്‍ നടത്തിയ പാര്‍ട്ടിയാണ് അണ്ണാഡിഎംകെ. ലോക്സഭയിലും രാജ്യസഭയിലും നിയമത്തെ അനുകൂലിച്ച് വോട്ടും ചെയ്തു. എന്നാല്‍ ബി.ജെ.പിയുമായുള്ള സഖ്യവും സി.എ.എ. അനുകൂല നിലപാടും തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അണ്ണാ ഡിഎംകെ പുതിയ വാഗ്ദാനവുമായി രംഗത്ത് വന്നത്. 

ഇതോടെ പ്രതിസന്ധിയിലായത് ബി.ജെ.പി.യാണ്. 234 സീറ്റുള്ള തമിഴ്നാട് നിയമസഭയിലേയ്ക്ക് അണ്ണാഡിഎംകെയുമായി സഖ്യം ചേര്‍ന്ന ബി.ജെ.പി. 20 സീറ്റിലാണ് മത്സരിക്കിക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ സി.എ.എ. വിരുദ്ധ നിലപാടിനുകൂടി വോട്ട് ചെയ്യേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി അനുഭാവികളെത്തും.

നേരത്തേ സി.എ.എ. വിരുദ്ധ സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ബി.ജെ.പി. ദേശീയ നേതൃത്വം ഇതിനെതിരെ പ്രതികരിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ മൗനവും അന്ന് ചര്‍ച്ചയായി. സി.എ.എ. വിരുദ്ധ നിലപാട് ശക്തമായി തുടരുമെന്ന ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്.

Content Highlights; Will convince Centre to drop CAA, AIADMK in poll manifesto